തിരയുക

വിദ്യാർത്ഥികൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ,വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വിദ്യാർത്ഥികൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ,വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ  

കത്തോലിക്കാ സഭ ആർക്കും വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നില്ല

പ്രത്യാശയിലേക്ക് ഏവരെയും നയിക്കുന്ന 2025 ജൂബിലി വർഷത്തിൽ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷത്തിന് അനേകായിരങ്ങളാണ് റോമിലും വത്തിക്കാനിലുമായി എത്തിയത്. ക്രിസ്താനുകരണത്തിന്റെ വിദ്യാഭ്യാസ മാതൃക കത്തോലിക്കാ സഭ നൽകുന്നതിനെ കുറിച്ചുള്ള ചിന്താമലരുകൾ.
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയിലേക്ക് ഏവരെയും നയിക്കുന്ന 2025 ജൂബിലി വർഷത്തിൽ, കഴിഞ്ഞ ദിവസങ്ങളിൽ റോമൻ നഗരവും, വത്തിക്കാനും സാക്ഷ്യം വഹിച്ചത്, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷത്തിന് വേണ്ടിയാണ്. ഈ ദിവസങ്ങളിൽ, ലിയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശങ്ങളിൽ, മനുഷ്യാന്തസ്സിനെ ബഹുമാനിക്കുന്നതിൽ വിദ്യാഭ്യാസം ചെലുത്തുന്ന സ്വാധീനവും, സമഗ്ര മാനവിക വികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്കും, ആന്തരികതയും ഐക്യവും സ്നേഹവും സന്തോഷവുമാണ് വിദ്യാഭ്യാസഅടിസ്ഥാനങ്ങൾ എന്നതുമാണ് അടിവരയിട്ടു പറഞ്ഞത്.

ഇത്തരുണത്തിൽ, കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കുക ഏറെ പ്രാധാന്യം അർഹിക്കുന്നു. സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെ പാഠങ്ങൾ ആണെന്നതിൽ  തെല്ലും സംശയമില്ല. അതുകൊണ്ടാണ്, സഭയുടെ മൂലക്കല്ല് ക്രിസ്തുവാണെന്നത് നാം ഏറ്റുപറയുന്നത്. അതുകൊണ്ട് നമ്മുടെ പ്രവർത്തനങ്ങളുടെയെല്ലാം മാതൃക അവനിൽ നിന്ന് മാത്രമാണ്.

ഈ ലോകത്തെ മുഴുവൻ രക്ഷിക്കുന്നതിനുവേണ്ടി മനുഷ്യനായി  അവതരിച്ച ദൈവ പുത്രൻ, മുപ്പത്തിമൂന്നു വർഷങ്ങൾ കൊണ്ട്, നിത്യതയിലേക്കുള്ള അനേകം കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു. അത് അപരനിലേക്ക് ഇറങ്ങിചെന്നുകൊണ്ട്, അവന്റെ ജീവിതത്തിന്റെ ഭാഗം ആകുന്നതിനാണ്. അതായത് മറ്റുള്ളവരുടെ നന്മയ്ക്കായി പ്രതിബദ്ധതയോടെ ജീവിക്കുന്നതിനുള്ള ഒരു ക്ഷണമാണ് യേശു നമുക്ക് നൽകുന്നത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിശാലമായ സമൂഹത്തിന്റെയും, എന്തിനേറെ നമ്മുടെ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും വേദനകൾ സമ്മാനിക്കുന്നവരുടെ പോലും ക്ഷേമം പ്രോത്സാഹിപ്പിക്കാനാണ് ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നത്.

ഈ ക്ഷേമപ്രവർത്തനങ്ങളിൽ, ആഗോള തലത്തിൽ പ്രത്യേകിച്ചും നമ്മുടെ നാടുകളിൽ സഭ എടുത്തിട്ടുള്ള വലിയ ഒരു ദൗത്യമാണ് വിദ്യാഭ്യാസം. യുവാക്കളെ സദ്‌ഗുണത്തിൽ രൂപപ്പെടുത്തുകയും മാനുഷിക അഭിവൃദ്ധിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. പൊതുനന്മയെക്കുറിച്ചും വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിലേക്ക് ആഭിമുഖ്യമുള്ള ഒരു ജീവിതം നയിക്കാൻ എങ്ങനെ പിന്തുണയ്ക്കാമെന്നതിനെക്കുറിച്ചും ഉള്ള ആശയത്തെ ഈ വിദ്യാഭ്യാസം ഗൗരവമായി എടുക്കുന്നു.

