തിരയുക

യൂറോപ്പിൽ ദാരിദ്ര്യം വർദ്ധിക്കുന്നു യൂറോപ്പിൽ ദാരിദ്ര്യം വർദ്ധിക്കുന്നു  (ANSA)

യൂറോപ്പിൽ കൂടുതൽ കുട്ടികൾ ദാരിദ്ര്യത്തിലേക്ക്: സേവ് ദി ചിൽഡ്രൻ സംഘടന

കഴിഞ്ഞ അഞ്ചുവർഷങ്ങളായി ദിനം പ്രതി 240 കുട്ടികൾ വീതം ദാരിദ്ര്യത്തിന്റെ ഇരകളായി മാറുകയാണെന്ന്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന ഒക്ടോബർ 14-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ദിനം പ്രതി 240 കുട്ടികൾ വീതം ദാരിദ്ര്യത്തിന്റെ പിടിയിലമരുകയാണെന്ന് സേവ് ദി ചിൽഡ്രൻ (Save the Children) അന്താരാഷ്ട്രസംഘടന. ഒക്ടോബർ 14 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യൂറോപ്പ് നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ച്, ലോകമെമ്പാടും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന പ്രസ്താവന നടത്തിയത്.

ഇറ്റലിയിലെ സാമൂഹ്യസ്ഥിതിവിവരക്കണക്കുകൾക്കായുള്ള പ്രസ്ഥാനം (ISTAT) പുറത്തുവിട്ട വിവരമനുസരിച്ച് 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന ബാലദാരിദ്ര്യനിരക്കാണ് യൂറോപ്പിൽ നിലനിൽക്കുന്നതെന്ന് സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. ഈയൊരു പ്രതികൂലാവസ്ഥയെ മറികടക്കാൻ തന്ത്രപരമായ ഇടപെടലുകൾ ആവശ്യമുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു.

കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി ഏതാണ്ട് നാലര ലക്ഷത്തോളം കുട്ടികളാണ് യൂറോപ്പിൽ ദാരിദ്ര്യമനുഭവിക്കുന്നതെന്ന് സേവ് ദി ചിൽഡ്രൻ അറിയിച്ചു. 2030-നുള്ളിൽ, ദാരിദ്ര്യത്തിന്റെ പിടിയിലായ കുട്ടികളുടെ എണ്ണം 5 കോടിയെങ്കിലും കുറയ്ക്കുക എന്ന ലക്ഷ്യമാണ് യൂറോപ്പ് മുന്നോട്ട് വച്ചിരുന്നതെന്ന് സംഘടന ഓർമ്മിപ്പിച്ചു.

യൂറോപ്പിൽ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 2019-ൽ ഒരുകോടി തൊണ്ണൂറ്റിയൊന്ന് ലക്ഷമായിരുന്നെങ്കിൽ, ഇന്ന് അത് ഒരുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷ്യമായി ഉയർന്നുവെന്ന്, തങ്ങൾ തയ്യാറാക്കിയ "കുട്ടികൾക്കിടയിലെ ദാരിദ്ര്യം: യൂറോപ്പിന് താങ്ങാനാകാത്ത വില" എന്ന റിപ്പോർട്ടിലൂടെ സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. ഇതനുസരിച്ച് യൂറോപ്പിലെ നാലിലൊന്ന് കുട്ടികൾ ദാരിദ്ര്യത്തിന്റെ ദുരിതഫലങ്ങൾ അനുഭവിക്കുന്നുണ്ട്.

ക്രമപ്രകാരം, ബൾഗേറിയ (35.1%), സ്പെയിൻ (34.6%), റൊമാനിയ (33.8%), ഗ്രീസ് (27.9%), ഇറ്റലി (27.1%) എന്നിവിടങ്ങളിലാണ് കൂടുതൽ കുട്ടികൾ ദാരിദ്ര്യവും സാമൂഹ്യരംഗത്തുനിന്നുള്ള പിന്തള്ളലും അനുഭവിക്കുന്നത്. ദാരിദ്ര്യം, കുട്ടികളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, സ്‌കൂൾ വിദ്യാഭ്യാസം, തൊഴിൽമേഖല തുടങ്ങിയ വിവിധ മേഖലകളിൽ പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്ന് സംഘടന ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഒക്‌ടോബർ 2025, 13:38