തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീനും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ദാ സിൽവയും - COP30-മായി ബന്ധപ്പെട്ട ഒരു ചടങ്ങിൽനിന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീനും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ദാ സിൽവയും - COP30-മായി ബന്ധപ്പെട്ട ഒരു ചടങ്ങിൽനിന്ന്  (AFP or licensors)

ലോകത്തെ പകുതിയോളം കുട്ടികൾ കാലാവസ്ഥാവ്യതിയാനമുയർത്തുന്ന അതീവ അപകടസാധ്യതാമേഖലകളിൽ: യൂണിസെഫ്

ഏതാണ്ട് നൂറുകോടിയോളം കുട്ടികൾ, കാലാവസ്ഥാ വ്യതിയാനം കടുത്ത അപകടസാധ്യതകൾ ഉയർത്തുന്ന ഇടങ്ങളിലാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് കാലാവസ്ഥാപ്രതിസന്ധികൾ മൂലം കുട്ടികളുൾപ്പെടെ ലോകമെമ്പാടുമുള്ള സാധാരണ ജനം നേരിടുവാൻ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് യൂണിസെഫ് എഴുതിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം വളരെ ഉയർന്ന അപകടസാധ്യതകൾ ഉള്ള ഇടങ്ങളിലാണ്, ലോകത്തിലെ പകുതിയോളം കുട്ടികൾ ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഏതാണ്ട് നൂറു കോടി കുട്ടികളാണ് ഇത്തരം മേഖലകളിൽ ജീവിക്കുന്നതെന്ന് കോപ്30-മായി (Cop30) ബന്ധപ്പെട്ട നടപടികൾ ബ്രസീലിയിലെ ബെലെമിൽ (Belém) നടന്നുവരുന്നതിനിടെയാണ് യൂണിസെഫ് ഒരു പത്രക്കുറിപ്പിലൂടെ അനുസ്മരിച്ചത്.

ലോകത്ത് മൂന്നിലൊന്ന് കുട്ടികൾ, അതായത് ഏതാണ്ട് എഴുപതിനാല് കോടി കുട്ടികൾ, ജലലഭ്യത തീരെ കുറഞ്ഞ ഇടങ്ങളിലാണ് കഴിയുന്നതെന്നും യൂണിസെഫ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് ഇരുപത്തിയഞ്ച് കോടി കുട്ടികൾക്ക് കടുത്ത കാലാവസ്ഥാ സ്ഥിതിവിശേഷങ്ങൾ മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ടിരുന്നു.

ലോകത്ത് യുദ്ധങ്ങൾ കഴിഞ്ഞാൽ, പോഷകാഹാരക്കുറവിന്റെ പ്രധാന കാരണം കാലാവസ്ഥാ പ്രതിസന്ധികളാണെന്ന് ഐക്യരാഷ്ട്രസഭാസംഘടന ഓർമ്മിപ്പിച്ചു.  കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് 393 വലിയ പ്രകൃതി ദുരന്തങ്ങളാണ് ലോകത്ത് രേഖപ്പെടുത്തപ്പെട്ടത്. ഇവയിൽ ഏതാണ്ട് 16.000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ആഫ്രിക്കയുടെ കൊമ്പ്, സോമാലി ഉപദ്വീപ് ഇനീ പേരുകളിൽ എന്നറിയപ്പെടുന്ന ആഫ്രിക്കയുടെ വടക്കുകിഴക്കൻ പ്രദേശവും, പാകിസ്താനുമാണ് കൂടുതൽ കാലാവസ്ഥാവ്യതിയാനം മൂലം കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച പ്രദേശങ്ങൾ. കഴിഞ്ഞ വർഷം മാത്രം ആഫ്രിക്കയിലെ വിവിധയിടങ്ങളിലായി ഏതാണ്ട് അഞ്ചുകോടിയോളം ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിച്ചത്.

ലോകത്ത് സംഘർഷമേഖലകളിൽ ഉള്ളതിനേക്കാൾ ഏറെ അഭയാർത്ഥികളാണ്, കാലാവസ്ഥാപ്രതിസന്ധികളും വ്യതിയാനങ്ങളും മൂലം അഭയാർത്ഥികളായി കഴിയുന്നതെന്ന് കോപ് 30 ആരംഭിക്കുന്നതിന് മുൻപായി വത്തിക്കാൻ മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ അനുസ്മരിച്ചിരുന്നു.

ഗാംബിയ, എരിത്രേയ, എത്യോപ്യ, സെനെഗൾ, മാലി തുടങ്ങി വിവിധയിടങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന പതിനായിരങ്ങളുൾപ്പെടെ കുട്ടികളും മുതിർന്നവരുമായി കോടിക്കണക്കിന് ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭ (Unhcr) അടുത്ത ദിവസങ്ങളിൽ അനുസ്മരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 നവംബർ 2025, 14:27