സാധാരണ രാഷ്ട്രീയ വ്യവഹാരത്തിൽ, "പൊതുനന്മ" എന്നത് ഒരു സമൂഹത്തിലെ അംഗങ്ങൾ എല്ലാ അംഗങ്ങൾക്കും പൊതുവായുള്ള ചില താൽപ്പര്യങ്ങൾക്കായി കരുതേണ്ട ഒരു ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് എല്ലാവരും എല്ലാവർക്കുമായി ജീവിക്കുകയും, അതുവഴിയായി എല്ലാവരും നന്മ അനുഭവിക്കുകയും ചെയ്യുന്ന ഒരു സുന്ദര ലോകം. അത് പ്രധാനമായും മനുഷ്യന്റെ അവകാശങ്ങളുടെ സംരക്ഷണത്തിലും കടമകളുടെ നിർവ്വഹണത്തിലും അടങ്ങിയിരിക്കുന്നു എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ പഠിപ്പിക്കുന്നത്. ഇവിടെയാണ് മതസ്വാതന്ത്ര്യം പോലും ഏറെ അനിവാര്യമാണെന്നു യുനെസ്‌കോ പഠിപ്പിക്കുന്നത്. സഭയും ഭരണകൂടവും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചേക്കാവുന്ന തരത്തിൽ വിദ്യാഭ്യാസ പ്രക്രിയകളെ നിയന്ത്രിക്കാനുള്ള ശക്തമായ ഭരണകൂട പ്രവണതകളുടെ പശ്ചാത്തലത്തിൽ, എന്തുതരം പ്രോത്സാഹനമാണ് പ്രതീക്ഷിക്കപെടുന്നതെന്നു, യുനെസ്‌കോ ചോദിക്കുന്നുണ്ട്.

വിദ്യാഭ്യാസം, സംസ്കാരം, സമൂഹം എന്നിവയെ ഒരു പ്രത്യേക പ്രത്യയശാസ്ത്ര ദിശയിലേക്ക് മാറ്റാൻ ദൃഢനിശ്ചയം ചെയ്തവരും, നിർണായകമായി, ഭരണകൂടത്തെയും സർവകലാശാലകൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ വലിയ സ്ഥാപനങ്ങളെയും ഈ സാമൂഹിക പരിവർത്തനത്തിന്റെ പ്രേരകങ്ങളായി മാറ്റുന്നവരെ ഇന്ന് നമ്മുടെ  സമൂഹത്തിലും കാണാവുന്നതാണ്. പാശ്ചാത്യലോകത്തെ ഈ ഗ്രാംഷ്യൻ (Gramscian tendency) പ്രവണത, ആധികാരിക സ്വാതന്ത്ര്യത്തിനും കത്തോലിക്കാ സാമൂഹിക അധ്യാപന തത്വങ്ങൾക്കും എതിരായി, പ്രത്യേകിച്ച് രക്ഷാകർതൃ അവകാശങ്ങളുടെ മേഖലയിൽ, ക്രൈസ്തവ വീക്ഷണങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു.

വിദ്യാഭ്യാസം എന്നത് ഒരു സമഗ്ര ദൗത്യമാണ്. കുടുംബവും, വിദ്യാലയവും, സമൂഹവും, ഭരണകർത്താക്കളും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ, കുട്ടികളുടെ ശരിയായ വളർച്ച നമുക്ക് ഉറപ്പുവരുത്തുവാൻ സാധിക്കുകയുള്ളൂ.

