ലെബനനിൽ ഒരു ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസസാധ്യത നഷ്ടമായേക്കാം: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലെബനൻ നേരിടുന്ന സംഘർഷങ്ങളും ആക്രമണങ്ങളും അവിടെയുള്ള പതിനായിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസസാധ്യത നഷ്ടപ്പെടുത്തിയേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. രാജ്യത്ത് ഇതിനോടകം 340 സ്‌കൂൾ കെട്ടിടങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവയിൽ പലതിനും വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്നും പതിനേഴ് സ്‌കൂളുകൾ പൂർണ്ണമായും തകർക്കപ്പെട്ടിട്ടുണ്ടെന്നും, ജൂലൈ 3 വെള്ളിയാഴ്‌ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു. പല സ്‌കൂളുകളുടെയും അറ്റകുറ്റപ്പണികൾ എങ്ങുമെത്തിയിട്ടില്ലെന്നും സംഘടന കൂട്ടിച്ചേർത്തു.
രാജ്യം നേരിടുന്ന ആക്രമണങ്ങൾ അവിടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസസാധ്യത വലിയ തോതിൽ ഇല്ലാതാക്കുമെന്ന് ആവർത്തിച്ച യൂണിസെഫ്, നബാത്തിയ, തെക്കൻ ലെബനൻ, ബെക്കാ, ബാൽബെക്-ഹെർമെൽ, ബെയ്റൂത്ത്, മൗണ്ട് ലെബനൻ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവയുടെ പിന്തുണയോടെയാണ് ശിശുക്ഷേമനിധി ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
വിദ്യാഭ്യാസം നേടാനുള്ള ഇടമെന്നതിനൊപ്പം കുട്ടികൾക്ക് സുരക്ഷ ലഭ്യമാക്കേണ്ട ഇടം കൂടിയാണ് സ്‌കൂളുകളെന്ന് രാജ്യത്തേക്കുള്ള യൂണിസെഫ് പ്രതിനിധി മാർക്കോലൂയിജി കോർസി ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസസാധ്യതകൾ തടസ്സപ്പെടുന്നത് കുട്ടികളുടെ പഠനം, മാനസികാരോഗ്യം, ക്ഷേമം, ഭാവി എന്നിവയെ വലിയ തോതിൽ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാലവേല, ശൈശവവിവാഹം തുടങ്ങിയ പ്രശ്‍നങ്ങൾക്കും ഇത് കാരണമായേക്കുമെന്ന് യുണിസെഫ് ചൂണ്ടിക്കാട്ടി.
ആക്രമിക്കപ്പെട്ട സ്‌കൂളുകൾ രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിച്ച് വീണ്ടും ഉപയോഗപ്രദമാക്കാനുള്ള ശ്രമങ്ങളിലേർപ്പെട്ടിരിക്കുകയാണെന്ന് ശിശുക്ഷേമനിധി അറിയിച്ചു. സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ കൂടുതലായി ഉണ്ടാകണമെന്ന് ഓർമ്മിപ്പിച്ച സംഘടന, എല്ലാ കുട്ടികൾക്കും സുരക്ഷിതമായ വിദ്യാഭ്യാസയിടങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.