തിരയുക

സൊമാലിയയിൽനിന്നുള്ള ഒരു ദൃശ്യം സൊമാലിയയിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

ഹോൺ ഓഫ് ആഫ്രിക്കയിൽ പോഷകാഹാരക്കുറവ്മൂലം ഇരുപത് ലക്ഷത്തോളം കുട്ടികളുടെ ജീവൻ ഭീതിയിൽ

എത്യോപ്യ, കെനിയ, സോമാലിയ എന്നെ രാജ്യങ്ങളിലായി എഴുപത് ലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം പുതുമുട്ടുന്നുവെന്ന് യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഹോൺ ഓഫ് ആഫ്രിക്കയിലെ എത്യോപ്യ, കെനിയ, സോമാലിയ എന്നീ രാജ്യങ്ങളിൽ മാത്രമായി അഞ്ചുവയസ്സിൽ താഴെയുള്ള എഴുപത് ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ ഏതാണ്ട് ഇരുപത് ലക്ഷത്തോളം കുട്ടികൾ മരണഭീതിയിലാണ്. ഈ മൂന്ന് രാജ്യങ്ങളിൽ മാത്രമായി രണ്ടുകോടി മുപ്പതു ലക്ഷത്തോളം ആളുകളാണ് ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ നാൽപ്പത് വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ വരൾച്ചയാണ് ഹോൺ ഓഫ് ആഫ്രിക്ക ഇത്തവണ നേരിട്ടത്. കുട്ടികളുടെ ജീവന് വിനാശകരമായ ഭീഷണിയുയർത്തുന്ന പ്രതിസന്ധിയിലൂടെയാണ് ഈ പ്രദേശം കടന്നുപോകുന്നതെന്ന് യൂണിസെഫിന്റെ മധ്യപൂർവ്വആഫ്രിക്കൻ പ്രദേശങ്ങളിലേക്കുള്ള റീജിയണൽ ഡയറക്ടർ മൊഹമ്മദ് ഫാൽ പ്രസ്താവിച്ചു.

സൊമാലിയയിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഏതാണ്ട് നാലരലക്ഷത്തോളം ആളുകളെ ഗുരുതരമായി ബാധിച്ചിരുന്നു. ഇവരിൽ ഏതാണ്ട് രണ്ടുലക്ഷത്തിലധികം ആളുകൾ കുടിയൊഴിക്കപ്പെട്ടു. 22 പേരാണ് ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞത്.

കനത്ത മഴയും വെള്ളപ്പൊക്കവും എത്യോപ്യയുടെയും വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾക്ക് കാരണമായി. പലയിടങ്ങളിലും ആളുകൾ കുടിയൊഴിക്കപ്പെട്ടു. കോളറ പകർച്ചവ്യാധി ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തമായി ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്നു.

ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിൽ കോളറ, അഞ്ചാംപനി, മലമ്പനി തുടങ്ങിയ രോഗങ്ങൾ മനുഷ്യജീവന് കനത്ത ഭീഷണിയുയർത്തിക്കൊണ്ട് തുടരുകയാണ്. മെയ് 24 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് മധ്യപൂർവ ആഫ്രിക്കൻ പ്രദേശങ്ങളിലെ പാരിസ്ഥിതിക, ഭക്ഷ്യ പ്രതിസന്ധികളെക്കുറിച്ചും, അവിടെ ശിശുക്കൾ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും യൂണിസെഫ് വിശദീകരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2023, 16:03