ഗാസായിലെ സംഘർഷങ്ങളുടെ ആയിരം ദിനങ്ങൾ പിന്നിടുമ്പോൾ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി ഫാ. റൊമനെല്ലി
ഫ്രഞ്ചേസ്ക്ക സബത്തിനെല്ലി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ആയിരം ദിവസം പിന്നിടുമ്പോഴും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ശക്തമായ തോതിൽ തുടരുകയാണെന്നും പ്രദേശത്തെ സാധാരണ ജനം ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഗാസാ തിരുഹൃദയദേവാലയം വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. എന്നാൽ സമാധാനസ്ഥാപനം ഇപ്പോഴും സാധ്യമാണെന്നും അതിനായി ഏവരുടെയും പ്രാർത്ഥനകൾ ആവശ്യമുണ്ടെന്നും അദ്ദേഹം വത്തിക്കാൻ ന്യൂസിനനുവദിച്ച അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേൽ പ്രദേശത്ത് നടത്തിയ ആക്രമണത്തെ തുടർന്നായിരുന്നു ഈ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
ഗാസാ മുനമ്പുൾപ്പെടെയുള്ള പ്രദേശങ്ങളിൽ സമാധാനസ്ഥാപനത്തിനായി പ്രാർത്ഥന തുടരണമെന്നും, അന്താരാഷ്ട്രനേതൃത്വങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവിടുത്തെ ജനങ്ങളെ മറക്കരുതെന്നും ഫാ. റൊമനെല്ലി അഭ്യർത്ഥിച്ചു. സമാധാനത്തിന്റെയും നീതിയുടെയും സന്ദേശം എങ്ങും പരക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ഗാസായിൽ ആവശ്യത്തിന് ഭക്ഷണവും മരുന്നുകളും കുടിവെള്ളവും ലഭ്യമല്ലെന്ന് വിവിധ അന്താരാഷ്ട്രസംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സംഘടനകളുടെ കണക്കുകൾ, പ്രദേശത്ത് നിലവിലെ പ്രശ്നങ്ങൾ ആരംഭിച്ചതിന് ശേഷം ഇരുപതിനായിരത്തിലധികം കുട്ടികൾ മരണമടഞ്ഞതായും രണ്ടരലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നതായും വ്യക്തമാക്കുന്നു. ഏതാണ്ട് എട്ടുലക്ഷത്തോളം കുട്ടികളാണ് കുടിയൊഴിയാൻ നിർബന്ധിതരായിരിക്കുന്നത്. കെട്ടിടങ്ങൾ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കണക്കിൽപ്പെടാത്ത ആളുകൾ മണ്ണിനടിയിൽ മറഞ്ഞുപോയിട്ടുണ്ടാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗാസാ പ്രദേശത്തെ പത്തുലക്ഷത്തോളം കുട്ടികൾ ദുരിതമനുഭവിക്കുന്നത് ലോകം ശ്രദ്ധിക്കുന്നില്ലെന്ന് മദ്ധ്യപൂർവ്വദേശങ്ങളിലേക്കും വടക്കേ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്കുമുള്ള സേവ് ദി ചിൽഡ്രൻ സംഘടന പ്രാദേശിക ഡയറക്ടർ അഹ്മദ് അഹെൻദാവി കുറ്റപ്പെടുത്തിയിരുന്നു.
2025 ഒക്ടോബറിൽ ഹമാസും ഇസ്രായേലും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചെങ്കിലും പ്രദേശത്ത് ആളുകളുടെ ജീവനെടുത്തുകൊണ്ട് ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണെന്ന് ഫാ. റൊമനെല്ലി പ്രസ്താവിച്ചു. ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ ദുരിതാവസ്ഥയിലേക്ക് അന്താരാഷ്ട്രനേതൃത്വങ്ങൾ ശ്രദ്ധ തിരിക്കണമെന്നും, നീതിയുക്തമായ സമാധാനസ്ഥാപനത്തിനുവേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ ക്രൈസ്തവ സമൂഹം
ഗാസാ പ്രദേശത്ത് യുദ്ധം ആരംഭിക്കുന്ന കാലത്ത് കത്തോലിക്കരും ഓർത്തഡോക്സുകാരും ഉൾപ്പെടെ 1.017 പേരാണ് ഉണ്ടായിരുന്നതെന്നും, നാളിതുവരെ ഇവരിൽ 60 പേർ മരണമടഞ്ഞതായും 23 പേർ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടതെന്നും തിരുഹൃദയദേവാലയം വികാരി അറിയിച്ചു. കടുത്ത ആക്രമണകാലത്ത് ക്രൈസ്തവർക്കുൾപ്പെടെ നിരവധി ആളുകൾക്ക് ഇടവക അഭയമേകുകയും ഭക്ഷണസാമഗ്രികൾ നൽകുകയും ചെയ്തിരുന്നു.
ഗാസാ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വൈദ്യുതി ലഭ്യതയും പരുങ്ങലിലാണെന്ന് അറിയിച്ചു. കനത്ത ചൂടിലും ആളുകൾ ടെന്റുകളിൽ കഴിയാൻ നിർബന്ധിതരാകുകയാണെന്നും, എന്നാൽ ചിലർ തകർന്ന കെട്ടിടങ്ങൾക്കിടയിലാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപത്തിമൂന്ന് ലക്ഷത്തോളം ആളുകളാണ് ഇത്തരത്തിൽ ദുരിതപൂർണ്ണമായ അവസ്ഥയിൽ കഴിയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.