വിദ്യാഭ്യാസത്തിൽ കുടുംബങ്ങളുടെ പ്രാധാന്യം

കത്തോലിക്കാ സഭയുടെ പഠനത്തിൽ , വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക ഇടം കുടുംബമാണ്. 'മനുഷ്യരായിരിക്കുക' എന്നതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാൻ കുട്ടികളെ നയിക്കുക എന്നത് മാതാപിതാക്കളുടെ ഒഴിച്ചുകൂടാനാവാത്ത കടമയാണ്. നല്ല ആചാരങ്ങൾ, ശരിയായ പെരുമാറ്റം, സദ്‌ഗുണം എന്നിവ മാതൃകയാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമാണ് കുടുംബം എന്നതാണ്, ഫ്രാൻസിസ് പാപ്പാ, അമോറിസ്‌ ലെത്തീത്സിയ അപ്പസ്തോലിക പ്രബോധനത്തിൽ പഠിപ്പിക്കുന്നത്. ഇത് കുട്ടികൾക്ക് പ്രത്യാശയിലേക്കുള്ള ഒരു ചക്രവാളം തുറന്നുകൊടുക്കുന്നതാണെന്നും പാപ്പാ പഠിപ്പിക്കുന്നു. ഈ ജൂബിലി വർഷത്തിൽ പ്രത്യാശയിലേക്ക് നോക്കുവാൻ ഏവരെയും പ്രേരിപ്പിക്കുന്ന അവസരത്തിൽ, ഈ വാക്കുകൾക്ക് അർത്ഥം നൽകുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്കു എടുത്തു പറയേണ്ടതാണ്.

 പ്രാഥമിക വിദ്യാഭ്യാസം നൽകുന്നവർ എന്ന നിലയിൽ കുടുംബത്തിന്റെ പങ്കിന്റെ ചില പരിമിതികളും സഭ അംഗീകരിക്കുന്നു.  ഇന്ന് ജോലിത്തിരക്കുകളിൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുമ്പോൾ, മുതിർന്ന തലമുറയിലെ ആളുകളുടെ സാന്നിധ്യം കുറയുമ്പോൾ, നിർമ്മിതബുദ്ധി പോലെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഏവരെയും സ്വകാര്യതയിലേക്ക് കൂടുതൽ ചുരുക്കുമ്പോൾ, കുട്ടികളുടെ സാന്മാർഗിക വികസനത്തിനായി കുടുംബങ്ങൾക്ക് നൽകുവാൻ കഴിയുന്ന സംഭാവനകൾ ഏറെ പരിമിതപ്പെട്ടിരിക്കുകയാണ്. അതിനാൽ കുടുംബങ്ങളുടെ അപൂർണ്ണതകളിലും, പരിമിതികളിലും അവരെ സഹായിക്കുവാൻ സമൂഹത്തിനു കടമയുണ്ടെന്നു സഭ എപ്പോഴും അടിവരയിടുന്നു. ജോലിയിൽ നിന്നുള്ള സമ്മർദ്ദം, ദാമ്പത്യ തകർച്ചകൾ, മാതാപിതാക്കൾ തമ്മിലുള്ള വിശ്വാസക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ കുടുംബങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.

വിദ്യാഭ്യാസവും വിദ്യാലയങ്ങളും

കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, വിദ്യാലയം എന്ന ആശയം തന്നെ ഒരു കുട പോലെ ഏവർക്കും തണല് വിരിക്കുവാനുള്ള കർത്താവിന്റെ കല്പനയുടെ പ്രാവർത്തികമണ്ഡലമാണ്. എല്ലാ മത പാരമ്പര്യങ്ങളിലുമുള്ള ആളുകളെ   ചേർത്തു നിർത്തുവാൻ, വാതിലുകൾ തുറന്നുകൊടുക്കുകയും, യാതൊരു വേർതിരിവുകളുമില്ലാതെ ഏവരെയും ഉൾക്കൊള്ളുകയും ചെയ്യുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടുംബങ്ങൾക്കുള്ള വ്യത്യസ്ത പ്രതീക്ഷകളെ ഈ വിദ്യാലയങ്ങൾ  മനസിലാക്കി അതനുസരണം അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതിനു എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇവിടെ മാതാപിതാക്കളുടെ സഹകരണവും വിദ്യാലയപരിശീലനത്തിൽ അത്യന്താപേക്ഷിതമാണ്.

