തിരയുക

വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അഫ്ഗാൻ സ്ത്രീത്വം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അഫ്ഗാൻ സ്ത്രീത്വം  (AFP or licensors)

അഫ്ഗാനിസ്ഥാൻ: സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾ ഇരുപത്തിരണ്ട് ലക്ഷത്തോളം

കഴിഞ്ഞ നാല് വർഷങ്ങളായി പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെയും സമീപരാജ്യങ്ങളിൽ അഭയാർത്ഥികളായിരുന്നവർ തിരിച്ചെത്തുന്നതിന്റെയും പശ്ചാത്തലത്തിൽ 2025 അവസാനത്തോടെ സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ എണ്ണം ഇരുപത്തിരണ്ട് ലക്ഷം കവിയുമെന്ന് യൂണിസെഫ്. സെപ്റ്റംബർ 17-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ശിശുക്ഷേമനിധി അദ്ധ്യക്ഷ കാതറിൻ റസ്സൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഫ്ഗാനിസ്ഥാന്റെ സമീപരാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്നവരിൽ ഇരുപത് ലക്ഷത്തിലധികം ആളുകൾ രാജ്യത്തേക്ക് തിരികെയെത്തിയതിന്റെയും രാജ്യത്തെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ, 2025 അവസാനത്തോടെ സ്കൂൾ വിദ്യാഭ്യാസരംഗത്തുനിന്ന് മാറ്റിനിറുത്തപ്പെട്ട പെൺകുട്ടികളുടെ എണ്ണം ഇരുപത്തിരണ്ട് ലക്ഷം കവിയുമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി സെപ്റ്റംബർ 17-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾ നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ശ്രീമതി റസ്സൽ അറിയിച്ചത്.

കഴിഞ്ഞ നാല് വർഷങ്ങളായി അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് ഉന്നതസ്‌കൂൾ വിദ്യാഭ്യാസസാധ്യത നിഷേധിക്കപ്പെട്ടത് രാജ്യത്തെ വിവിധ സേവനമേഖലകളിലുൾപ്പെടെ അസന്തുലിതാവസ്ഥയാണുളവാക്കുന്നതെന്ന് യൂണിസെഫ് അദ്ധ്യക്ഷ വ്യക്തമാക്കി. രാജ്യത്ത് അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ 1.172 പേരെങ്കിലും മരണമടഞ്ഞുവെന്ന് ഓർമ്മിപ്പിച്ച ശ്രീമതി റസ്സൽ, അവിടെ നടന്നവർ രക്ഷാപ്രവർത്തനങ്ങളിലും മറ്റു സേവനമേഖലകളിലും ആരോഗ്യ, സാമൂഹ്യപ്രവർത്തനമേഖലകളിൽനിന്നുള്ള സ്ത്രീകളുടെ സേവനം ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് പ്രസ്താവിച്ചു.

ലോകമെമ്പാടുമുള്ള പെൺകുട്ടികൾ ഈ മാസങ്ങളിൽ സ്‌കൂളുകളിലേക്കെത്തുമ്പോൾ, അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ജനസംഖ്യയുടെ പകുതിയോളം വിദ്യാഭ്യാസസാധ്യതകളിൽനിന്ന് മാറ്റിനിറുത്തപ്പെടുന്ന ഒരു വ്യവസ്ഥയിൽ ഒരു രാജ്യത്തിനും പുരോഗതി പ്രാപിക്കുക സാധ്യമല്ലെന്നും ശ്രീമതി റസ്സൽ ഓർമ്മിപ്പിച്ചു.

അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സ്‌കൂൾവിദ്യാഭ്യാസം മാത്രമല്ല, സാമൂഹ്യബന്ധങ്ങളും, വ്യക്തിത്വവളർച്ചയും, തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനുള്ള സാധ്യതകളുമാണ് നിഷേധിക്കപെടുന്നതെന്ന് യൂണിസെഫ് അദ്ധ്യക്ഷ പ്രസ്താവിച്ചു. രാജ്യത്ത് മാനസീകാരോഗ്യരംഗത്ത് കൂടുതലായി പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും, പ്രായപൂർത്തിയെത്തുന്നതിനുമുമ്പുള്ള വിവാഹങ്ങളും, ജനനനിരക്കും വർദ്ധിച്ചുവരുന്നുണ്ടെന്നും ശിശുക്ഷേമനിധി പ്രവർത്തകരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീമതി റസ്സൽ അറിയിച്ചു.

കഴിഞ്ഞ നാലുവർഷങ്ങളായി നിലനിൽക്കുന്നതും, പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസസാധ്യതകൾ നിഷേധിക്കുന്നതുമായ വിനാശകരമായ ഈ നിയമം പിൻവലിക്കണമെന്ന് യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിലൂടെ അഫ്ഗാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 സെപ്റ്റംബർ 2025, 14:33