തിരയുക

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാഴ്ച്ച അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

അഫ്ഗാനിസ്ഥാനിൽ മാനുഷിക പ്രതിസന്ധി രൂക്ഷം

താലിബാൻ അധികാരം പിടിച്ചെടുത്ത് അഞ്ച് വർഷം പിന്നിടുമ്പോൾ, രാജ്യത്തെ പകുതിയോളം ജനങ്ങൾ നിലനിൽപ്പിനായി മാനുഷിക സഹായം തേടുകയാണ്. ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ നിർബന്ധിത തിരിച്ചുവരവ് നിലവിലെ പ്രതിസന്ധി വർദ്ധിപ്പിക്കുകയും ചെയ്യുന്നു

ഫ്രാഞ്ചെസ്‌കോ ചിത്തേറിക്ക്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

താലിബാൻ ഭരണമേറ്റെടുത്ത് അഞ്ച് വർഷം പിന്നിടുമ്പോൾ, ലോകത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടതും,  മാനുഷിക പ്രതിസന്ധിയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നതുമായ രാഷ്ട്രമായി അഫ്ഗാനിസ്ഥാൻ മാറിയെന്നും, ഇന്ന് ഈ ദുരന്തം ആരും വേണ്ടത്ര ഗൗനിക്കുന്നില്ലെന്നും, നോർവീജിയൻ റെഫ്യൂജി കൗൺസിൽ റിപ്പോർട്ടിൽ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള യുദ്ധങ്ങൾ, അധിനിവേശങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നിവ അഫ്ഗാനിസ്ഥാനെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഇന്ന് അവിടുത്തെ ജനസംഖ്യയുടെ പകുതിയോളം പേർക്കും ജീവൻ നിലനിർത്താൻ അടിയന്തര സഹായം ആവശ്യമാണെന്നത് ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

2025-ൽ മാത്രം ഏകദേശം 2.9 ദശലക്ഷം അഫ്ഗാൻ പൗരന്മാരാണ് ഇറാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും നിർബന്ധിതമായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തേണ്ടി വന്നത്. യാതൊരുവിധ സൗകര്യങ്ങളോ രേഖകളോ ഇല്ലാതെ തിരിച്ചെത്തുന്ന ഇവരെ ഉൾക്കൊള്ളാൻ തകർന്നടിഞ്ഞ അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല എന്നത് ഏറെ പരിതാപകരമാണ്. ഇതിനുപുറമെ, കടുത്ത വരൾച്ചയും ഭൂകമ്പങ്ങളും പോലുള്ള പ്രകൃതിദുരന്തങ്ങൾ രാജ്യത്തെ സ്ഥിതി കൂടുതൽ വഷളാക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വിദേശ സഹായത്തിന്റെ കുറവും മൂലം ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാവുകയും ആരോഗ്യസേവനങ്ങൾ ഇല്ലാതെ വലയുകയുമാണ്.

മനുഷ്യാവകാശ ലംഘനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സാമൂഹിക ഘടനയെ തന്നെ നശിപ്പിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുന്നത് കേവലം അവകാശ ലംഘനം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ തന്നെ ഇരുട്ടിലാക്കുന്ന ഒന്നാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ലോകരാജ്യങ്ങളുടെ ശ്രദ്ധ കുറയുന്നതും സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതും അഫ്ഗാൻ ജനതയെ കൂടുതൽ രൂക്ഷമായ സ്ഥിതിയിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

15 ഓഗസ്റ്റ് 2026, 13:37