തിരയുക

വനിതാ തൊഴിലാളികൾക്കുള്ള വിലക്കു മൂലം   അഫ്ഖാനിസ്ഥാനിൽ അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവർത്തന സംഘടനകൾ പ്രവർത്തനം നിറുത്തി വയ്ക്കാൻ നിർബന്ധിതമാകുന്നു. വനിതാ തൊഴിലാളികൾക്കുള്ള വിലക്കു മൂലം അഫ്ഖാനിസ്ഥാനിൽ അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവർത്തന സംഘടനകൾ പ്രവർത്തനം നിറുത്തി വയ്ക്കാൻ നിർബന്ധിതമാകുന്നു.  (ANSA)

അഫ്ഖാനിസ്ഥാനിൽ അനേകരുടെ ജീവൻ അപകടത്തിലാകും, ദുരിതാശ്വാസ സംഘടനകൾ!

വനിതാ ജീവനക്കാർക്കുള്ള വിലക്ക് താലിബാൻ പിൻവലിക്കണമെന്ന് അന്നാട്ടിലെ അന്താരാഷ്ട്ര മാനവ സേവന സംഘടനകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന സർക്കാരിതര മാനവസേവന സംഘടനകളിലെ വനിതാ ജീവനക്കാർക്കും താലിബാൻ വിലക്കേർപ്പെടുത്തിയത് പിൻവലിക്കാത്ത പക്ഷം അനേകം സ്ത്രികളുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലാകുമെന്ന് ഈ സംഘടനകൾ മുന്നറിയിപ്പു നല്കുന്നു.

താലിബാൻ ഭരണകൂടം ഡിസമ്പർ 24 -ന് വനിത ജോലിക്കാർക്ക് വിലക്കേർപ്പെടുത്തുന്ന നിരോധന ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രവർത്തനങ്ങൾ തല്ക്കാലത്തേക്ക്  നിറുത്തിവയക്കേണ്ടി വന്നിരിക്കയാണെന്ന് സേവ് ദ ചിൽറൻ (Save the Children), വേൾഡ് വിഷൻ ഇൻറർനാഷണൽ (World Vision International), കെയർ ഇൻറർനാഷണൽ  (CARE International)  നോർവേജിയൻ റെഫ്യൂജി കൗൺസിൽ (Norwegian Refugee Council -NRC) എന്നീ നാലു മാനവസേവന സംഘടനകൾ വെളിപ്പെടുത്തി.

ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിനു വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നിന് മഹിളാജോലിക്കാരില്ലാതെ സാധിക്കില്ലെന്ന് ഈ സംഘടനകൾ വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ കണക്കനുസരിച്ച് 4 കോടി 10 ലക്ഷത്തോളം ജനസംഖ്യയുള്ള അഫ്ഗാനിസ്ഥാനിൽ മാനവികസഹായം ആവശ്യമുള്ളവർ 2 കോടി 80 ലക്ഷം വരും. ഇത് അന്നാട്ടിലെ മൊത്ത ജനസംഖ്യയുടെ പകുതിയിലേറെയാണ്.  ഇവരിൽ 1 കോടി 40 ലക്ഷത്തോളം കുട്ടികളുമുണ്ട്.

മാനവസേവന സംഘടനകളിലെ വനിതാജീവനക്കാരെ നിരോധിച്ച നടപടി അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടു. ഇത് അന്താരാഷ്ട്ര മാനവികാവകാശങ്ങളിൽ അടങ്ങിയിട്ടുള്ള കടമകളുടെയും അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളുടെയും നഗ്നമായ ധ്വംസനമാണെന്ന്  ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF) അപലപിച്ചിരുന്നു.

താലിബാൻ ഭരണകൂടം സ്ത്രീവിരുദ്ധ നടപടികളുമായി മുന്നേറുന്നതാണ് അഫ്ഗാനിസ്ഥാനിൽ കണ്ടുവരുന്നത്. പെൺകുട്ടിക്കൾക്ക് സർവ്വകലാശാല വിദ്യഭ്യാസവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ഡിസമ്പറിൽ ഇറങ്ങിയരുന്നു. തലസ്ഥാനമായ കാബൂളിലെ പാർക്കുകൾ, വ്യായമശാലതൾ അഥവാ, ജിമ്മുകൾ, പൊതു കുളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് നവമ്പറിൽ ഉത്തരവ് ഇറക്കിയിരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2023, 10:32