തകർക്കപ്പെട്ട ഗാസയെ മാധ്യമങ്ങൾ വിസ്മരിച്ചു: ഫാദർ ഗബ്രിയേലെ റൊമാനെല്ലി
വത്തിക്കാൻ ന്യൂസ്
ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടങ്ങിയ ആദ്യ ദിനം മുതൽ ഏറെ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനതയുടെ അവസ്ഥകൾ ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്നും, നിർഭാഗ്യവശാൽ, ഈ സാഹചര്യങ്ങൾ, ഇന്ന് മാധ്യമ ശ്രദ്ധയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണെന്നും ഗാസ നഗരത്തിലെ തിരുക്കുടുംബ ദേവാലയ വികാരി ഫാദർ ഗബ്രിയേലെ റൊമാനെല്ലി എടുത്തു പറഞ്ഞു. റിമിനിയിൽ നടന്നുവരുന്ന നാല്പത്തിയേഴാമത് 'ജനതകളുടെ സൗഹൃദത്തി'നായുള്ള സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ശുദ്ധജല ദൗർലഭ്യത ഇന്ന് ജനതയെ ഏറെ ദുരിതത്തിൽ ആഴ്ത്തിയിരിക്കുയാണെന്നും, പള്ളിയിലെ ജലസംഭരണിയിൽ നിന്ന് 400 ഓളം കുടുംബങ്ങൾക്ക് വെള്ളം നൽകുന്നുണ്ടെങ്കിലും അത് പമ്പ് ചെയ്യാനുള്ള ഇന്ധനത്തിന് വളരെ ഉയർന്ന തുക നൽകേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും വൈകുന്തോറും അവിടുത്തെ അടിയന്തര സാഹചര്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മിക്കവാറും ആളുകൾ തെരുവുകളിലും ടെന്റുകളിലുമാണ് കഴിയുന്നത്. അഴുക്കുചാൽ വെള്ളം കലർന്ന മണലിലാണ് പലരുടെയും വാസം",അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും അശരണർക്കും വേണ്ടി അവിടുത്തെ വൈദികരും, സന്യസ്തരും നിലക്കൊള്ളുന്നുവെന്നും, അതിനാൽ അവർക്കാർക്കും അവിടം വിട്ടു പോകുവാൻ സാധിക്കില്ലെന്നും അദ്ദേഹം പങ്കുവച്ചു. കണ്ണുനീർ അടക്കിപ്പിടിച്ച് ജനങ്ങളെ സ്നേഹിക്കുക എന്ന ദൗത്യമാണ് തങ്ങൾ ഇപ്പോൾ നിർവഹിക്കുന്നതെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു.
കുരിശുമരണമല്ല, ഉത്ഥാനമാണ് അവസാന വാക്ക് എന്ന വിശ്വാസത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും, സമാധാനം സാധ്യമാണെന്നും അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇരുപക്ഷത്തും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും, "യുദ്ധം മതിയാക്കൂ!" എന്ന് ഉറക്കെ വിളിച്ചുപറയാനും നീതിയെക്കുറിച്ച് സംസാരിക്കാനും ലോകത്തോടുള്ള അഭ്യർത്ഥനയോടെയുമാണ് അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.