തിരയുക

സങ്കീർത്തനചിന്തകൾ - 24 സങ്കീർത്തനചിന്തകൾ - 24 

അത്യുന്നതദൈവത്തിന്റെ ഭവനം

വചനവീഥി: ഇരുപത്തിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഇരുപത്തിനാലാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദേവാലയപ്രവേശനവുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവയ്ക്കുന്ന ഒരു സങ്കീർത്തനമാണിത്. ജെറുസലേം ദേവാലയത്തിലേക്ക് ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ടുള്ള ആഘോഷപ്രദമായ പ്രവേശനത്തെക്കുറിച്ച് ദാവീദ് എഴുതിയതാണ് ഇരുപത്തിനാലാം സങ്കീർത്തനം എന്നാണ് കരുതപ്പെടുന്നത്. ഈ പേടകത്തിൽ അദൃശ്യസാന്നിധ്യമായി നിലകൊണ്ട മഹത്വത്തിന്റെ രാജാവായ ദൈവം ജനങ്ങളാൽ അനുഗതനായി ദൈവഭവനമായ ദേവാലയത്തിലേക്ക് ആരോഹണം ചെയ്യുന്നു. ദേവാലയപ്രവേശനത്തിനുള്ള മുൻവ്യവസ്ഥകളെക്കുറിച്ച് ഈ സങ്കീർത്തനത്തിൽ പ്രതിപാദിക്കുന്നത് നമുക്ക് കാണാം.ദേവാലയത്തിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ട് തീർത്ഥാടകരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്ന ആളുകൾ വിളിച്ചുപറയുന്ന സന്ദേശം എന്ന രീതിയിലാണ് ഇവിടെ സങ്കീർത്തനവാക്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സത്യം പറയുന്ന, നിർമ്മലമായ ഹൃദയവും കളങ്കമറ്റ കരങ്ങളും ഉള്ള, ജീവിതത്തിൽ ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യരാണ് ദേവാലയത്തിന്റെ വിശുദ്ധിയിൽ, ദൈവസാന്നിദ്ധ്യത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ.

പ്രപഞ്ചസൃഷ്ടാവായ ദൈവം

ഈ ഭൂമിയുടെയും അതിലെ സകലത്തിന്റെയും സൃഷ്ടാവും നാഥനുമാണ് ദൈവം. സൃഷ്ടികർമ്മത്തെക്കുറിച്ച് ഉത്പത്തിപുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ നാം വായിക്കുന്ന ആശയങ്ങളുമായി ബന്ധപ്പെട്ട് ദൈവത്തിന്റെ ഔന്ന്യത്യം വിളിച്ചോതുകയാണ് സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിലൂടെ ദാവീദ്: "ഭൂമിയും അതിലെ സമസ്‌ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റേതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്" (സങ്കീ. 24, 1-2). ദേവാലയവും ദൈവസാന്നിദ്ധ്യവും പ്രപഞ്ചസൃഷ്ടിയെത്തന്നെയാണ് അനുസ്മരിപ്പിക്കുന്നത്. "ലോകവും അതിലുള്ള സമസ്തവും എന്റേതാണ്" എന്ന് അമ്പതാം സങ്കീർത്തനത്തിന്റെ പന്ത്രണ്ടാം വാക്യത്തിൽ കർത്താവ് അരുളിച്ചെയ്യുന്നുണ്ട്. എൺപത്തിയൊൻപതാം സങ്കീർത്തനം പതിനൊന്നാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: "ആകാശം അങ്ങയുടേതാണ്, ഭൂമിയും അങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണ് സ്ഥാപിച്ചത്" (സങ്കീ. 89, 11). "ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും നിന്റെ ദൈവമായ കർത്താവിന്റേതാണ്" (നിയമ. 10, 14) എന്ന് നിയമവാർത്തനാപുസ്തകം പത്താം അദ്ധ്യായം പതിനാലാം വാക്യത്തിലും നാം വായിക്കുന്നുണ്ട്. ഏശയ്യാ പ്രവാചകൻ തന്റെ നാല്പത്തിരണ്ടാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ ദൈവത്തെക്കുറിച്ച് വർണ്ണിക്കുന്നത് ഇങ്ങനെയാണ്: "ആകാശത്തെ സൃഷ്ടിച്ചു വിരിച്ചു നിർത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികൾക്ക്‌ ജീവൻ നൽകുകയും അതിൽ ചരിക്കുന്നവർക്ക് ആത്മാവിനെ നൽകുകയും ചെയ്യുന്ന ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു" (ഏശയ്യാ 42, 5). അങ്ങനെ വിശുദ്ധഗ്രന്ഥത്തിന്റെ വിവിധ ഭാഗങ്ങളിൽ നാം വായിക്കുന്ന, സൃഷ്ടലോകത്തിന്റെ ആരാധനയ്‌ക്കും സ്തുതിക്കും അർഹനായ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് ദാവീദ് ഈ സങ്കീർത്തനവും ആരംഭിക്കുന്നത്. ദാവീദിന്റേത് ഭൂമിയിലെ നിരവധി രാജ്യങ്ങളിൽ ഒരു ചെറു രാജ്യം മാത്രമായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഈ പ്രപഞ്ചം മുഴുവന്റെയും സൃഷ്ടാവും നാഥനുമായ ദൈവം തിരഞ്ഞെടുത്ത ജനത്തിന്റെ രാജാവാണ് അവൻ

