ഖനനവുമായി ബന്ധപ്പെട്ട സംഘർഷമേഖലകളിൽ ജനങ്ങൾക്ക് തുണയായി ലാറ്റിനമേരിക്കൻ സഭ: ഫീദെസ് ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഖനനവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ നിലനിൽക്കുന്നതുൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾക്കൊപ്പം നിന്നും, ഭൂമിയുടെ പരിപാലനവും, ജീവനും പൊതുനന്മയും പ്രോത്സാഹിപ്പിച്ചും മദ്ധ്യ, തെക്കൻ അമേരിക്കയിലെ പ്രാദേശികസഭകൾ. പൊതുനന്മയും പ്രകൃതിപരിപാലനവും അതിലുപരി മനുഷ്യജീവിതവും മുൻനിറുത്തിയുള്ള വികസനമാണ് സഭ ആവശ്യപ്പെടുന്നതെന്നും, അവയില്ലാതെയുള്ള സാമ്പത്തികവികസനം മാനവരാശിക്ക് ഉപകാരപ്രദമാകില്ലെന്നും, പ്രദേശത്തെ വിവിധ പ്രാദേശികസഭാനേതൃത്വങ്ങളെ അധികരിച്ച് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തെക്കേ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലുമുള്ള ഖനനവും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, ഈ പ്രദേശങ്ങളിലെ വിവിധ മെത്രാൻസമിതികളുടെ സംയുക്തസമിതി (CELAM), "സഭകളും ഖനികളും" എന്ന പേരിലുള്ള ശൃംഖല, സമഗ്രമാനവികവികസനത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി എന്നിവയുടെ സഹകരണത്തോടെ, പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇടയലേഖനങ്ങൾ ഇറക്കിയിരുന്നു. പ്രത്യേക പരിശീലന ക്ലാസുകൾ ഉൾപ്പെടുത്തിക്കൊണ്ട്, ഖനനബാധിത മേഖലയിലെ സമൂഹങ്ങളെ അനുഗമിക്കുന്നതിനുള്ള സഭാപരമായ പദ്ധതികളാണ് ഇതുവഴി ഒരുക്കിയിരുന്നത്.
പനാമ, ഹൊണ്ടൂരാസ്, ഇക്വഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ ഖനനമേഖലയിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിൽ സവിശേഷമായ രീതിയിൽ സഭ ജനങ്ങൾക്കൊപ്പം നിന്നുവെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്തു.
മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന പദ്ധതികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ വിലയിരുത്തണമെന്ന്, പനാമയിലെ ചിത്രേ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് റാഫേൽ വാൽദിവിയെസോ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങൾക്കല്ല, മനുഷ്യാന്തസ്സും പൊതുനന്മയും സംരക്ഷിക്കലിനാണ് സഭ ശ്രദ്ധ കൊടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഖനനമേഖലകളുമായി ബന്ധപ്പെട്ട്, പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർക്കെതിരെ ഹൊണ്ടൂരാസിലുണ്ടായ ആക്രമണങ്ങളിൽ പ്രാദേശികസഭ ആശങ്ക രേഖപ്പെടുത്തി. അജപാലനമേഖലയിൽ പ്രവർത്തിച്ചിരുന്ന ഹുവാൻ അന്തോണിയോ ലോപ്പസിന്റെ കൊലപാതകത്തെയും, അതേത്തുടർന്നുണ്ടായ അക്രമസംഭവങ്ങളെയും മെത്രാൻസമിതി അപലപിച്ചിരുന്നു.
ഇക്വഡോറിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും കുടിവെള്ള സ്രോതസ്സുകളും ജനങ്ങളുടെ സ്വകാര്യ ഭൂമിയും സംരക്ഷിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളിൽ സഭ സജീവമായി ഇടപെടുന്നുണ്ടെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്തു. പരിസ്ഥിതിസംരക്ഷണവും, സാമൂഹിക നീതിയും പരസ്പരം ബന്ധപ്പെട്ടതാണെന്നും ഏറ്റവും ദുർബലരായ ജനങ്ങളുടെ സംരക്ഷണം സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യഘടകങ്ങളിലൊന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.