തിരയുക

കോംഗോയിൽ നിന്നുള്ള കാഴ്ച്ച കോംഗോയിൽ നിന്നുള്ള കാഴ്ച്ച  (AFP or licensors)

കോംഗോയിൽ ജനജീവിതം അരക്ഷിതാവസ്ഥയിൽ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സായുധ സംഘമായ എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്) നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 89 പേർ മരിക്കുകയും, കവർച്ചയ്ക്കിടെ ഒരു പുരോഹിതൻ ആക്രമിക്കപ്പെടുകയും ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ മാസം എട്ടാം തീയതി രാത്രിയിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ ഭാഗത്തുള്ള നോർത്ത് കിവുവിലെ എൻടോയോ ഗ്രാമത്തെ ലക്ഷ്യമിട്ട് നടന്ന രക്തരൂക്ഷിതമായ ആക്രമണത്തിന് ശേഷം, ബുനിയയിലെ ഒരു സ്കൂളിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ ഒരു വൈദികൻ ക്രൂരമായി ആക്രമിക്കപ്പെട്ടു. വേണ്ടയോ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 89 പേർ മരിക്കുകയും, നിരവധി വീടുകളും വാഹനങ്ങളും തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.

കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളുമായ നിവാസികൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടാകുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനോട്  കൂറ് പുലർത്തുന്ന സായുധ വിമത ഗ്രൂപ്പായ എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ്)  ആണ് ഇതിന് കാരണമെന്ന് ആരോപിക്കപ്പെടുന്നു.

എൻടോയോയിലെ ആക്രമണത്തിനുശേഷം, ഏകദേശം 2,500 നിവാസികൾ പ്രദേശം ഉപേക്ഷിച്ച് 7 കിലോമീറ്റർ അകലെയുള്ള അടുത്തുള്ള ഖനന പട്ടണമായ മംഗുരെദ്ജിപയിൽ അഭയം തേടി. വടക്കൻ കിവുവിലും രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തും വർഷങ്ങളായി എഡിഎഫിന്റെ അക്രമം തുടരുകയാണെന്ന് പ്രദേശ വാസികൾ പറഞ്ഞു. "പ്രദേശം കൈവശപ്പെടുത്തുക" അല്ലെങ്കിൽ "എല്ലാ ആളുകളെയും മുസ്ലീങ്ങളാക്കി മാറ്റുക" എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.

അതേസമയം, ബുനിയയിലെ ഒരു സ്കൂളിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ, ഫാ. ജസ്റ്റിൻ ലോഗോയുടെ കൈക്ക് ഗുരുതര പരിക്കുകൾ ഏറ്റു. എങ്കിലും സൈനിക പട്രോളിങ്ങിനായി അലാറം മുഴക്കുവാൻ അദ്ദേഹത്തിന് സാധിച്ചതുകൊണ്ട്, കൊള്ളക്കാർ കടന്നുകളയുകയായിരുന്നു. സൈനികർക്ക് ക്രമസമാധാനം പുനസ്ഥാപിക്കുവാൻ കഴിയാത്തതിൽ വ്യാപകമായ പ്രതിഷേധവുമുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 സെപ്റ്റംബർ 2025, 12:51