കുട്ടികളുടെയും അമ്മമാരുടെയും ഡിജിറ്റൽ ഉപകരണ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കൊച്ചുകുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് അവരുടെ ബൗദ്ധികവും വൈകാരികവുമായ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഇറ്റലി ഘടകം. സംഘടനയുടെ പ്രസിഡന്റ് നിക്കോളാ ഗ്രത്സിയാനോയാണ് (Nicola Graziano) ഓഗസ്റ്റ് 13-ന് പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ ഇത് സംബന്ധിച്ച ആശങ്ക വ്യക്തമാക്കിയത്.
ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ കുഞ്ഞുങ്ങളുടെ വളർച്ച പ്രധാനമായും മാതാപിതാക്കളും കുഞ്ഞുങ്ങളെ പരിചരിക്കുന്ന മുതിർന്നവരുമായുള്ള നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ് നടക്കുന്നതെന്ന് ഓർമ്മിപ്പിച്ച സംഘടന, നേർക്കാഴ്ച, സംസാരത്തിലൂടെയുള്ള ആശയവിനിമയം, പരസ്പര ഇടപെടലുകളിലൂടെ രൂപപ്പെടുന്ന ബന്ധം എന്നിവയ്ക്ക് കുട്ടികളുടെ വളർച്ചയിൽ നിർണ്ണായക പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി. ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതമായ ശ്രദ്ധയും താത്പര്യവും കുട്ടികളിൽ ആരോഗ്യകരമല്ലാത്ത ശീലങ്ങൾ രൂപപ്പെടാൻ ഇടയാക്കിയേക്കുമെന്ന് യൂണിസെഫ് ചൂണ്ടിക്കാട്ടി.
മുലയൂട്ടുന്ന അമ്മമാരും കുഞ്ഞുങ്ങളും
കുഞ്ഞുങ്ങളുടെ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരുടെ സ്മാർട്ടഫോൺ പോലെയുള്ള ഉപകരണങ്ങളുടെ അമിതമായ ഉപയോഗം അമ്മയും കുഞ്ഞും തമ്മിലുള്ള പരസ്പരബന്ധത്തിനും ആശയവിനിമയത്തിനും തടസ്സമാകുമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ യൂണിസെഫ് പ്രസ്താവിച്ചു. ചെറിയ ഇടവേളകളിൽപ്പോലും തുടർച്ചയായി അമ്മമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നത്, ഇരുവരും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ ഗുണനിലവാരം മോശമാക്കാൻ സാധ്യതയുണ്ടെന്ന് സംഘടന ഓർമ്മപ്പെടുത്തി.
കുട്ടികൾക്കായി സുരക്ഷിത ഡിജിറ്റൽ ഇടം
കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കുന്നതിനുമായി ബന്ധപ്പെട്ട പൊതുതത്വങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ജൂണിൽ ജി7 (G7) രാജ്യങ്ങളിലെ ഡിജിറ്റൽ-സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ മന്ത്രിമാർ ധാരണയിലെത്തിയിരുന്നുവെന്ന് ഓർമ്മിപ്പിച്ച സംഘടന, സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങൾ, പ്രായപരിശോധന, കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ശുപാർശാ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് വിശദീകരിച്ചു.
ജി7 രാജ്യങ്ങളിലെ പത്ത് കോടിയോളം കുട്ടികളുടെയും, മറ്റു രാജ്യങ്ങളിലെ നൂറോളം കോടി കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മേലുദ്ധരിച്ച ധാരണ സഹായകരമാകുമെന്ന് ഓർമ്മിപ്പിച്ച ശിശുക്ഷേമനിധി പ്രാദേശിക ഘടകം, കുട്ടികളുടെ ആരോഗ്യവും സമഗ്രവളർച്ചയും മുൻനിർത്തി നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെയും വിവേകപൂർവ്വവും ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.