തിരയുക

സങ്കീർത്തനചിന്തകൾ - 118 സങ്കീർത്തനചിന്തകൾ - 118 

വിജയം നൽകുന്ന ദൈവത്തിന് നന്ദി

വചനവീഥി: നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

രാജാവും ജനങ്ങളും ദേവാലയത്തിലേക്കുള്ള പ്രദക്ഷിണയാത്രയിൽ ആലപിച്ച ഒരു സങ്കീർത്തനമാണിത്. ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് വ്യക്തമായി ഇതിൽ പറയുന്നുണ്ട്. ഒപ്പം ആഘോഷമായ ആരാധനവസരത്തിൽ ഉപയോഗിക്കുന്ന ഒരു കൃതജ്ഞതാഗീതവുമാണിത്. ദാവീദ്‌ രാജാവുതന്നെയാകാം ഈ സങ്കീർത്തനത്തിന്റെയും രചയിതാവ്. ഭൂമിയിലെ എല്ലാ അധികാരങ്ങളും, കൂടെ നിൽക്കുമെന്ന് കരുതിയ ആളുകളും സഹായത്തിനെത്താതെ, പരാജയത്തിലേക്കും ദുരിതങ്ങളിലേക്കും ജീവിതം നിപതിച്ചേക്കാമായിരുന്ന അവസരത്തിൽ കർത്താവിന്റെ വലതുകരം തന്നെ താങ്ങി നിറുത്തിയതിനും, കർത്താവിന്റെ നാമത്തിൽ ശത്രുക്കളുടേമേൽ വിജയം വരിക്കാനായതിനുമുള്ള ഒരു കൃതജ്ഞതയാണിവിടെ നാം കാണുന്നത്. തന്റെ ശിഷ്യന്മാർക്കൊപ്പം പെസഹാ ആചരിക്കുന്ന വേളയിൽ ക്രിസ്തുവും ആലപിച്ച ഒരു സങ്കീർത്തനമാണിത്. തന്റെ വേദനകളുടെ കാൽവരിയിൽ പിതാവിന്റെ വലതുകരമാണ് ക്രിസ്തുവിനെ താങ്ങിയത്. പണിക്കാർ ഉപേക്ഷിച്ചെങ്കിലും, ലോകത്തിന് രക്ഷാശിലയായി മാറിയതും അവനായിരുന്നല്ലോ.

യാഹ്‌വെയുടെ ഒരിക്കലും അവസാനിക്കാത്ത കാരുണ്യം

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ നാലുവരെയുള്ള വാക്യങ്ങൾ യാഹ്‌വെ എന്ന ദൈവത്തിന് നന്ദി പറയാൻ ജനങ്ങൾക്കുള്ള സങ്കീർത്തകന്റെ ക്ഷണമാണ്. "കർത്താവിന് കൃതജ്ഞത അർപ്പിക്കുവിൻ; അവിടുന്ന് നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു" എന്ന ഒന്നാം വാക്യം സങ്കീർത്തനത്തിന്റെ മുഴുവൻ സത്വവും ഉൾക്കൊള്ളുന്നുണ്ട്. യാഹ്‌വെയുടെ കാരുണ്യം ശാശ്വതമാണ്. മൂന്ന് തരം ആളുകളോടാണ് സങ്കീർത്തകന്റെ ആഹ്വാനം. ഒന്നാമതായി ദൈവത്തിന്റെ കാരുണ്യം സ്വീകരിച്ച ഇസ്രായേൽ എന്ന ദൈവജനത്തോടാണ് ഈ ആഹ്വാനം. രണ്ടാമത്, ദൈവവുമായി കൂടുതൽ അടുത്തുനിൽക്കുന്ന അഹറോന്റെ ഭവനം, അതായത്, പുരോഹിതർക്കാണ് ദൈവത്തിന്റെ കാരുണ്യത്തെ സ്തുതിക്കുവാനുള്ള ക്ഷണം. ഇനിയും മൂന്നാമതായി കർത്താവിന്റെ, അതായത് യാഹ്‌വെയുടെ ഭക്തന്മാർക്കാണ് ഈ ആഹ്വാനം. ഇസ്രായേൽജനത്തിന് പുറത്തുള്ള ആളുകളും യാഹ്‌വെ എന്ന ദൈവത്ത അറിയുകയും അവൻ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് നൽകുന്ന കാരുണ്യത്തെ തിരിച്ചറിയുകയും, അവനെ ഭക്തിയോടെ നോക്കിക്കാണുകയും ചെയ്തിരുന്നു.

