ഇറാനിലെ വർദ്ധിക്കുന്ന യുദ്ധഭീകരത കുഞ്ഞുങ്ങളുടെ ജീവനെയാണ് ബാധിക്കുന്നത്: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറാനിലെ വർദ്ധിച്ചുവരുന്ന മിലിട്ടറി ആക്രമണങ്ങൾ കുട്ടികളുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതത്തിൽ തങ്ങൾ ഏറെ ആശങ്കാകുലരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് നൂറ്റിയെൺപത് കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കൻ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള യൂണിസെഫ് ഘടകം മാർച്ച് ആറിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇറാനിൽ നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മരിച്ചവരിൽ 168 പേർ, തെക്കൻ ഇറാനിലെ മിനാബിൽ പെൺകുട്ടികൾക്കുവേണ്ടിയുള്ള ഷാജറേ തയ്യബേ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രത്തിനുനേരെ ഫെബ്രുവരി 28.ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളാണെന്ന് യൂണിസെഫ് ഘടകം വ്യക്തമാക്കി. ഇവർ 7-നും 12-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണെന്ന് സംഘടന വിശദീകരിച്ചു. ഇതുകൂടാതെ, മറ്റ് അഞ്ചിടങ്ങളിൽ സ്‌കൂളുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 12 കുട്ടികൾ കൂടി കൊല്ലപ്പെട്ടുവെന്നും സംഘടന അറിയിച്ചു.
വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതിനോടകം ഇറാന്റെ വിവിധ ഭാഗങ്ങളിൽ 20 സ്‌കൂളുകളും 10 ആശുപത്രികളും എങ്കിലും തകർക്കപ്പെട്ടിട്ടുണ്ടെന്നും, ഇത് കുട്ടികൾക്ക് വിദ്യാഭ്യാസ, ആരോഗ്യപരിപാലന സേവനങ്ങൾ നേടുന്നതിനുള്ള സാദ്ധ്യതകൾ തടയുന്നുണ്ടെന്നും യൂണിസെഫ് പ്രാദേശികഘടകം വ്യക്തമാക്കി.
കുട്ടികളും സ്‌കൂളുകളും അന്താരാഷ്ട്ര മാനവികനിയമം അനുസരിച്ച് സുരക്ഷിതമായ ഇടങ്ങളാകേണ്ടവയാണെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ് സംഘടന, എന്നാൽ ഇറാനിലുണ്ടായ ആക്രമണങ്ങളുടെ ഇരകളായ കുട്ടികൾ, യുദ്ധവും അതിക്രമങ്ങളും കുട്ടികളുടെയും, അതുവഴി അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും മേൽ ഉണ്ടാക്കുന്ന ആഘാതം എത്ര വലുതാണെന്നാണ് കാണിക്കുന്നതെന്ന് പ്രസ്താവിച്ചു.
സൈനിക ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും കുട്ടികൾ ആക്രമണങ്ങൾക്ക് ഇരകളാകാനുള്ള സാദ്ധ്യതകൾ കൂടുകയാണെന്നും, ഈ ആക്രമണങ്ങൾ അടിസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾക്ക് മേൽ ഉണ്ടാക്കുന്ന ആഘാതം കുട്ടികളുടെ ക്ഷേമത്തിന് ഭീഷണിയാകുന്നുണ്ടെന്നും യൂണിസെഫ് പ്രാദേശിക ഘടകം ഓർമ്മിപ്പിച്ചു.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും, സാധാരണജനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന അന്താരാഷ്ട്രനിയമം പാലിക്കണമെന്ന് യൂണിസെഫ് ആഹ്വാനം ചെയ്‌തു. കുട്ടികളുടെ ക്ഷാമവും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇതേ നിയമം ആവശ്യപ്പെടുന്നുണ്ടെന്ന് സംഘടന കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: