സുഡാനിലെ വടക്കൻ ദാർഫൂറിൽ ഒരു മോസ്‌കിന് നേരെയുണ്ടായ ആക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്
സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ സിറ്റി
സുഡാനിലെ വടക്കൻ ദാർഫൂറിൽ അൽ ഫാഷറിലുള്ള അബു ഷൂക്ക് അഭയാർത്ഥി ക്യാമ്പിലെ ഒരു മോസ്‌കിന് നേരെ സെപ്റ്റംബർ 19-നുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 11 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ അറിയിച്ചു. ഇവിടെ പ്രഭാതപ്രാർത്ഥന നടത്തിക്കൊണ്ടിരുന്ന ആറുമുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ മോസ്കിനും അതിന് സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും, നിരവധി കുട്ടികൾക്ക് പരിക്കേറ്റതായും പ്രാദേശിക റിപ്പോർട്ടുകളെ അധികരിച്ച് സെപ്റ്റംബർ 22-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി വിശദീകരിച്ചു.
കഴിഞ്ഞ അഞ്ഞൂറ് ദിവസങ്ങളിലേറെയായി അൽ ഫാഷറിലെ കുട്ടികൾ, രാജ്യത്തെ ദ്രുതകർമ്മസേനയുടെ നിരന്തരമായ ഉപരോധത്തിന് കീഴിലാണെന്നും, അവർക്ക് ഭക്ഷണത്തിനോ കുടിവെള്ളത്തിനോ ആരോഗ്യ സംരക്ഷണത്തിനോ മതിയായ സൗകര്യങ്ങളില്ലെന്നും യൂണിസെഫ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഇവിടെയുള്ള മോസ്‌കിന് നേരെ നടന്നത് ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമായ ആക്രമണമാണെന്ന് ശിശുക്ഷേമനിധി അദ്ധ്യക്ഷ കുറ്റപ്പെടുത്തി. കുട്ടികൾ കാണാൻ പാടില്ലാത്ത ക്രൂരരംഗങ്ങൾക്കാണ് അവർ സാക്ഷികളായതെന്നും, ഈ ആക്രമണം ഏറെ സഹനങ്ങളിലൂടെ കടന്നുപോയ ഈ കുട്ടികളുടെ സുരക്ഷിതത്വബോധം ഇല്ലാതാക്കുന്ന ഒന്നാണെന്നും ശ്രീമതി റസ്സൽ എഴുതി.
എണ്ണായിരത്തി അഞ്ഞൂറോളം അഭയാർത്ഥികൾക്കും ആശുപത്രിയിലെ രോഗികൾക്കുമായി കുടിവെള്ളം കൊണ്ടുപോവുകയായിരുന്നു ഒരു ടാങ്കർ ലോറിക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്ന് യൂണിസെഫ് അറിയിച്ചു. യൂണിസെഫിന്റെ പിന്തുണയോടെ അവശ്യസാധനങ്ങൾ എത്തിച്ചേരുന്ന വാഹനങ്ങൾക്കുനേരെ ഇത് മൂന്നാം തവണയാണ് ആക്രമണമുണ്ടായതെന്ന് ശിശുക്ഷേമനിധി വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ പ്രദേശത്ത് മാനവികസഹായപ്രവർത്തനങ്ങളിലും ജീവൻരക്ഷാമേഖലകളിലും ഏർപ്പെട്ടിരിക്കുന്നവരുടെ ജീവന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു.
കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുകയും രോഗങ്ങൾ വർദ്ധിച്ചുവരികയും ചെയ്യുന്ന അവസരത്തിൽ ഇതുപോലെയുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നത്, ശുദ്ധജലലഭ്യതയ്ക്കുള്ള സാധ്യതകളെത്തന്നെയാണ് ഇല്ലാതാക്കുന്നതെന്നും, പലരും സുരക്ഷിതമല്ലാത്ത ജലസ്രോതസ്സുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുമെന്നും ഓർമ്മിപ്പിച്ച ശിശുക്ഷേമനിധി, ഇത്, കുട്ടികളെ മാരകമായ ജലജന്യരോഗങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്രമാനവികനിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട വീടുകളും സ്‌കൂളുകളും ആരാധനാലയങ്ങളും ആക്രമണലക്ഷ്യങ്ങളായി മാറുകയാണെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ്, കുട്ടികൾ, അവർ കാരണക്കാരല്ലാത്തതും, അവർക്ക് നിയന്ത്രിക്കാനാകാത്തതുമായ സംഘർഷങ്ങളിൽ കൊല്ലപ്പെടുകയും അംഗഭംഗത്തിന് ഇരകളാകുകയും മാനസീകമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഭീതികരമാണെന്ന് പ്രസ്താവിച്ചു.
കുട്ടികൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച യൂണിസെഫ്, ഓരോ കുട്ടിക്കും സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ടെന്നും, തങ്ങൾ അൽ ഫാഷറിലെയും സുഡാനിലെയും കുട്ടികൾക്കൊപ്പമാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: