ഗാസ മുനമ്പിൽ പോഷകാഹാരക്കുറവ് അതിരൂക്ഷം: യൂണിസെഫ് സംഘടന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
ഗാസയിലെ കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാര നിലവാരത്തെക്കുറിച്ച് യൂണിസെഫ് സംഘടന 'സ്മാർട്ട്' എന്ന പേരിൽ നടത്തിയ സർവേ റിപ്പോർട്ട് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവിട്ടു. 2026 ഓഗസ്റ്റ് 25-ന് പുറത്തുവിട്ട ഈ റിപ്പോർട്ട് പ്രകാരം, ഗാസയിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 12.2 ശതമാനം പേരും വിട്ടുമാറാത്ത പോഷകാഹാരക്കുറവ് മൂലമുള്ള വളർച്ചാ മുരടിപ്പ് നേരിടുകയാണ്. ദീർഘകാലമായി നിലനിൽക്കുന്ന മോശം ആരോഗ്യസാഹചര്യങ്ങളും പോഷകാഹാര ലഭ്യതക്കുറവുമാണ് കുട്ടികളുടെ ശാരീരിക വളർച്ചയെ ദോഷകരമായി ബാധിച്ചിരിക്കുന്നതെന്നും സംഘടന എടുത്തു പറയുന്നു.
കുട്ടികൾക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും വലിയ കുറവുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. 6 മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളിൽ 73 ശതമാനം പേരും സർവേയ്ക്ക് തലേദിവസം ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് കഴിച്ചത്. വെറും 22.4 ശതമാനം കുട്ടികൾക്ക് മാത്രമാണ് കുറഞ്ഞ അളവിലെങ്കിലും ആവശ്യമായ പോഷകഗുണമുള്ള ആഹാരം ലഭിക്കുന്നത്. കൂടാതെ, അഞ്ച് വയസ്സിൽ താഴെയുള്ള 37.1 ശതമാനം കുട്ടികളും സർവേ നടത്തുന്നതിന് മുൻപുള്ള രണ്ടാഴ്ചകളിൽ വയറിളക്കം പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. പോഷകാഹാരക്കുറവിനൊപ്പം പകർച്ചവ്യാധികൾ കൂടി പടരുന്നത് കുട്ടികളുടെ ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്നു സംഘടന ചൂണ്ടിക്കാട്ടി.
2025 ഓഗസ്റ്റിൽ ഗാസയിൽ പട്ടിണി മരണം സ്ഥിരീകരിച്ച സമയത്ത് 17,000 കുട്ടികൾ ചികിത്സ തേടിയിരുന്നിടത്ത്, 2026 മാർച്ചിൽ ആ സംഖ്യ 3,000-ത്തിന് താഴെയായി കുറഞ്ഞു. സഹായങ്ങൾ കൃത്യമായി ലഭ്യമാകുമ്പോൾ കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുമെന്നതിന് തെളിവാണിതെന്ന് യൂണിസെഫ് സംഘടന വിലയിരുത്തുന്നു. എങ്കിലും, നിലവിലെ പുരോഗതി വളരെ ദുർബലമാണെന്നും ഏത് നിമിഷവും സ്ഥിതി വഷളാകാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.