കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ സ്‌കൂളുകൾക്ക് നേരെ നടന്നത് പതിനാലായിരത്തിലധികം ആക്രമണങ്ങൾ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ സംഘർഷബാധിതപ്രദേശങ്ങളിലെ പതിനാലായിരത്തിലധികം സ്‌കൂളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബർ 9-ന് ആചരിക്കുന്ന വിദ്യാഭ്യാസത്തെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് വിദ്യാഭ്യാസമേഖലയും അതുവഴി കുട്ടികളും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ശിശുക്ഷേമനിധി പ്രസ്താവന നടത്തിയത്.
2023-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്കൂളുകൾക്കെതിരായ ആക്രമണങ്ങൾ 44 ശതമാനം വർദ്ധിച്ചുവെന്ന് യൂണിസെഫ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായി ദിനം പ്രതി രണ്ട് സ്‌കൂളുകൾ വീതം ആക്രമണവിധേയമാകുന്നുണ്ടെന്ന് സംഘടന അറിയിച്ചു.
ഇപ്പോഴും തുടരുന്ന യുദ്ധത്തിന്റെ ഭാഗമായി ഗാസാ പ്രദേശത്തെ 95 ശതമാനം സ്‌കൂളുകളും ഭാഗികമായോ പൂർണ്ണമായോ തകർക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച യൂണിസെഫ്, 2025 ജൂലൈ മാസത്തിലെ കണക്കുകൾ പ്രകാരം കരീബിയൻ രാജ്യമായ ഹൈറ്റിയിൽ 1600 സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. സുഡാനിൽ തുടരുന്ന യുദ്ധം മൂലം അവിടെയുള്ള വിദ്യാർത്ഥികളിൽ 80 ശതമാനത്തിലധികവും സ്‌കൂളുകളിലേക്കെത്തുന്നില്ലെന്ന് ശിശുക്ഷേമനിധി എഴുതി.
2022 മുതൽ നാളിതുവരെ ഉക്രൈനിൽ മാത്രം 1700 സ്കൂളുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, അവയിൽ പലതും പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അറിയിച്ച യൂണിസെഫ്, ഇത്തരം ആക്രമണങ്ങൾ സുരക്ഷിതമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശമാണ് നിഷേധിക്കുന്നതെന്ന് അപലപിച്ചു.
സ്കൂളുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ, കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, കുട്ടികളെയും, സുരക്ഷിതമായ വിദ്യാഭ്യാസത്തിനായുള്ള അവരുടെ അവകാശത്തെയും നാം സംരക്ഷിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചകൾക്കൊടുവിൽ 2020-ലാണ് വിദ്യാഭ്യാസത്തെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം സ്ഥാപിക്കപ്പെട്ടത്. എല്ലാ വർഷവും സെപ്റ്റംബർ ഒൻപതിനാണ് ഇത് ആചരിക്കപ്പെടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: