തിരയുക

അഫ്ഗാനിസ്ഥാനിലെ ഒരു ക്‌ളാസ് മുറിയിൽനിന്ന് അഫ്ഗാനിസ്ഥാനിലെ ഒരു ക്‌ളാസ് മുറിയിൽനിന്ന് 

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് സർവ്വകലാശാലാ വിദ്യാഭ്യാസം വിലക്കി താലിബാൻ

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും തിരിച്ചടിയായി പുതിയ നിർദ്ദേശവുമായി അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധികാരികൾ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശനങ്ങൾക്കും വിലങ്ങുതടിയായി അവിടുത്തെ താലിബാൻ ഭരണാധികാരികൾ സ്ത്രീവിദ്യാഭ്യാസത്തിന് തിരിച്ചടിയാകുന്ന പുതിയ വിലക്കേർപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുതിയ ഈ തീരുമാനപ്രകാരം സ്ത്രീകൾക്ക് ഇനിമുതൽ സർവ്വകലാശാലകളിൽ പ്രവേശനം സാധ്യമാകില്ല. കഴിഞ്ഞ വർഷം ഭരണം ഏറ്റെടുത്ത താലിബാൻ ഭരണകൂടം സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംബന്ധിച്ച് കൂടുതൽ മിതത്വമുള്ള നയങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ശരിയത്തെന്ന ഇസ്ലാമിക നിയമത്തിന്റെ കർശനമായ വ്യഖ്യാനമനുസരിച്ച് നിബന്ധനകൾ കർശനമാക്കുകയായിരുന്നു.

ഭരണകൂടനിയമമനുസരിച്ച്, മിഡിൽ സ്കൂളുകളിൽനിന്നും ഹൈസ്കൂളുകളിൽനിന്നും പെൺകുട്ടികളെ വിലക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പല ജോലികളിൽനിന്നും സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുജനങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച് കൂടുതൽ നിബന്ധനകൾ കൊണ്ടുവരികയും ചെയ്തിരുന്നു.

അൽ-ഖ്വയ്‌ദ നേതാവ് ഒസാമ ബിൻ ലാദനുമായി ബന്ധപ്പെട്ട വിഷയത്തിൽ 2001-ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം താലിബാനെ പുറത്താക്കിയിരുന്നെങ്കിലും കഴിഞ്ഞ വർഷം അമേരിക്കൻ സേന അഫ്ഗാനിസ്ഥാനില്നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് തിരികെ അധികാരത്തിലെത്തിയ താലിബാൻ നിയമങ്ങൾ വീണ്ടും കർശനമാക്കുകയായിരുന്നു.

ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് സിയാവുള്ള ഹാഷ്മി പങ്കുവെച്ച കത്തനുസരിച്ച്, സ്വകാര്യ, പൊതു സർവകലാശാലകളോട് സ്ത്രീകൾക്കുള്ള പ്രവേശനത്തിന്റെ നിരോധനം എത്രയും വേഗം നടപ്പാക്കണമെന്നും നിരോധനം നിലവിൽ വന്നാൽ മന്ത്രാലയത്തെ അറിയിക്കണമെന്നും അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാൻ മാനവികമായ പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, അന്താരാഷ്ട്രരംഗത്തുനിന്നുള്ള ധനസഹായങ്ങൾക്ക് പുതിയ ഈ നിയമം തിരിച്ചടിയായേക്കും. സ്കൂളുകൾ വീണ്ടും തുറക്കണമെന്നും സ്ത്രീകളുടെ അവകാശങ്ങൾ കൂടുതൽ മാനിക്കപ്പെടണമെന്നും അന്താരാഷ്ട്രസമൂഹം ആവശ്യപ്പെട്ടിരുന്ന സമയത്താണ് താലിബാന്റെ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുന്നത്. താലിബാൻ ഭരണം ഏറ്റെടുത്തശേഷം പെൺകുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം വിലക്കപ്പെട്ടിരുന്നെങ്കിലും നിരവധി പെൺകുട്ടികൾ പരീക്ഷ എഴുതിയിരുന്നു.

പുതിയ വിലക്കിനെ സംബന്ധിച്ച് സംസാരിച്ച ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുത്തെരെസ് തീരുമാനത്തെ അപലപിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിലും പൊതുസമൂഹത്തിലും സജീവപങ്കാളിത്തമില്ലാതെ എങ്ങനെയാണ് ഒരു രാജ്യത്തിന് വികസനവും സമൂഹം നേരിടുന്ന വെല്ലുവിളികളെ നേരിടാനും സാധ്യമാകുകയെന്ന് ചിന്തിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു. എല്ലാ അഫ്ഗാൻ പൗരന്മാരുടെയും അവകാശങ്ങൾ മാനിക്കുന്നത് വരെ താലിബാന് അന്താരാഷ്ട്രസമൂഹത്തിൽ നിയമാനുസൃത അംഗമാകുവാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2022, 16:13