മാതാപിതാക്കളെ അവരുടെ വിദ്യാഭ്യാസ ഉത്തരവാദിത്തങ്ങളിൽ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നത് സഭയുടെ മാത്രം പ്രത്യേകതയല്ല. മറ്റുള്ളവർക്കു ശോഭനവും സന്തുഷ്ടവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് മാതാപിതാക്കൾക്കൊപ്പം  പ്രവർത്തിക്കാൻ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാതിരിക്കാൻ സഭയ്ക്ക് കഴിയില്ല എന്നതാണ് വാസ്തവം. എന്നാൽ തിരിച്ചും, കുടുംബ പിന്തുണയുടെ മുൻനിരയിൽ അധ്യാപകർ ഉണ്ടാകണമെങ്കിൽ, അവർക്ക് മാതാപിതാക്കൾ   നൽകേണ്ടുന്ന പിന്തുണയെക്കുറിച്ച് വിശുദ്ധ  ജോൺ പോൾ രണ്ടാമൻ പാപ്പായും, ബനഡിക്ട് പതിനാറാമൻ പാപ്പായും, ഫ്രാൻസിസ് പാപ്പായും എടുത്തു പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ ഉടമ്പടി എന്നാണ് ഈ ബന്ധത്തെ എടുത്തു കാണിക്കുന്നത്. തീർച്ചയായും, സ്കൂളിന്റെ കാലാവസ്ഥ അധ്യാപകരെ മാത്രം ആശ്രയിച്ചല്ല . മാതാപിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ അനുബന്ധ, ഭരണപരമായ ജീവനക്കാർ വിദ്യാലയത്തെ അതിന്റെ സാമൂഹികാന്തരീക്ഷത്തിൽ സൃഷ്ടിക്കുന്നു.

കത്തോലിക്കാ സ്കൂൾ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ അധിക മൂല്യം, കത്തോലിക്കാ അധ്യാപകരുടെ സംഘത്തിന് അവരുടെ ഗണ്യമായ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിന് ആവശ്യമായ അധ്യാപന, സാംസ്കാരിക, മതപരമായ രൂപീകരണം എന്നിവ കത്തോലിക്കാ സ്‌കൂളിന്റെ തനിമയായി സഭ പഠിപ്പിക്കുന്ന ഘടകങ്ങളാണ്. അധ്യാപകർക്കായുള്ള അവരുടെ രൂപീകരണ പ്രക്രിയകളിൽ, കത്തോലിക്കാ സഭയുടെ വിദ്യാലയങ്ങളിൽ, ആ തനിമ നിലനിർത്തുന്ന തരത്തിലുള്ള രൂപീകരണവും നല്കപ്പെടേണ്ടതാണ്.  

വിദ്യാഭ്യാസവും സംസ്ഥാനത്തിന്റെ പങ്കും

ഭരണകക്ഷികളുടെ രാഷ്ട്രീയ പദ്ധതികൾക്കും, വിദ്യാഭ്യാസ പ്രൊഫഷണലുകൾ രൂപപ്പെടുത്തിയ പ്രവർത്തന രീതികൾക്കും അനുസൃതമായി രാഷ്ട്രം വിദ്യാഭ്യാസ മുൻഗണനകളെ രൂപപ്പെടുത്തുന്നുവെന്നത് ഏറെ വാസ്തവമാണ്. രാഷ്ട്രം എല്ലായ്‌പ്പോഴും എല്ലായിടത്തും മാതാപിതാക്കളുടെയും സഭയുടെയും മുൻഗണനകൾക്ക് എതിരായിരിക്കുമെന്ന് ഇതിനർത്ഥമില്ല. രാഷ്ട്രീയ കാലാവസ്ഥ ഏത് സമയത്തും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ  ചിന്തയ്ക്ക് ഏറെക്കുറെ അനുകൂലമായിരിക്കും എന്നതാണ് ആഗോളതലത്തിൽ നിലനിൽക്കുന്ന അവസ്ഥ. എന്നിരുന്നാലും, പ്രത്യേക ഭരണകക്ഷികളുടെ പ്രത്യയശാസ്ത്രത്താൽ പിന്തുടരുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ മുൻഗണനകൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയുടെ നിയമാനുസൃത സ്വാധീനവും സ്വാതന്ത്ര്യവും പരിമിതപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഗുരുതരമായ ഒരു പ്രശ്നം ഉയർന്നുവരുന്നു.

