തിരയുക

ഇന്തോനേഷ്യയിൽ നിന്നുള്ള കാഴ്ച്ച ഇന്തോനേഷ്യയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം: സഭ ദുരിത ബാധിതർക്കൊപ്പം

2026 ഓഗസ്റ്റ് 15 നു ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച് ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു

വത്തിക്കാൻ ന്യൂസ്

കിഴക്കൻ ഇന്തോനേഷ്യയിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണസംഖ്യ 38 ആയി ഉയർന്നു. ഫ്ലോറസ് ദ്വീപിലെ എൻഡെ അതിരൂപതയിലെ നിരവധി പള്ളികൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താൻ ആർച്ച് ബിഷപ്പ് നിർദ്ദേശം നൽകി. കനത്ത മണ്ണിടിച്ചിലും വാർത്താവിനിമയ തടസ്സങ്ങളും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും സഭയും അധികൃതരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.

ഏകദേശം 2,000-ത്തോളം ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ക്യാമ്പുകളിലേക്ക് മാറേണ്ടി വരികയും ചെയ്തു. എൻഡെ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ അകലെ കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുടക്കത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് കടൽനിരപ്പിൽ കാര്യമായ മാറ്റമില്ലാത്തതിനാൽ അത് പിൻവലിച്ചു.

ഭൂചലനത്തെത്തുടർന്ന് എൻഡെ അതിരൂപതയിലെ കത്തോലിക്കാ സമൂഹം വലിയ വെല്ലുവിളികളെയാണ് നേരിടുന്നത്.  വിശ്വാസികളോട് പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കാനും പ്രാർത്ഥനയിൽ ഒരുമിച്ച് നിൽക്കാനും, അതിരൂപതാധ്യക്ഷൻ, ആർച്ച് ബിഷപ്പ് പൗലോസ് ബുഡി ക്ലെഡൻ ആഹ്വാനം ചെയ്തു. അദ്ദേഹവും, ദുരിതബാധിത പ്രദേശങ്ങളിലൊന്നിൽ കുടുങ്ങിക്കിടക്കുകയാണ്. അതിരൂപതയ്ക്ക് കീഴിലുള്ള എൻഡോണ, മൗറോൾ, എറാമോ തുടങ്ങിയ ഇടങ്ങളിലെ പള്ളികൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. പലയിടങ്ങളിലും പള്ളികളുടെ മേൽക്കൂരകൾ തകരുകയും ഭിത്തികളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. സിക്കയിലെ സെന്റ് പീറ്റേഴ്‌സ് മേജർ സെമിനാരിയിൽ പ്രഭാത കുർബാനയ്ക്കിടെ മേൽക്കൂര തകർന്നു വീണത് വലിയ ഭീതി പരത്തി.

ഇന്തോനേഷ്യയിലെ പ്രധാന റോഡായ ട്രാൻസ്-ഫ്ലോറസിൽ മണ്ണിടിച്ചിൽ ഉണ്ടായതും വൈദ്യുതി ബന്ധം തകരാറിലായതും വാർത്താവിനിമയ സംവിധാനങ്ങളെയും രക്ഷാപ്രവർത്തനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്റർ മാർഗ്ഗം സഹായങ്ങൾ എത്തിക്കാനും പരിക്കേറ്റവരെ മാറ്റാനുമുള്ള ശ്രമങ്ങൾ ദുരന്തനിവാരണ സേന തുടരുകയാണ്. സഭയുടെ വിവിധ സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

15 ഓഗസ്റ്റ് 2026, 13:42