ചൈനയിൽ കനത്ത മഴയും വെള്ളപ്പൊക്കവും: 15 മരണം
വത്തിക്കാൻ ന്യൂസ്
ചൈനയിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലുംകുറഞ്ഞത് 15 പേർ മരിക്കുകയും 48,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അധികൃതർക്ക് നിർദ്ദേശം നൽകി. ദുരന്ത നിവാരണത്തിനായി സർവസന്നാഹങ്ങളും സജ്ജമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും 11 പേർ മരിക്കുകയും 331 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ ആയിരക്കണക്കിന് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തെക്കൻ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിൽ 'മെയ്‌സാക്' (Maysak) ടൈഫൂണിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിക്കുകയും 50,000-ത്തിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരാവുകയും ചെയ്തു. എട്ടുപേരെ ഇവിടെ കാണാതായിട്ടുണ്ട്.
ഗ്വാങ്‌സിയിൽ കനത്ത മഴയെത്തുടർന്ന് ചില അണക്കെട്ടുകൾക്ക് തകരാർ സംഭവിച്ചതിനാൽ വെള്ളപ്പൊക്ക ജാഗ്രത ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിൽ മണ്ണിടിച്ചിലിനെത്തുടർന്ന് 33 പേർ മണ്ണിനടിയിലായി. ഇതിൽ 17 പേരെ രക്ഷപ്പെടുത്തി, ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ചൈനയിൽ അടുത്ത കാലത്തായി തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും വർദ്ധിച്ചുവരികയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനവും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലുമാണ് ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യമാണ് ചൈനയെങ്കിലും, പുനരുപയോഗ ഊർജ മേഖലയിൽ ലോകത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യവും ചൈനയാണ്. 2060-ഓടെ കാർബൺ രഹിത രാജ്യമായി മാറാനാണ് ചൈന ലക്ഷ്യമിടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.