ഫിലിപ്പീൻസിലെ സ്കൂൾ വെടിവെപ്പ്: യുവജനതയുടെ മാനസിക പ്രയാസങ്ങളെ ശ്രവിക്കുവാൻ ഏവരും തയ്യാറാകണമെന്നു കത്തോലിക്കാ സഭ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
ഫിലിപ്പീൻസിലെ മിന്ദാനാവോ ദ്വീപിലുള്ള സാംബോംഗ സർവ്വകലാശാലയിൽ ഓഗസ്റ്റ് 18-ന് നടന്ന വെടിവെപ്പ് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈശോസഭയുടെ കീഴിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് 15 വയസ്സുകാരനായ പാട്രിക് ഡിലൻ വീ എന്ന വിദ്യാർത്ഥി സഹപാഠിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ മുഹമ്മദ് മേൽ ജലാനി എന്ന വിദ്യാർത്ഥിയും പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. സ്കൂളുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദാരുണമായ സംഭവം വിരൽ ചൂണ്ടുന്നതെന്നു ഫിലിപ്പീൻസിലെ കത്തോലിക്കാ സഭ അടിവരയിട്ടു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികൾ നേരിടുന്ന ഏകാന്തത, ഉത്കണ്ഠ, ഭീഷണിപ്പെടുത്തൽ, പഠന സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ എന്നിവ കേൾക്കാൻ കുടുംബങ്ങളും, സ്കൂളുകളും, സഭയും മുന്നോട്ട് വരണമെന്നു, മനില ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഹോസെ അഡ്വിൻകുല ആവശ്യപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും, കുട്ടികൾക്ക് ഭയമില്ലാതെ കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫിലിപ്പീൻസിലെ സ്കൂളുകളിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന അക്രമസംഭവമാണിത്. ജൂൺ മാസത്തിൽ ടാക്ലോബാൻ സിറ്റിയിലെ ഒരു സ്കൂളിലുണ്ടായ ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. ഫിലിപ്പീൻസിലെ വിദ്യാഭ്യാസ മന്ത്രാലയം ഇതിനകം തന്നെ എല്ലാ സ്കൂളുകൾക്കും സുരക്ഷാ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അമ്പതോളം അക്രമസംഭവങ്ങൾ , വിവിധ സ്‌കൂളുകളിലായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ഗൗരവകരമായ സാഹചര്യമാണ്. കേവലം ശിക്ഷാ നടപടികൾക്കോ സുരക്ഷാ പരിശോധനകൾക്കോ അപ്പുറം,യുവാക്കളെ ശ്രവിക്കുവാനും, അവരെ സ്നേഹത്തോടെയും കരുതലോടും കൂടി നയിക്കാനും ഒരു സാമൂഹിക ശൃംഖല രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഫിലിപ്പീൻസിലെ സഭാ നേതൃത്വം വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.