ഭൂകമ്പങ്ങൾ ജീവിതം ദുരിതപൂർണ്ണമാക്കിയ വെനിസ്വേലയ്ക്കായി പ്രാർത്ഥന തുടരണമെന്ന് പ്രാദേശികസഭ
സെബാസ്റ്റ്യൻ സാൻസോൺ ഫെറാറി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജൂൺ 24 ബുധനാഴ്ചയുണ്ടായ അതിശക്തമായ രണ്ട് ഭൂചലനങ്ങളും തുടർചലനങ്ങളും മൂലം ദുരിതമനുഭവിക്കുന്ന വെനിസ്വേലയിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യമുണ്ടെന്ന്, ഭൂചലനകേന്ദ്രമായിരുന്ന ല ഗ്വയിരയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക വികാരി ഫാ. അന്റോണിയോ റെല്ല. കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിനനുവദിച്ച ഒരു അഭിമുഖത്തിൽ സംസാരിക്കവെ, രാജ്യത്ത് ആയിരക്കണക്കിന് ജനങ്ങൾ ഇപ്പോഴും ദുരിതാവസ്ഥയിലാണ് തുടരുന്നതെന്നും, അവർക്കായി ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇനിയും ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂകമ്പങ്ങളിൽ വിമലാംബിക ഇടവകദേവാലയത്തിന് ചെറിയ കേടുപാടുകളെ ഉണ്ടായുള്ളൂവെന്നും, അതുകൊണ്ടുതന്നെ വൈദികർക്കുള്ള സംഗമകേന്ദ്രമായും ദുരിതബാധിതർക്കുവേണ്ടിയുള്ള ദുരിതാശ്വാസസാധനങ്ങളുടെ വിതരണകേന്ദ്രമായും ഈ ദേവാലയം മാറിയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ല ഗ്വയിര കത്തീഡ്രലിന് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അത് പൊളിച്ചു നീക്കേണ്ടിവരുമെന്നും രൂപതാ വൈദികൻ കൂടിയായ അദ്ദേഹം വിശദീകരിച്ചു.
വിവിധ രാജ്യങ്ങളിൽനിന്ന് വെനസ്വേലയിലേക്ക് സഹായങ്ങൾ എത്തിച്ചേർന്നുവെന്നും, ആദ്യഘട്ടത്തിലെ ഏകോപന ബുദ്ധിമുട്ടുകൾ മറികടന്ന്, കാരിത്താസ് വെനസ്വേല സന്നദ്ധപ്രവർത്തകരുടെ കൂടി സഹായത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നൂറുകണക്കിന് ആളുകൾക്ക് തങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ നഷ്ടമായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ജീവിതം പ്രതിസന്ധിയിലാണെന്നും ഫാ. റെല്ല പറഞ്ഞു. ഭൗതിക പുനഃനിർമ്മാണത്തിനൊപ്പം, ആത്മീയവും മാനസികവുമായ പിന്തുണയും രാജ്യത്തെ ജനത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂകമ്പങ്ങളിൽ നൂറുകണക്കിന് വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നുവീണുവെന്നും നിരവധി ആളുകളെ ഇനിയും കണ്ടുകിട്ടിയിട്ടില്ലെന്നും ഫാ. റെല്ല അറിയിച്ചു.
വെനസ്വേലയ്ക്കുവേണ്ടി സഹായങ്ങൾ എത്തിക്കാനാകില്ലെങ്കിലും, ഈ ദുരിതത്തിൽ ബുദ്ധിമുട്ടുന്ന ഏവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച ഫാ. റെല്ല, തങ്ങളുടെ പ്രിയപ്പെട്ടവരെയും, ഭവനങ്ങളും, വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് ഇത് ആത്മബലം നൽകുമെന്ന് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.