തിരയുക

ബംഗ്ലാദേശിൽ നിന്നുള്ള കാഴ്ച്ച ബംഗ്ലാദേശിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

മതമൗലികവാദങ്ങൾക്കും, അക്രമത്തിനുമെതിരെ ബംഗ്ലാദേശിൽ നിശബ്ദ റാലി

സമീപ ആഴ്ചകളിൽ, നിരവധി അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരെ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ, മതമൗലികവാദത്തിനും അക്രമത്തിനും എതിരെ പ്രതിഷേധിക്കാൻ ധാക്കയിൽ കത്തോലിക്കർ നിശബ്ദ റാലി നടത്തുന്നു. നവംബർ മാസം പതിനെട്ടാം തീയതിയാണ് റാലി സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പ്രസിദ്ധീകരിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ക്രൈസ്തവരാണെന്നതിന്റെ പേരിൽ നേരിടുന്ന വിവേചനത്തിനും, അക്രമങ്ങൾക്കും എതിരെ, ബംഗ്ലാദേശിലെ ധാക്ക അതിരൂപത്യയുടെ നേതൃത്വത്തിൽ, നവംബർ മാസം പതിനെട്ടാം തീയതി, വിശ്വാസികളും ഇടവക സമൂഹങ്ങളും സമാധാനത്തിനായി ഒരു നിശബ്ദ റാലി നടത്തുന്നു. ഒരു ക്രിസ്ത്യൻ സമൂഹമെന്ന നിലയിൽ, എല്ലാത്തരം മതമൗലികവാദത്തെയും അക്രമത്തെയും നിരാകരിക്കുന്ന, എല്ലാ സംസ്കാരങ്ങളുടെയും വംശീയ വിഭാഗങ്ങളുടെയും മതങ്ങളുടെയും അന്തസ്സിനെ ബഹുമാനിക്കുന്ന ഒരു ഉൾക്കൊള്ളുന്ന രാജ്യം കെട്ടിപ്പടുക്കാൻ ഈ റാലിയിൽ രാജ്യത്തോട് ആഹ്വാനം ചെയ്യുമെന്നു, ധാക്ക അതിരൂപതയുടെ സഹായമെത്രാൻ മോൺസിഞ്ഞോർ സുബോത്രോ ബോണിഫേസ് ഫീദെസ് വാർത്ത ഏജൻസിയോട് പറഞ്ഞു. സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള ക്രൈസ്തവരുടെ ആശങ്ക, ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും ഈ നിശബ്ദ റാലിക്ക് നേതൃത്വം കൊടുക്കുന്നവർ പറഞ്ഞു.

നവംബർ 7 ന് വൈകുന്നേരം, ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രൽ സമുച്ചയത്തിന്റെ ഗേറ്റിന് പുറത്ത് ബോംബാക്രമണം ഉണ്ടായതും, അടുത്തുള്ള സെന്റ് ജോസഫ്സ് കോളേജിൽ മറ്റൊരു ബോംബ് പൊട്ടിത്തെറിച്ചതും, ആളുകൾക്കിടയിൽ ഭയവും ആശങ്കയും വർധിപ്പിച്ചിരിക്കുകയാണ്. ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അനിശ്ചിതത്വത്തിന്റെയും സാമൂഹിക പിരിമുറുക്കത്തിന്റെയും കാലഘട്ടത്തിലാണ് ബംഗ്ലാദേശിലെ ക്രൈസ്തവ  സമൂഹം ഇപ്പോൾ കഴിയുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കേണ്ടിയിരിക്കെ, തീവ്ര ഇസ്ലാമിക പാർട്ടികൾ അടിത്തറയൊരുക്കുന്നത് ഏവർക്കും ഭീഷണിയുയർത്തുന്നു.  അതിനാൽ വിശ്വാസികളോട് ജാഗ്രത പാലിക്കാനും വിവേകമുള്ളവരായിരിക്കാനും, വിശ്വാസം, പ്രത്യാശ, ദാനധർമ്മം എന്നിവ സംരക്ഷിക്കാനും മെത്രാന്മാർ ആവശ്യപെടുന്നു. രാജ്യത്ത്,  ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിതം മുൻപോട്ടു കൊണ്ടുപോകുവാനും അവർ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 നവംബർ 2025, 12:57