തിരയുക

മങ്കിപോക്സ്‌ രോഗബാധയായ ഒരു സ്ത്രീയുടെ ചിത്രം മങ്കിപോക്സ്‌ രോഗബാധയായ ഒരു സ്ത്രീയുടെ ചിത്രം  (AFP or licensors)

ഗിനി-ബിസൌവിൽ എംപോക്സ് ആശങ്ക: രോഗബാധിതരെന്ന് സംശയിക്കുന്നവരിൽ പകുതിയും കുട്ടികളെന്ന് യൂണിസെഫ്

ആഫ്രിക്കയിലെ ഗിനി-ബിസൌവിൽ കടുത്ത മങ്കിപോക്സ്‌ രോഗബാധ ആശങ്കയെന്നും, രോഗബാധിതരെന്ന് സംശയിക്കുന്നവരിൽ പകുതിയും കുട്ടികളെന്നും യൂണിസെഫ്. നിലവിൽ രോഗബാധിതരെന്ന് കരുതുന്ന 23 കുട്ടികളിൽ പതിനാറ് പേർക്ക് നാലുവയസ്സിൽ താഴെയാണ് പ്രായമെന്ന് ഓഗസ്റ്റ് 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പശ്ചിമാഫ്രിക്കയിലെ ഗിനി-ബിസൌവിൽ (Guinea-Bissau) മങ്കിപോക്സ്‌ (mpox) വലിയ തോതിൽ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്നും, നിലവിൽ രോഗബാധിതരെന്ന് കരുതുന്നവരിൽ പകുതിയും പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. രാജ്യത്ത് നിലവിൽ 46 പേരിലാണ് രോഗബാധ സംശയിക്കുന്നതെന്നും, ഇവരിൽ 23 പേരും കുട്ടികളാണെന്നും അറിയിച്ച ശിശുക്ഷേമനിധി, 16 കുട്ടികൾ നാല് വയസ്സിൽ താഴെയുള്ളവരാണെന്ന് ഓഗസ്റ്റ് 20 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് യൂണിസെഫ് പ്രതിനിധി സാന്ദ്ര മർത്തീൻസ് (Sandra Martins) അറിയിച്ചു..

കഴിഞ്ഞ ജൂലൈ 4-നാണ് രാജ്യത്ത് എംപോക്സ് രോഗബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 7 പേരിൽ രോഗബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആറ് കേസുകൾ തലസ്ഥാനമായ ബിസാവുവിലും ഒന്ന് ബിയൊംബോ മേഖലയിലുമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രോഗബാധ സ്ഥിരീകരിച്ച ആളുകൾ മുതിർന്നവരാണ്. ഇതുവരെ രോഗബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

രോഗനിരീക്ഷണ സംവിധാനം ദുർബലം

രോഗബാധ സ്ഥിരീകരിച്ച കേസുകൾ തമ്മിൽ നേരിട്ടുള്ള ബന്ധം കണ്ടെത്താനായിട്ടില്ലെന്നത്, ഇനിയും രോഗബാധ കണ്ടെത്തിയിട്ടില്ലാത്ത രോഗവ്യാപനശൃംഖലകൾ നിലവിലുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. രാജ്യത്ത്, സമൂഹതലത്തിലുള്ള രോഗനിരീക്ഷണം, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, സാമ്പിൾ പരിശോധന, രോഗവ്യാപനം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയിൽ ഗുരുതരമായ പോരായ്മകൾ തുടരുന്നതായി യൂണിസെഫ് തങ്ങളുടെ റിപ്പോർട്ടിലൂടെ വ്യക്തമാക്കി.

കുട്ടികളിൽ രോഗബാധ പടർന്നുപിടിച്ചേക്കാമെന്ന ആശങ്ക

വരുന്ന സെപ്റ്റംബർ മാസത്തിൽ രാജ്യത്ത് സ്‌കൂളുകൾ തുറക്കുന്നത് രോഗം കുട്ടികൾക്കിടയിൽ പടർന്നുപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയ യൂണിസെഫ്, രാജ്യത്തെ ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന (WHO), മറ്റ് പങ്കാളികൾ എന്നിവരുമായി ചേർന്ന് രോഗനിരീക്ഷണം, അണുബാധാ നിയന്ത്രണം, ശുചിത്വ സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ശക്തിപ്പെടുത്തി വരികയാണെന്ന് അറിയിച്ചു.

മനുഷ്യരിലും മറ്റു ചില മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് കുരങ്ങുവസൂരി അല്ലെങ്കിൽ വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്. ഇതിന്റെ ലക്ഷണങ്ങളായ ചർമത്തിലെ പാടുകൾ, പനി, ലിംഫ് ഗ്രന്ഥികളുടെ വീക്കം തുടങ്ങിയവ കണ്ടാൽ ഉടൻ ആരോഗ്യകേന്ദ്രത്തെ സമീപിക്കണമെന്ന് കുടുംബങ്ങളോട് അധികൃതർ നിർദ്ദേശിച്ചു. രോഗവ്യാപനം തടയുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒന്നര ലക്ഷം ഡോളറിന്റെ ധനസഹായം ആവശ്യമുണ്ടെന്ന് ശിശുക്ഷേമനിധി അറിയിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ഓഗസ്റ്റ് 2026, 13:05