തിരയുക

നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

നൈജീരിയയിൽ തടവിലായിരുന്ന വിശ്വാസികൾ മോചിതരായി

കടുന പ്രവിശ്യയിൽ, ജനുവരി മാസം പതിനെട്ടാം തീയതി തട്ടിക്കൊണ്ടു പോയ എൺപത്തിയാറോളം വിശ്വാസികളെ, വിവിധ സുരക്ഷാ സേനകളുടെ സംയുക്ത നീക്കത്തിലൂടെ, മോചിപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, ജനുവരി മാസം പതിനെട്ടാം തീയതി രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 166 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഏകദേശം എൺപതോളം തടവുകാരെ വിട്ടയച്ചിരുന്നു. ബാക്കിയുണ്ടായിരുന്ന  എൺപത്തിയാറോളം വിശ്വാസികളെയാണ് , ഫെബ്രുവരി മാസം നാലാം തീയതിയോടെ മോചിപ്പിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഫീദെസ് വാർത്താ ഏജൻസിയാണ് പങ്കുവച്ചത്.

വിവിധ സുരക്ഷാ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ്   അവരെ മോചിപ്പിച്ചതെന്നു  അധികൃതർ പറഞ്ഞു. ഫെബ്രുവരി 4 ന് രാത്രി 11 നും പുലർച്ചെ 2 നും ഇടയിൽ മാരോ നഗരത്തിന് ചുറ്റുമുള്ള ഒരു വനത്തിൽ ചില ട്രക്കുകൾ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്നത് കണ്ടതിനെത്തുടർന്നാണ്, തട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ച വിവരം ഗ്രാമവാസികൾ തിരിച്ചറിഞ്ഞത്.

പള്ളിയിൽ  കർമ്മങ്ങൾ  നടക്കുന്നതിനിടെയാണ് അക്രമികൾ വൻതോതിൽ എത്തി, ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി, വിശ്വാസികളെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും മത സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നാണ് കടുന.

ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും ഏറെ വർധിക്കുന്ന നൈജീരിയയിൽ, 2025 ൽ മാത്രം 3490 വിശ്വാസികളെയാണ് കൊലചെയ്തിട്ടുളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഫെബ്രുവരി 2026, 11:59