തിരയുക

സാറിയ രൂപതാദ്ധ്യക്ഷൻ ബിഷപ് ഹബില ദാബോ (H.E. Msgr. Habila Tyiakwonaboi Daboh) സാറിയ രൂപതാദ്ധ്യക്ഷൻ ബിഷപ് ഹബില ദാബോ (H.E. Msgr. Habila Tyiakwonaboi Daboh) 

നൈജീരിയയിൽ ഒരു വൈദികനെക്കൂടി അക്രമികൾ തട്ടിക്കൊണ്ടുപോയി: ഫീദെസ് ഏജൻസി

കഡുന സംസ്ഥാനത്തെ സ്സറിയ രൂപതയിലെ ഇമ്മാനുവേൽ എസീമ എന്ന വൈദികനെ ഡിസംബർ 2 ചൊവ്വാഴ്ച രാവിലെ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ഇടവക ദേവാലയത്തിൽനിന്ന് തട്ടിക്കൊണ്ടുപോയതായി ഫീദെസ് ഏജൻസി അറിയിച്ചു. കടുത്ത അരക്ഷിതാവസ്ഥ നിലനിന്നിരുന്നതിനാൽ പ്രസിഡന്റ് ബോള ആഹ്മെദ് തിമ്പു നവംബറിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നൈജീരിയയിലെ സ്സറിയ (Zaria) രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഇമ്മാനുവേൽ എസീമ (Emmanuel Ezema) എന്ന വൈദികനെ, അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്ന ഇടവകയിൽനിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയതായി, പ്രാദേശികകേന്ദ്രങ്ങളെ അധികരിച്ച്, ഫീദെസ് ഏജൻസി അറിയിച്ചു. നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള കഡുന (Kaduna) സംസ്ഥാനത്താണ് സ്സറിയ രൂപത.

ഡിസംബർ രണ്ടാം തീയതി ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ, ഫാ. ഇമ്മാനുവേൽ ശുശ്രൂഷ ചെയ്തിരുന്ന, റൂമിയിലുള്ള (Rumi), സെന്റ് പീറ്റർ ഇടവകയിലെ വൈദികമന്ദിരത്തിൽ അതിക്രമിച്ചു കയറിയ അക്രമികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന്, രൂപതയുടെ ചാൻസലർ ഫാ. ഇസെക് അഗസ്റ്റിൻ (Isek Augustine) ഒരു ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ഫാ. ഇമ്മാനുവേലിന്റെ വിമോചനത്തിനായി പ്രാർത്ഥിക്കാൻ രൂപത വിശ്വാസികളോട് അഭ്യർത്ഥിച്ചു.

നൈജീരിയയിൽ ഏറെ നാളുകളായി തുടർന്നുവരുന്ന ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ, ധനസമ്പാദന ലക്ഷ്യത്തോടെ നടന്നുവരുന്ന ഒരു അക്രമപരമ്പരയുടെ ഭാഗമാണെന്നും, രാജ്യത്തെ എല്ലാ സാമൂഹ്യവിഭാഗങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്നും ഫീദെസ് ഏജൻസി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സമാനസംഭവങ്ങൾ അരങ്ങേറിയതിനെത്തുടർന്ന് നവംബർ അവസാനം പ്രസിഡന്റ് ബോള ആഹ്മെദ് തിമ്പു (Bola Ahmed Tinubu) അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ദീർഘനാളുകളായി സമർപ്പിതരെയും സാധാരണക്കാരെയും തട്ടിക്കൊണ്ടുപോകുന്നതിന്റെ വാർത്തകൾ നൈജീരിയയിൽനിന്ന് എത്തിയിരുന്നു.

നൈജീരിയയിലെ ക്വാര (Kwara) സംസ്ഥാനത്ത് നവംബർ 24-ന് ഗർഭിണിയായ ഒരു സ്ത്രീയെയും പത്ത് കുട്ടികളെയും, മുലയൂട്ടുന്ന രണ്ട് അമ്മമാരെയും ഇരുപതോളം വരുന്ന ഒരു സായുധ സംഘം തട്ടിക്കൊണ്ടുപോയത് ഫീദെസ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഡിസംബർ 2025, 14:53