തിരയുക

സുഡാനിൽ നിന്നുള്ള ദയനീയമായ കാഴ്ച്ച സുഡാനിൽ നിന്നുള്ള ദയനീയമായ കാഴ്ച്ച  

സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷം: നിരവധി കുട്ടികൾ കൊല്ലപ്പെട്ടു

2026-ന്റെ ആദ്യ പകുതിയിൽ, സുഡാനിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ, 330 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു എന്ന് യൂണിസെഫ് സംഘടന മാധ്യമക്കുറിപ്പിൽ വിശദീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധം സാധാരണ ജനങ്ങൾക്ക് പൊതുവിലും, പ്രത്യേകിച്ച് കുട്ടികളെ സാരമായി ബാധിക്കുന്നുവെന്നും, നിരവധി ജീവനുകൾ അപഹരിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട്, യൂണിസെഫ് സംഘടന മാധ്യമക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 2026-ലെ ആദ്യ ആറ് മാസത്തിനുള്ളിൽ മാത്രം രാജ്യത്ത് കുറഞ്ഞത് 330 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടിൽ എടുത്തു പറയുന്നു. ദർഫൂർ, കൊർദോഫാൻ എന്നീ മേഖലകളിലാണ് കുട്ടികൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2026 മെയ് മുതൽ ഉണ്ടായ ഡ്രോൺ ആക്രമണങ്ങളിലും മറ്റ് ഷെല്ലാക്രമണങ്ങളിലും വടക്കൻ കൊർദോഫാനിലെ അൽ ഒബൈദിലും (Al Obeid) പരിസര പ്രദേശങ്ങളിലും മാത്രം 35 കുട്ടികൾ ഇരകളായി. ഇതിൽ 18 കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ 17 വയസ്സുവരെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ 60 ശതമാനവും ഡ്രോൺ ആക്രമണങ്ങൾ മൂലമാണെന്നത് യുദ്ധത്തിന്റെ മാറിയ സ്വഭാവത്തെയും അത് കുട്ടികൾക്കുണ്ടാക്കുന്ന ഭീഷണിയെയും എടുത്തുകാണിക്കുന്നു.

തുടർച്ചയായ ബോംബാക്രമണങ്ങൾ വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, ശുദ്ധജല വിതരണ സംവിധാനങ്ങൾ എന്നിവ തകർത്തു. സാഹചര്യം ഇനിയും വഷളായാൽ കൂടുതൽ കുട്ടികൾ മരണപ്പെടുവാനും, ആളുകൾ കൂടുതലായി പലായനം ചെയ്യുവാനും  സാധ്യതയുണ്ടെന്നും  യൂണിസെഫ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുക, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക അതിക്രമങ്ങൾ, വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ എന്നിവയും സുഡാനിൽ തുടരുകയാണ്.

സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കണമെന്നും, മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കാൻ അനുവദിക്കണമെന്നും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളോടും യൂണിസെഫ് അടിയന്തരമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

07 ജൂലൈ 2026, 10:40