തിരയുക

യുദ്ധഭൂമിയിൽ നിന്നുമുള്ള കാഴ്ച്ച യുദ്ധഭൂമിയിൽ നിന്നുമുള്ള കാഴ്ച്ച   (ANSA)

മാനസികാരോഗ്യം ഒരു അവകാശമാണ്: യൂണിസെഫ് സംഘടന

പൊതുജനാരോഗ്യത്തിന്റെ അനിവാര്യ ഘടകമായ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ലോക മാനസികാരോഗ്യ ദിനമായി ഒക്ടോബർ പത്താം തീയതി ആചരിക്കുന്നു. തദവസരത്തിൽ, യൂണിസെഫ് സംഘടന പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"അടിയന്തര സാഹചര്യങ്ങളിൽ മാനസികാരോഗ്യം" എന്ന പ്രമേയം അടിസ്ഥാനമാക്കി, ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ലോക മാനസികാരോഗ്യ ദിനമായി ഒക്ടോബർ പത്താം തീയതി ആചരിക്കുന്നു. തദവസരത്തിൽ, ലോകത്ത് ഈ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകത എടുത്തു പറഞ്ഞുകൊണ്ടും, മാനസിക രോഗികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടും, യൂണിസെഫ് സംഘടന പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

ആഗോളതലത്തിൽ ആറിൽ ഒരാൾ, അതായത് 473 ദശലക്ഷത്തിലധികം കുട്ടികൾ, സംഘർഷബാധിത പ്രദേശങ്ങളിൽ താമസിക്കുന്നുണ്ടെന്നും, യുദ്ധഭീകരത അവരിൽ കടുത്ത മനസിക അനാരോഗ്യം സൃഷ്ടിക്കുന്നുണ്ടെന്നും കുറിപ്പിൽ എടുത്തു പറഞ്ഞു.

മാനസികാരോഗ്യം ഒരു അവകാശമാണെന്നും, എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ, മാനസികാരോഗ്യത്തിനുള്ള അവകാശം ഗുരുതരമായ അപകടത്തിലാണെന്നും പത്രക്കുറിപ്പിൽ അടിവരയിട്ടു പറഞ്ഞു.  ആഗോളതലത്തിൽ, 10 നും 19 നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾക്ക് മാനസിക വൈകല്യം ഉണ്ടെന്നും, ലോകത്തിലെ പകുതിയോളം മാനസിക വൈകല്യങ്ങളും 18 വയസ്സിനു താഴെയുള്ളവരെയാണ് ബാധിക്കുന്നതെന്നും കുറിപ്പിൽ എടുത്തുപറഞ്ഞു.

ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, മാനസികാരോഗ്യ ബോധമുള്ള രക്ഷാകർതൃത്വത്തെ പിന്തുണയ്ക്കുന്നതിന് രാജ്യവ്യാപകമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അപമാനത്തെ ചെറുക്കുന്നതിന് പൊതുചർച്ച പ്രോത്സാഹിപ്പിക്കണമെന്നും, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പ്രതിരോധ, മനഃശാസ്ത്ര പിന്തുണ സേവനങ്ങൾ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും കൗമാരക്കാർക്കും അവ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നുമുള്ള വിവിധ ആവശ്യങ്ങളും കുറിപ്പിൽ അടിവരയിട്ടു പറയുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഒക്‌ടോബർ 2025, 12:47