തിരയുക

കുടിയേറ്റക്കാർ അതിർത്തി കടക്കുന്ന ശ്രമത്തിൽ. കുടിയേറ്റക്കാർ അതിർത്തി കടക്കുന്ന ശ്രമത്തിൽ.   (AFP or licensors)

കുടിയേറ്റക്കാരുടെ ബോട്ടപകടം: കൊച്ചുകുട്ടികൾക്ക് ജീവ൯ നഷ്ടമായി

അഞ്ചും, ഏഴും, പത്തും വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് ഗ്രീസിലെ ചിയോസ് ദ്വീപിന്റെ തീരത്ത് നിന്ന് അഗ്നിശമന സേനാംഗങ്ങൾ ഏപ്രിൽ പത്താം തിയതി കണ്ടെടുത്തത്. 19 പേരെ രക്ഷപ്പെടുത്തി.

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ലാംപെദൂസയിൽ നിന്ന് മുപ്പത് മൈൽ തെക്ക് ഇന്നലെ വൈകുന്നേരം ഉണ്ടായ മറ്റൊരു കപ്പൽ തകർച്ചയോടു്  ചേർന്നു വരുന്ന ഈ അപകടം ദുരന്തത്തിന്റെ  ആക്കം കൂട്ടുന്നു. കടലിൽ തകർന്ന ഒരു കുടിയേറ്റ ബോട്ടപകടത്തിൽ നാല് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഒമ്പത് പേരുടെ ജീവ൯ പൊലിഞ്ഞു. രക്ഷപ്പെടുത്തിയവരിൽ ഇരുപത് വയസ്സ് പ്രായമുള്ള ഒരു യുവാവ് ശരീരോഷ്മാവിൽ ഉണ്ടായ വീഴ്ചമൂലം മരണമടഞ്ഞു. അപകടം അതിജീവിച്ച ഇരുപത്തി മൂന്ന് പേരെ തീരരക്ഷാ സേനയുടെ പട്രോളിംഗ് ബോട്ട് രക്ഷപ്പെടുത്തി. കാണാതായ പതിനഞ്ച് പേർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് പുറപ്പെട്ട ആഫ്രിക്ക൯ രാജ്യങ്ങളിൽ നിന്നുള്ള 46 കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. നിരാശയുടെ മറ്റൊരു കടൽ ദുരന്തം തങ്ങളുടെ ദ്വീപിനെ പിടിച്ചുകുലുക്കുന്നുവെന്നും അതൊരു എണ്ണാൻ പറ്റാത്തത്ര വലിയ സംഖ്യയായി മാറിയിരിക്കുന്നുവെന്നും ലാംപെദൂസ മേയർ ഫിലിപ്പോ മാനിനോ പറഞ്ഞു.

കുടിയേറ്റ ദുരന്തം സ്പാനിഷ് അതിർത്തിയിൽപെട്ട സിയൂട്ടയെയും ബാധിച്ചു. ഏപ്രിൽ പത്താം തിയതി അവിടെ  സബ്-സഹാറൻ വംശജരായ നൂറോളം കുടിയേറ്റക്കാരുടെ ഒരു സംഘം മൊറോക്കോയിൽ നിന്ന് എട്ട് കിലോമീറ്റർ നീളമുള്ള മതിലിന്റെ മുകളിലൂടെ കയറാൻ ശ്രമിച്ചു. അവരിൽ ഒരു ഡസൻ പേർ മണിക്കൂറുകളോളം പത്ത് മീറ്റർ ഉയരമുള്ള വേലിയിൽ പറ്റിപ്പിടിച്ചിരുന്നുവെങ്കിലും ആർക്കും സ്പാനിഷ് പ്രദേശത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. മൊറോക്കൻ ജെൻഡർമെറിയുടെയും സ്പാനിഷ് സിവിൽ ഗാർഡിന്റെയും ഇടപെടലിനെത്തുടർന്ന് കുടിയേറ്റക്കാരെ അതിർത്തിയിൽ തടയുകയും ആഫ്രിക്കൻ രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2024, 13:26