തിരയുക

ബുർക്കിന ഫാസോയിൽ നിന്നുള്ള കാഴ്ച്ച ബുർക്കിന ഫാസോയിൽ നിന്നുള്ള കാഴ്ച്ച  (AFP or licensors)

ബുർക്കിന ഫാസോയിൽ ജിഹാദി ആക്രമണം: 22 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിൽ 22 ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 'ഗ്രൂപ്പ് ഫോർ ദ സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലിംസ്' (JNIM) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

വത്തിക്കാൻ ന്യൂസ്

പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലുണ്ടായ ജിഹാദി ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 14 സൈനികരും സൈന്യത്തെ സഹായിക്കുന്ന ഏഴ് സന്നദ്ധപ്രവർത്തകരും  ഉൾപ്പെടുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച ഡെഡൗഗൂവിന്  സമീപമുള്ള 'ഡി'എന്ന സ്ഥലത്തെ റാപ്പിഡ് ഇന്റർവെൻഷൻ ബറ്റാലിയൻ  ബേസിന് നേരെയാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ഇതിനുപുറമെ, വടക്കുകിഴക്കൻ പ്രവിശ്യയായ സോൽഹാനിലും , വടക്കൻ സെഗുവേനെഗയിലും സമാനമായ ആക്രമണങ്ങൾ നടന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 'ഗ്രൂപ്പ് ഫോർ ദ സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലിംസ്' (JNIM) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതേസമയം, ആക്രമണത്തിന് പിന്നാലെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി ഭീകരരെയും വധിച്ചതായി സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടു.

2022-ൽ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിൽ ബുർക്കിന ഫാസോയിൽ പട്ടാള അട്ടിമറി നടന്നത് രാജ്യത്തെ ഭീകരവാദം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറവും സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുകയാണ്. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുടെ സാന്നിധ്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമാണ്. ബുർക്കിന ഫാസോയ്ക്ക് പുറമെ അയൽരാജ്യമായ മാലി ഉൾപ്പെടെയുള്ള സഹേൽ (Sahel) മേഖലയിലാകെ സുരക്ഷാ ഭീഷണി വർധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ജൂലൈ 2026, 11:10