ദൈവത്തോടുള്ള ആത്മാർത്ഥമായ പ്രാർത്ഥനയും ദൈവത്തിന്റെ ഉത്തരവും

തന്റെ അപകടകാലത്ത് എന്തുമാത്രം തീക്ഷ്ണതയോടെയാണ് താൻ ദൈവത്തോട് പ്രാർത്ഥിച്ചതെന്നും, തന്റെ ജീവനുതന്നെ ഭീഷണിയാകുന്ന രീതിയിൽ തന്നെ ഞെരുക്കിയ ജനതകളിൽനിന്നും ദൈവം തന്നെ സംരക്ഷിച്ചതും, ദൈവനാമത്തിൽ അവരെ തനിക്ക് തോൽപ്പിക്കാനായതുമാണ് അഞ്ചുമുതൽ പതിനാലുവരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ വിവരിക്കുന്നത്. "അവരെന്നെ വലയം ചെയ്തു; എല്ലാ വശത്തുംനിന്ന് അവരെന്നെ വളഞ്ഞു. തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുൾപ്പടർപ്പിനു പിടിച്ച തീപോലെ അവർ ആളിക്കത്തി" മാനുഷികമായ ശക്തിയോ, സ്വന്തം മനക്കരുത്തോ കൊണ്ട് അതിജീവിക്കാനാകാത്ത ഒരു അവസ്ഥയിൽ അകപ്പെട്ട മനുഷ്യന്റെ അവസ്ഥയെ ആണ് സങ്കീർത്തകൻ വർണ്ണിക്കുന്നത്. എന്നാൽ ദൈവത്തിന്റെ കരങ്ങൾ തന്നെ കൈവിട്ടില്ല എന്ന് അവൻ ഏറ്റുപറയുന്നുണ്ട്. "കർത്താവിന്റെ നാമത്തിൽ ഞാനവരെ നശിപ്പിച്ചു, കർത്താവിന്റെ നാമത്തിൽ ഞാനവരെ വിച്ഛേദിച്ചു". പതിമൂന്നും പതിനാലും വാക്യങ്ങൾ കൂടുതൽ വ്യക്തമായി ഈയൊരാശയം പറഞ്ഞുതരുന്നുണ്ട്. "അവർ തള്ളിക്കയറി; ഞാൻ വീഴുമായിരുന്നു; എന്നാൽ കർത്താവ് എന്റെ സഹായത്തിനെത്തി. കർത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്; അവിടുന്ന് എനിക്ക് രക്ഷ നൽകി." തന്റെ സഹനത്തിനും കുരിശുമരണത്തിനും മുൻപുള്ള മണിക്കൂറുകളിൽ ശിഷ്യർക്കൊപ്പം ക്രിസ്‌തു എത്രമാത്രം ഹൃദയത്തിൽ തട്ടിയാകണം ഈ വാക്കുകൾ ആവർത്തിച്ചത്. "മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നതാണ് നല്ലത്" എന്ന് സങ്കീർത്തകനെക്കൊണ്ട് പറയിപ്പിക്കുന്നതും ദൈവം നൽകിയ സഹായവും രക്ഷയുമാണ്. ദൈവം കൂടെയുണ്ടെങ്കിൽ ആരാണ് നമുക്കെതിരായി നിൽക്കുക?

മരണത്തിൽനിന്ന് രക്ഷിക്കുന്ന ദൈവം

പതിനഞ്ചുമുതൽ പതിനെട്ടുവരെയുള്ള വാക്യങ്ങൾ മരണത്തിൽനിന്ന് പോലും രക്ഷനൽകുന്ന ദൈവത്തെക്കുറിച്ചാണ്. തന്റെ ശക്തമായ വലതുകരം കൊണ്ട് ദൈവം തങ്ങളെ രക്ഷിച്ചു എന്ന് നീതിമാന്മാർ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഇനിയും നിശബ്ദതയിൽ തുടരാൻ അവർക്കാവില്ല. ശിക്ഷയ്ക്കർഹനായ മനുഷ്യന് പോലും ദൈവം നൽകുന്നത് മരണകരമായ വിധിയല്ല, മറിച്ച് രക്ഷയിലേക്ക് നയിക്കുന്ന പരിഹാരമാർഗ്ഗങ്ങളാണ്. മരണത്തെക്കാൾ ശക്തമാണ് ദൈവത്തിന്റെ വിടുതൽ നൽകുന്ന കരങ്ങൾ.

ദേവാലയവും പ്രാർത്ഥനയും

പത്തൊൻപതുമുതൽ ഇരുപത്തിയഞ്ചു വരെയുള്ള വാക്യങ്ങൾ ദേവാലയവാതിൽക്കൽ സങ്കീർത്തകനും പുരോഹിതരും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ മാതൃകയിലുള്ളതാണ്. ദൈവത്തിന് നന്ദിയുടെ ബലിയർപ്പിക്കുവാനായാണ് സങ്കീർത്തകൻ എത്തിയിരിക്കുന്നത്. നീതിമാന്മാരായ മനുഷ്യരാണ് ദൈവത്തിന് നന്ദി പറയാൻ അവിടുത്തെ വാതിലിലൂടെ കടക്കുക. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട നീതിമാനായ മനുഷ്യന് നന്ദിയുടെ വാക്കുകളും ബലിയും ദൈവത്തിനർപ്പിക്കാതിരിക്കാനാകില്ല.

"പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു." പുതിയ നിയമത്തിൽ പലവുരു ഉദ്ധരിക്കപ്പെടുന്ന ഈ വചനം ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു പ്രവചനമാകുന്നുണ്ട്. പഴയനിയമത്തിൽ യാക്കോബിനെയും പൂർവ്വയൗസേപ്പിനെയും, ദാവീദിനെയും പോലെ, ക്രിസ്തുവും സ്വന്തം ജനമെന്ന് കരുതുന്നവരാലാണ് തിരസ്കരിക്കപ്പെടുന്നത്. എങ്കിലും ദൈവം അവനെ അവർക്ക് മുകളിൽ ഉയർത്തി. സാധാരണ മനുഷ്യന്റെ ദൃഷ്ടിയിൽ കർത്താവിന്റെ പ്രവൃത്തികൾ വിസ്മയാവഹമാണ്, മനസ്സിലാക്കാൻ എളുപ്പമല്ലാത്തവയാണ്. ദേവാലയത്തിനുള്ളിൽ സങ്കീർത്തകന്റെ പ്രാർത്ഥന ഒരിക്കൽക്കൂടി അവന്റെ ദൈവവിശ്വാസവും ശരണവും വ്യക്തമാക്കുന്നതാണ്. "കർത്താവെ ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങൾക്ക് വിജയം നൽകേണമേ!

പുരോഹിതരിലൂടെ ദൈവാനുഗ്രഹവും ദാവീദിന്റെ നന്ദിയും

ഇരുപത്തിയാറുമുതൽ ഇരുപത്തിയൊൻപതു വരെയുള്ള വാക്യങ്ങളിൽ ദേവാലയത്തിൽ ദൈവത്തോട് പ്രാർത്ഥനയ്ക്കായി എത്തിയ സങ്കീർത്തകനെ അനുഗ്രഹിക്കുന്ന പുരോഹിതരെയും, അവരിലൂടെ ലഭിച്ച ദൈവാനുഗ്രഹത്തിന് നന്ദിയുടെ വാക്കുകൾ ഉച്ചരിക്കുന്ന ദാവീദിനെയുമാണ് നാം കണ്ടുമുട്ടുന്നത്. "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ; ഞങ്ങൾ കർത്താവിന്റെ അലയത്തിൽനിന്നു നിങ്ങളെ ആശീർവ്വദിക്കും. കർത്താവാണ് ദൈവം; അവിടുന്നാണ് നമുക്ക് പ്രകാശം നൽകിയത്, മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിൻ; ബലിപീഠത്തിങ്കലേക്ക് നീങ്ങുവിൻ". പുതിയനിയമത്തിലും നാം ഏതാണ്ട് ഇതേ വാക്കുകൾ കാണുന്നുണ്ട്. ജെറുസലേമിലേക്ക് പ്രവേശിക്കുന്ന യേശുവിന് മുന്നിലും ആർപ്പുവിളികളുമായി ആളുകൾ എത്തുന്നുണ്ട്. മത്തായിയുടെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായം ഒൻപതാം വാക്യത്തിൽ ഇങ്ങനെയാണ് നാം വായിക്കുന്നത്. "യേശുവിന് മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ!" ദൈവനാമത്തിൽ വരുന്ന വിമോചകനെ അനുഗ്രഹാശിസ്സുകളോടെ പരിശുദ്ധമായ ഇടത്തിലേക്ക് സ്വാഗതം ചെയ്യുകയാണവർ.