വിശ്വാസികളും ദേവാലയവും

ദേവാലയത്തിൽ, അത്യുന്നതനായ ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രവേശിക്കാനും അവിടെ നിൽക്കാനും ആർക്കാണ് അവകാശവും യോഗ്യതയുമുള്ളത്, ആരാണ് ദൈവത്തിന് സ്വീകാര്യരായ മനുഷ്യർ എന്നീ കാര്യങ്ങളാണ് സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ ആറുവരെയുള്ള വാക്യങ്ങളിൽ ദാവീദ് എഴുതിവയ്ക്കുക: "കർത്താവിന്റെ മലയിൽ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നിൽക്കും? കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയവും ഉള്ളവൻ, മിഥ്യയുടെമേൽ മനസ്സ് പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ. അവന്റെ മേൽ കർത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് യാക്കോബിന്റെ ദൈവത്തെ തേടുന്നത്" (സങ്കീ. 24, 3-6). നിർമ്മലമായ പ്രവൃത്തികളും, വിചാരങ്ങളും ഉള്ളവർക്കാണ് സീയോൻമലയിലേക്ക്, അവിടുത്തെ വിശുദ്ധ മന്ദിരത്തിലേക്ക് പ്രവേശിക്കാൻ യോഗ്യത. സത്യമായ ദൈവത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും, മിഥ്യയായ വിഗ്രഹാരാധനയെ അവർ തള്ളിക്കളയുകയും ചെയ്യേണ്ടതുണ്ട്. ദേവാലയത്തിലേക്കെത്തുന്ന ജനം തങ്ങളുടെ അയോഗ്യതകളെ തിരിച്ചറിയുന്നതിനൊപ്പം, നന്മയിലും സത്യത്തിലും ജീവിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെ ദൈവത്തിന് മുന്നിൽ ഏറ്റുപറയുന്നുണ്ട്. ഇസ്രയേലിന്റെ ദൈവത്തെ തങ്ങളുടെ നാഥനും കർത്താവുമായി അംഗീകരിക്കുന്നതുകൊണ്ടാണ് അവർ സീയോൻ മലയിലേക്കും, ദൈവസാന്നിധ്യമുള്ള അവിടുത്തെ വിശുദ്ധ ഭവനത്തിലേക്കും എത്തുന്നത്. നീതിപൂർവ്വവും വിശ്വാസാധിഷ്ഠിതവുമായ ജീവിതത്തിലൂടെ തന്നെ മഹത്വപ്പെടുത്തന്നവർക്ക് ദൈവം നൽകുന്ന സമ്മാനമാണ് അവിടുത്തെ മുന്നിൽ ലഭിക്കുന്ന സ്വീകാര്യത.

മഹത്വത്തിന്റെ രാജാവും ദേവാലയകവാടവും

ഉടമ്പടിയുടെ പേടകം ദേവാലയവാതിൽക്കലെത്തുമ്പോൾ അവിടെ ദൈവത്തിന് മുന്നിൽ അനുസരണത്തിന്റെയും ബഹുമാനത്തിന്റെയും ഉൾചിന്തകളോടെ നിലകൊള്ളാനും, എളിമയോടെ നിൽക്കാനും ദേവാലയവാതിലുകളോട് പോലും സങ്കീർത്തകൻ ആവശ്യപ്പെടുന്നു. ദേവാലയത്തെ പവിത്രീകരിക്കുന്നതും വിശുദ്ധമാക്കുന്നതും അതിൽ വസിക്കുന്ന ദൈവത്തിന്റെ സാന്നിദ്ധ്യമാണ്. ദേവാലയത്തെക്കാൾ പ്രധാനപ്പെട്ടത് ദൈവം തന്നെയാണെന്ന ഒരോർമ്മപ്പെടുത്താൽ കൂടിയാണ് സങ്കീർത്തനത്തിന്റെ ഏഴു മുതൽ പത്തുവരെയുള്ള വാക്യങ്ങൾ: “കവാടങ്ങളേ ശിരസ്സുയർത്തുവിൻ; പുരാതന കവാടങ്ങളേ ഉയർന്നു നിൽക്കുവിൻ, മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ! ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? പ്രബലനും ശക്തനുമായ കർത്താവ്, യുദ്ധവീരനായ കർത്താവു തന്നെ. കവാടങ്ങളേ ശിരസ്സുയർത്തുവിൻ, പുരാതന കവാടങ്ങളേ ഉയർന്നു നിൽക്കുവിൻ, മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ! ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? സൈന്യങ്ങളുടെ കർത്താവു തന്നെ; അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്" (സങ്കീ. 24, 7-10). ഇവിടെ ദേവാലയവാതിലുകൾക്ക് മാനുഷികത ആരോപിക്കപ്പെടുകയാണ്. വിജയശ്രീലാളിതനായി, മഹത്വത്തോടെ തന്റെ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനെത്തുന്ന രാജാവിനെ, നഗര, കൊട്ടാര വാതിലുകൾ മലർക്കെ തുറന്നു കാത്തിരിക്കുന്ന വിശ്വസ്‌തദാസരുടെയും പ്രജകളുടെയും മനോഭാവത്തോടെ, തന്നിലേക്ക് കടന്നുവരുന്ന ദൈവത്തിനായി അഭിമാനത്തോടെയും ഭക്തിയോടെയും ശിരസ്സുയർത്തി സ്വാഗതമരുളാൻ ദേവാലയവാതിലുകൾ ക്ഷണിക്കപ്പെടുകയാണ്. രണ്ടുവട്ടം ഈ ആഹ്വാനം ആവർത്തിക്കുന്നതിലൂടെ, ദൈവത്തെ തങ്ങളുടെ ഇടയിലേക്ക് സ്വീകരിക്കുന്നതിന്റെ പ്രാധാന്യമാണ് സങ്കീർത്തകൻ ഊന്നിപ്പറയുന്നത്. തന്റെ പ്രജകളാൽ സ്വാഗതം ചെയ്യപ്പെടുമ്പോഴും, സൈന്യങ്ങളാൽ അകമ്പടി സേവിക്കപ്പെടുമ്പോഴും അവിടുത്തെ മഹത്വത്തിന് കുറവുണ്ടാകുന്നില്ല. യുദ്ധവീരനായ, മഹത്വത്തിന്റെ, സൈന്യങ്ങളുടെ നാഥനാണ് ഇസ്രയേലിന്റെ കർത്താവ്.

കർത്താവിന്റെ നീതിമാന്മാർ പ്രവേശിക്കുന്ന കർത്താവിന്റെ കവാടത്തെക്കുറിച്ച് നൂറ്റിപ്പതിനെട്ടാം സങ്കീർത്തനത്തിൽ നാം വായിക്കുന്നുണ്ട് "നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; ഞാൻ അവയിലൂടെ പ്രവേശിച്ചു കർത്താവിനു നന്ദി പറയട്ടെ. ഇതാണ് കർത്താവിന്റെ കവാടം; നീതിമാന്മാർ ഇതിലൂടെ പ്രവേശിക്കുന്നു" (സങ്കീ. 118, 19-20).

സങ്കീർത്തനം ജീവിതത്തിൽ

ഇരുപത്തിനാലാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, ഇവിടെ പരാമർശിക്കപ്പെടുന്ന മൂന്ന് ചിന്തകളും വിശ്വാസജീവിതത്തിന്റെ പാതയിൽ നമുക്ക് സഹായമേകുന്നവയാണ്. ഇസ്രയേലിന്റെ നാഥനായ ദൈവത്തെ നമ്മുടെ രക്ഷകനും പരിപാലകനും കർത്താവുമായി സ്വീകരിക്കാൻ, അവനെ അറിയുകയും തിരിച്ചറിയുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഈ പ്രപഞ്ചത്തിന്റെയും അതിലെ സകലത്തിന്റെയും, നാമോരുത്തരുടേയും നാഥനും സൃഷ്ടാവുമായി കർത്താവിനെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യാൻ നമുക്ക് സാധിക്കണം. അവനെ ദൈവമായി സ്വീകരിക്കുന്നവർ, അവന്റെ നീതിക്കും സത്യത്തിനുമൊപ്പം ജീവിക്കണമെന്നും, അവനു മുന്നിൽ സ്വീകാര്യരായിരിക്കണമെന്നും സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ രണ്ടു കാര്യങ്ങൾക്കുമപ്പുറം, നമ്മുടെ ജീവിതം ദൈവത്തിന് പ്രിയങ്കരമാകണമെങ്കിൽ, സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് നാം കണ്ടതുപോലെ, എളിമയോടെയും അനുസരണത്തോടെയും, സ്നേഹത്തോടെയും അവനെ നാഥനായി സ്വീകരിക്കുവാനും, നമ്മുടെ ആത്മശരീരങ്ങൾ അവന്റെ വാസസ്ഥലമായി മാറാൻ നമ്മെത്തന്നെ പൂർണ്ണമായി അവനു സമർപ്പിക്കുകയും വേണം. ഹൃദയവും ആത്മാവും തുറക്കുക; മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2023, 16:12