തിരയുക

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുക ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുക  (ANSA)

ഭിന്നശേഷിക്കാരായ കുട്ടികൾ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു: യൂണിസെഫ്

ഭിന്നശേഷിക്കാരായ കുട്ടികൾ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ടെന്നും, തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനായി അവർ ഒരുപാട് പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരുന്നുണ്ടെന്നും "ഭിന്നശേഷിക്കാരായ വ്യക്തികളുടെ അന്താരാഷ്ട്രദിനമായ" ഡിസംബർ 3-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഏറെയാണെന്നും, നിരവധി പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചാണ് അവർ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലോകമെമ്പാടും, വിദ്യാഭ്യാസ, ആരോഗ്യ, സുരക്ഷാമേഖലകളിൽ ഭിന്നശേഷിക്കാർ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച്, "ഭിന്നശേഷിക്കാരായ വ്യക്തികളുടെ അന്താരാഷ്ട്രദിനമായ" ഡിസംബർ 3-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് യൂണിസെഫ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ഭിന്നശേഷിക്കാരായ കുട്ടികളും കൗമാരക്കാരും, പ്രത്യേകിച്ച് പെൺകുട്ടികൾ ചൂഷണങ്ങളും ദുരുപയോഗങ്ങളും നേരിടാനുള്ള സാധ്യത, മറ്റു കുട്ടികളെ അപേക്ഷിച്ച് മൂന്നും നാലും ഇരട്ടിയാണെന്ന് സംഘടന എഴുതി

ഭിന്നശേഷിക്കാരായ കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് വളർച്ചയിൽ 34 ശതമാനം താമസം നേരിടുന്നുണ്ടെന്നും, 53 ശതമാനം കൂടുതൽ ശ്വാസകോശസംബന്ധിയായ രോഗസാധ്യതകൾ അവർക്കിടയിൽ കൂടുതൽ നിലനിൽക്കുന്നുണ്ടെന്നും  യൂണിസെഫ് അറിയിച്ചു.

മാനസികാരോഗ്യരംഗത്തും, ഭിന്നശേഷിക്കാരായ കുട്ടികൾ പരിഹാസവും വിവേചനവും നേരിടുന്നുണ്ടെന്ന് എഴുതിയ ശിശുക്ഷേമനിധി, പതിനഞ്ചിനും പത്തൊൻപത്തിനും ഇടയിൽ പ്രായമുള്ള, ഭിന്നശേഷിക്കാരായ കുട്ടികൾ മറ്റുള്ളവരേക്കാൾ 51 ശതമാനത്തിലധികം അസന്തുഷ്ടി അനുഭവിക്കുന്നുണ്ടെന്ന് വിശദീകരിച്ചു.

വിദ്യാഭ്യാസരംഗത്തും ഭിന്നശേഷിക്കാരായ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഏറെയാണെന്ന് എഴുതിയ ശിശുക്ഷേമനിധി, ഇത്തരക്കാരിൽ ഏതാണ്ട് പകുതിയോളം കുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടാനോ അതിൽ തുടരാനോ ഉള്ള സാധ്യതയില്ലെന്നും വ്യക്തമാക്കി.

ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും, സാമൂഹികമായ പിന്തുണയും സേവനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് തങ്ങൾ പരിശ്രമിക്കുന്നതെന്ന് യൂണിസെഫ് എഴുതി. ഭിന്നശേഷിക്കാരായ വ്യക്തികൾക്കുവേണ്ടിയുള്ള 2024-ലെ സേവനങ്ങൾ 140-ലധികം രാജ്യങ്ങളിലുള്ള ഏതാണ്ട് അഞ്ചുകോടിയോളം കുട്ടികളിലേക്ക് എത്തിക്കാൻ തങ്ങൾക്കായിട്ടുണ്ടെന്ന് യൂണിസെഫ് അവകാശപ്പെട്ടു.

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും അവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട പരിശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഭിന്നശേഷിക്കാരായ വ്യക്തികളുടെ അന്താരാഷ്ട്രദിനാചരണം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഡിസംബർ 2025, 14:04