ദേവാലയത്തിൽവച്ച് പുരോഹിതരിലൂടെ ദൈവാനുഗ്രഹം ലഭിച്ച സങ്കീർത്തകൻ കൃതജ്ഞതയുടെ ബലിയർപ്പിക്കുമെന്ന തീരുമാനം അറിയിക്കുന്നതാണ് ഇരുപത്തിയെട്ടാം വാക്യം. തന്നെ അപകടങ്ങളിൽനിന്ന് രക്ഷിച്ച, കരുണയോടെ തന്നെ അനുഗ്രഹിക്കുന്ന ദൈവം യാഹ്‌വെയാണെന്ന തിരിച്ചറിവിൽ ദാവീദ് കൂടുതൽ വിനയാന്വിതനാവുകയാണ്. അനുഗ്രഹങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്തുന്നത് കൂടുതൽ ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്നതിനുവേണ്ടി മാത്രമല്ല, മറിച്ച് ദൈവം നന്മയാണെന്ന തിരിച്ചറിവിന്റെ ഫലംകൂടിയാണ്. "കർത്താവിന് കൃതജ്ഞത അർപ്പിക്കുവിൻ; അവിടുന്ന് നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു" എന്ന ദൈവാരാധനയ്ക്കുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഇരുപത്തിയൊമ്പതാം വാക്യത്തോടെ സങ്കീർത്തനം അവസാനിക്കുകയാണ്.

സങ്കീർത്തനവും ജീവിതവും

സങ്കീർത്തനത്തിന്റെ ആദ്യ-അവസാന വാക്യങ്ങൾ നമ്മെ ക്ഷണിക്കുന്നത് കർത്താവിന് കൃതജ്ഞതയർപ്പിക്കുവാനാണ്. ജീവിതത്തിന്റെ തകർച്ചകളിലും, ശത്രുക്കൾ വലയം ചെയ്യുമ്പോഴും ദൈവത്തിൽ കൂടുതലായി ആശ്രയം വയ്ക്കാനും, തന്റെ ശക്തമായ വലതുകരത്താൽ അവൻ നമ്മെ മോചിപ്പിക്കുമെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകാനും നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം നമ്മെ ക്ഷണിക്കുന്നു. വിലയില്ലാത്തവരായും, കഴിവോ അഴകോ ഇല്ലാത്തവരായും ലോകം നമ്മെ പരിഹസിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമ്പോഴും, ദൈവത്തിന് മുന്നിൽ അതുല്യമായ മൂല്യമുള്ള മക്കളാണ് നാമെന്ന ചിന്തയാണ് സങ്കീർത്തനം നമ്മിൽ നിറയ്ക്കുന്നത്. ദൈവസന്നിധിയിൽ യോഗ്യതയോടെ ശുശ്രൂഷചെയ്യുവാൻ നമുക്കും കടമയും വിളിയുമുണ്ട്. അനന്തമായ ദൈവകാരുണ്യത്തിന് എന്നും സ്തുതി പാടുവാനും, ദൈവത്തിന് മുന്നിൽ വിലയുള്ളവരായി മാറുവാനും അങ്ങനെ ദൈവസന്നിധിയിൽ നീതിമാന്മാരായി വിധിക്കപ്പെടുവാനും നമുക്കും പരിശ്രമിക്കാം.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിപ്പതിനെട്ടാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

എല്ലാ അപകടങ്ങളിൽനിന്നും നമ്മുടെ ജീവനെ കാത്തുപരിപാലിക്കുന്ന ദൈവത്തിനുള്ള നന്ദിയുടെ ഒരു ഗീതമാണ് അടുത്തത്. ഗ്രഹാം വർഗ്ഗീസ് രചനയും സംഗീതവും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കെസ്റ്റർ.

എന്നെ കരുതുന്ന വിധങ്ങളോർത്താൽ…

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2022, 13:05