വടക്കൻ അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പം
വത്തിക്കാൻ ന്യൂസ്
തിങ്കളാഴ്ച പുലർച്ചെ വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെടുകയും 530 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ നടത്തുവാനും അധികൃതർ ഉത്തരവിട്ടു.
ഭൂകമ്പത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ മേഖലയിലെ പല കെട്ടിടങ്ങളും നിർമ്മിച്ചിട്ടില്ലാത്തതിനാലും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലവും, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അഫ്ഗാനിസ്ഥാനിലെ, അഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ള ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാർ-ഇ-ഷെരീഫിന് സമീപമാണ് പുലർച്ചെ ഒരു മണിയോടെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഭൂകമ്പത്തിന്റെ ആഴം 28 കിലോമീറ്ററാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് തലസ്ഥാനമായ കാബൂൾ ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലേക്കുള്ള വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. ആഗസ്റ്റ് അവസാനം രാജ്യത്തിന്റെ പർവതപ്രദേശമായ കിഴക്കൻ മേഖലയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,100 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: