തിരയുക

ഇറ്റലിയുടെ മെത്രാൻസമിതി അദ്ധ്യക്ഷനും ബൊളോഞ്ഞ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മത്തെയോ സൂപ്പി ഇറ്റലിയുടെ മെത്രാൻസമിതി അദ്ധ്യക്ഷനും ബൊളോഞ്ഞ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മത്തെയോ സൂപ്പി  (ANSA)

വെനിസ്വേലയിൽ ഭൂകമ്പബാധിതർക്കായി ഇറ്റലിയിലെ പ്രാദേശികസഭ ധനശേഖരണം നടത്തുന്നു

ജൂൺ 24-നുണ്ടായ രണ്ട് വൻ ഭൂകമ്പങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന വെനിസ്വേലയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ജൂലൈ 26 ഞായറാഴ്ച ഇറ്റലിയിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ധനശേഖരണം നടത്തുമെന്ന് ഇറ്റലിയിലെ മെത്രാൻസമിതി അറിയിച്ചു. കാരിത്താസ് ഇറ്റലിയുടെ സഹകരണത്തോടെയാകും, എല്ലാം നഷ്ടപ്പെട്ട ഈ ജനത്തിനുവേണ്ടിയുള്ള ഇത്തരമൊരു പരിശ്രമം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇരട്ട ഭൂകമ്പങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന വെനിസ്വേലയിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ ധനശേഖരണപദ്ധതിയുമായി ഇറ്റലിയിലെ സഭ. കഴിഞ്ഞ ജൂൺ 24 ബുധനാഴ്ച നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നതിനും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കുകൾക്കും കാരണമായ ഭൂകമ്പങ്ങൾ തകർത്തെറിഞ്ഞ ജീവിതങ്ങൾക്ക് പ്രാർത്ഥനയ്ക്കും സാമീപ്യത്തിനുമൊപ്പം മൂർത്തമായ സഹായമെത്തിക്കാൻവേണ്ടിയാണ് ഈ പരിശ്രമമെന്ന് ഇറ്റലിയുടെ മെത്രാൻസമിതി അദ്ധ്യക്ഷനും ബൊളോഞ്ഞ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മത്തെയോ സൂപ്പി, മെത്രാൻസമിതി ജൂലൈ 9-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ചു.

റിക്ടർ സ്കെയിലിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഈ ദുരന്തങ്ങളിൽ വീടുകളും സമ്പത്തും ഇല്ലാതായവർക്കും, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും മറ്റു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമാണിതെന്ന് കർദ്ദിനാൾ സൂപ്പി പ്രസ്താവിച്ചു. ദുരന്തബാധിതർക്കുവേണ്ടിയുള്ള കൂട്ടായ പ്രാർത്ഥനയ്ക്കുവേണ്ടി അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തിരുന്നു.

ദുരന്തബാധിതരുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, തങ്ങളുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ സഹായമേകണമെന്ന് കാരിത്താസ് ഇറ്റലിയുടെ ഡയറക്ടർ ഫാ. മാർക്കോ പാനിയെല്ലോ അഭ്യർത്ഥിച്ചു. കാരിത്താസ് വെനസ്വേലയുമായി സഹകരിച്ച് മാനുഷിക സഹായവും ഏകോപനവും തുടരുകയാണെന്നും, സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഉടൻ പ്രതിനിധി സംഘം വെനിസ്വേല സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശക്തമായ ഇരു ഭൂചലനങ്ങളിലും തുടർചലനങ്ങളിലുമായി നിരവധി ദേവാലയങ്ങളും, സ്‌കൂളുകളും, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളും അടിസ്ഥാനസേവനസൗകര്യങ്ങളും തകർന്നിരുന്നു. പലയിടങ്ങളിലും കുടിവെള്ളവും ഭക്ഷണവും ശുചിത്വസൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളും ഇപ്പോഴും കൃത്യമായി ലഭ്യമല്ല. സാമ്പത്തികവും സാമൂഹികവുമായ വലിയ പ്രതിസന്ധികൾ നേരിട്ടിരുന്ന ഒരു സാഹചര്യം നിലനിൽക്കെയാണ് ഈ ദുരന്തം രാജ്യത്തെ കൂടുതൽ ബുദ്ധിമുട്ടിലാഴ്ത്തിയത്.

ഭവനരഹിതർക്കും കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വയോധികർക്കും, രോഗികൾക്കും വേണ്ടിയുള്ള സഹായങ്ങൾ എത്തിക്കാൻ വേണ്ടിയുള്ള തങ്ങളുടെ പദ്ധതിയിൽ പങ്കുചേരാനും, ഒറ്റപ്പെട്ട സംഭാവനകൾക്ക് പകരം, ജൂലൈ 26-ന് നടത്തുന്ന ദേശീയ ധനശേഖരണത്തിൽ പങ്കുചേരാനും ഇറ്റലിയിലെ മെത്രാൻ സമിതി ഏവരെയും ആഹ്വാനം ചെയ്തു. 





വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ജൂലൈ 2026, 12:24