തിരയുക

ലോകാരോഗ്യസംഘനയുടെ പേരിലുള്ള സഹായസമഗ്രികളുമായി പുറപ്പെടുന്ന വിമാനം ലോകാരോഗ്യസംഘനയുടെ പേരിലുള്ള സഹായസമഗ്രികളുമായി പുറപ്പെടുന്ന വിമാനം 

എബോള പ്രതിസന്ധി: കോംഗോയിലേക്കും ഉഗാണ്ടയിലേക്കുമായി അൻപത് ടൺ സഹായമെത്തിച്ച് യൂണിസെഫ്

എബോള പടർന്നുപിടിച്ച കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും ഉഗാണ്ടയിലേക്കും രോഗനിയന്ത്രണ, പ്രതിരോധപ്രവർത്തനങ്ങളെ സഹായിക്കാനായി അൻപത് ടണ്ണോളം സാധനസാമഗ്രികളെത്തിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ എബോള ബാധയെത്തുടർന്ന് എൺപതിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന പ്രദേശത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലും ഉഗാണ്ടയിലുമുള്ള കുട്ടികളെയും കുടുംബങ്ങളെയും എബോളയുടെ പിടിയിൽനിന്ന് സംരക്ഷിക്കാനും, രോഗവ്യാപനം നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായി അൻപത് ടണ്ണോളം സഹായസാധനസമഗ്രികൾ എത്തിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഇരു രാജ്യങ്ങളിലും എബോള മൂലമുള്ള നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന, പ്രദേശത്ത് അന്താരാഷ്ട്രപ്രാധാന്യമുള്ള പൊതു ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് യൂണിസെഫ് ഇത്തരമൊരു സഹായമെത്തിച്ചത്.

മെയ് പതിനെട്ടാം തീയതിക്കുള്ളിൽ കോംഗോയുടെ കിഴക്കൻ പ്രദേശങ്ങളിൽ എബോള വൈറസ് മൂലമുള്ള രോഗബാധയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന എൺപത് മരണങ്ങളും 246 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഉഗാണ്ടയിലാകട്ടെ ഒരു മരണമുൾപ്പെടെ രണ്ടു രോഗബാധ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാകാം 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന എബോളയുടെ വകഭേദം ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ഇതിന് പ്രതിരോധമരുന്നുകളോ, അംഗീകരിക്കപ്പെട്ട ചികിത്സയോ ഇല്ല.

ഇരുരാജ്യങ്ങളിലും സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേകസാഹചര്യങ്ങളും, ഉയർന്ന ജനസമ്പർക്കവും കണക്കിലെടുത്ത്, പുതിയ എബോള വകഭേദം എളുപ്പത്തിൽ ബാധിക്കാനുള്ള സാധ്യതകളാണുള്ളതെന്നും, കൊച്ചുകുട്ടികൾ ഈ പകർച്ചവ്യാധിയുടെ ഇരകളാകാനുള്ള സാധ്യതകൾ കൂടുതലാണെന്നും, നിലവിലെ സ്ഥിതിഗതികൾ വ്യക്തമാക്കിക്കൊണ്ട് മെയ് 19 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ യൂണിസെഫ് അറിയിച്ചു.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്നതെന്ന് കരുതപ്പെടുന്ന ഈ രോഗത്തിന്റെ നിയന്ത്രണവും, അതിൽനിന്നുള്ള പ്രതിരോധവും ഉറപ്പാക്കാൻ വേണ്ടി, സോപ്പ്, അണുനാശിനികൾ, വ്യക്തിഗതസംരക്ഷണഉപകാരണങ്ങൾ, ജലം ശുദ്ധീകരിക്കാൻവേണ്ടിയുള്ള ഗുളികകൾ, പുതിയ ജലസംഭരണടാങ്കുകൾ തുടങ്ങിയവയാണ് യൂണിസെഫ് നിലവിൽ പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളിലേക്കുമായി അടിയന്തിരപ്രതിരോധസഹായസംഘം എത്തുമെന്നറിയിച്ച യൂണിസെഫ്, നിലവിൽ 2000-ത്തോളം സാമൂഹിക ആരോഗ്യപ്രവർത്തകർ രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായി സേവനമനുഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

കോംഗോയിലെ രോഗബാധിത പ്രദേശങ്ങളിൽ കുട്ടികളുടേതുൾപ്പെടെയുള്ള ജീവിതം കൂടുതൽ സുരക്ഷിതമാക്കുന്നതിനായി, അവിടേക്കുള്ള സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. മൂന്നാമത് അടിയന്തിരാവസ്ഥാനിലയാണ് ഈ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് യൂണിസെഫ് പ്രഖ്യാപിച്ചിരിക്കുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മേയ് 2026, 13:34