 ഇതിന്റെ ഏറെ ഭവിഷ്യത്തുകൾ, രാഷ്ട്രം കത്തോലിക്കാ സ്കൂളുകളുടെ നിലനിൽപ്പിനെ എതിർക്കുകയോ അവയുടെ നിലനിൽപ്പ് ദുഷ്കരമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്. ലിയോ പതിമൂന്നാമൻ പാപ്പാ ക്രിസ്ത്യാനി ഒരു നല്ല പൗരൻ എന്ന നിലയിൽ നമ്മുടെ അവകാശങ്ങൾ നിറവേറ്റുന്നതിൽ നമ്മുടെ ധാർമ്മിക ഉത്തരവാദിത്വം അടിവരയിടുന്നു. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ നിയമാനുസൃതമായപ്രവർത്തനത്തിന് എതിരല്ല എന്നുള്ളതാണ് പ്രഥമദൃഷ്ട്യാ വെളിപ്പെടുന്ന സത്യം. സ്വാതന്ത്ര്യം, നീതി, ജോലിയുടെ കുലീനത, സാമൂഹിക പുരോഗതി പിന്തുടരേണ്ടതിന്റെ ആവശ്യകത തുടങ്ങിയ പരമ്പരാഗത പൗര മൂല്യങ്ങളെല്ലാം വിദ്യാഭ്യാസ  ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

എന്നാൽ കത്തോലിക്കാ വിദ്യാഭ്യാസ രംഗം മുൻപോട്ട് വയ്ക്കുന്ന ആശയം സംഭാഷണത്തിന്റേതാണ്. കുട്ടികളുടെ സമഗ്രമായ വികസനത്തിനുവേണ്ടി മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസം നൽകുന്നതിനായി, സർക്കാരുകളും, മറ്റു സ്ഥാപനങ്ങളും തമ്മിൽ സംഭാഷണം നടത്തുകയും അപ്രകാരം നല്ല പദ്ധതികൾ വിഭാവനം ചെയ്യുകയും വേണം. കത്തോലിക്കാ സ്കൂളുകളെക്കുറിച്ചുള്ള സംവാദങ്ങൾ വിദ്യാഭ്യാസ വ്യവസ്ഥയിൽ മതത്തിന്റെ പങ്കിനെക്കുറിച്ചുള്ള വിശാലമായ ചർച്ചകളിലാണ് വേരൂന്നിയിരിക്കുന്നത്. എന്നാൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കത്തോലിക്കാ ദർശനം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സാർവത്രിക പ്രഖ്യാപനത്തിലൂന്നിയതാണ്. ക്രിസ്ത്യൻ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠന രേഖ, ഗ്രാവിസിമും എദുക്കത്സിയോനിസിൽ പറയുന്നത്, അവകാശങ്ങളെയും കടമകളെയും കുറിച്ചാണ്. കുട്ടികളെ പഠിപ്പിക്കാനുള്ള പ്രാഥമികവും അനിഷേധ്യവുമായ അവകാശവും കടമയുമുള്ള മാതാപിതാക്കൾ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിൽ യഥാർത്ഥ സ്വാതന്ത്ര്യം പുലർത്തണം. അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി തിരഞ്ഞെടുക്കാൻ അവസരം ഉണ്ടാക്കണമെന്നും കൗൺസിൽ രേഖ പഠിപ്പിക്കുന്നു.

അതിനാൽ കത്തോലിക്കാ സഭ വിദ്യാഭ്യാസത്തിനു നൽകുന്ന പ്രധാന്യം വളരെ വലുതാണ്. പ്രാഥമിക വിദ്യാഭ്യാസം നൽകുന്നവരെന്ന നിലയിൽ മാതാപിതാക്കളെ പിന്തുണയ്ക്കുന്ന സഭയുടെ കടമ മുതൽ, ഒരു കുഞ്ഞിന്റെ സമഗ്ര വളർച്ചയ്ക്കുവേണ്ടി സഭ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. എല്ലാ കുട്ടികൾക്കും ഉയർന്ന നിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണെങ്കിലും, സംസ്ഥാനം പ്രധാന ദാതാവായിരിക്കണമെന്ന് ഇതിനർത്ഥമില്ല. ഇവിടെയാണ് കത്തോലിക്കാ സഭ മുൻപോട്ടു വയ്ക്കുന്ന ആശയങ്ങൾക്ക് സർക്കാരുകൾ നൽകേണ്ടുന്ന പിന്തുണ എടുത്തു പറയപ്പെടുന്നത്. പ്രത്യയ ശാസ്ത്രങ്ങൾക്കു പകരമായി  കുട്ടികളുടെ ശരിയായ ജീവിതക്രമം ഉറപ്പുവരുത്തുന്ന ജീവിതാശയങ്ങൾ, സഭ മുൻപോട്ടു വയ്ക്കുമ്പോൾ അവയെ നിരുപാധികം സഹായിക്കേണ്ടത് ഓരോ സർക്കാരുകളുടെയും ഉത്തരവാദിത്വമാണ്.

ക്രൈസ്തവ വിദ്യാഭ്യാസത്തിൻ്റെ മൂല്യങ്ങൾ

ക്രൈസ്തവ വിദ്യാഭ്യാസം ക്രിസ്തുവിൻ്റെ ജീവിത മാതൃകകളെ  അടിസ്ഥാനമാക്കിയുള്ളതാണ്.

1.     സ്നേഹം: ദൈവത്തോടും സഹജീവികളോടുമുള്ള സ്നേഹമാണ് ക്രൈസ്തവ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം. കുട്ടികളിൽ സ്നേഹത്തിൻ്റെ വിത്തുകൾ പാകുമ്പോൾ, അവർ ചുറ്റുമുള്ള ലോകത്തെ സ്നേഹിക്കാനും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും പഠിക്കുന്നു.

2.     സേവനം: മറ്റുള്ളവരെ സേവിക്കുക എന്നത് ക്രിസ്തുവിൻ്റെ ജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു. ക്രൈസ്തവ വിദ്യാഭ്യാസം കുട്ടികളെ നിസ്വാർത്ഥമായ സേവനത്തിന്റെ  പ്രാധാന്യം പഠിപ്പിക്കുന്നു. ഇത് സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ അവരെ പ്രേരിപ്പിക്കുന്നു.

3.     സമഗ്ര വികസനം: ക്രൈസ്തവ വിദ്യാഭ്യാസം ഒരു കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവും ആത്മീയവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നു. പഠനത്തോടൊപ്പം കളികൾ, കലാപ്രകടനങ്ങൾ, ധാർമ്മിക മൂല്യങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.

4.     നീതിയും ദയയും: നീതിയോടെയും ദയയോടെയും പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുന്നത് ക്രൈസ്തവ വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഭാഗമാണ്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരെയും ദുർബലരെയും സഹായിക്കാനും അവർക്ക് വേണ്ടി നിലകൊള്ളാനും ഇത് അവരെ പ്രേരിപ്പിക്കുന്നു.

5.     മാതൃകാപരമായ ജീവിതം: ക്രിസ്തുവിനെപ്പോലെ ഒരു മാതൃകാപരമായ ജീവിതം നയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. സത്യസന്ധത, വിശ്വസ്തത, ക്ഷമ തുടങ്ങിയ മൂല്യങ്ങൾ അവരുടെ ജീവിതത്തിൻ്റെ ഭാഗമാക്കാൻ ഇത് സഹായിക്കുന്നു.

6.     അറിവും ജ്ഞാനവും: അറിവ് നേടുക എന്നത് ഒരു പ്രധാന കാര്യമാണെങ്കിലും, അറിവിനെ ജ്ഞാനപൂർവ്വം ഉപയോഗിക്കാനുള്ള കഴിവാണ് പ്രധാനം. ശരിയായ കാര്യങ്ങൾ തിരഞ്ഞെടുക്കാനും ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനും ജ്ഞാനം കുട്ടികളെ സഹായിക്കുന്നു.

കുട്ടികളുടെ സമഗ്ര വികസനത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ക്രിസ്തുവിൻ്റെ മാതൃകയും ക്രൈസ്തവ വിദ്യാഭ്യാസത്തിൻ്റെ മൂല്യങ്ങളും ഉൾക്കൊണ്ട് മുന്നോട്ട് പോകുമ്പോൾ, കൂടുതൽ സ്നേഹവും ദയയും നീതിയും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും. ഇത് പഠനത്തിനപ്പുറം, ജീവിതത്തിലെ എല്ലാ മേഖലകളിലും പ്രകാശമായി മാറുന്ന ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 നവംബർ 2025, 14:04