ബിഷപ് ഓസോറിയോയുടെ കൊലപാതകം: മൊസാംബിക്കിലെ മെത്രാന്മാർ പാപ്പായ്ക്കരികിൽ
ഫാ. ബെർണാർദോ സുവാത്തെ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മൊസാംബിക്കിലെ മെത്രാൻസമിതി അംഗവും, ക്വെലിമാനെ (Quelimane) രൂപതാദ്ധ്യക്ഷനുമായ ബിഷപ് ഒസോറിയോ അഫോൻസോയുടെ (Osório Afonso) കൊലപാതകം സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരണമെന്ന ആവശ്യവുമായി മെത്രാൻസമിതി നേതൃത്വം. ഈ കൊലപാതകത്തിന് ഒരുമാസത്തിന് ശേഷം, ജൂലൈ 3-ന് പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയ അവസരത്തിലാണ് ബിഷപ് ഒസോറിയോയുടെ മരണത്തിൽ നീതി വേണമെന്ന് സഭാനേതൃത്വം ആവശ്യപ്പെട്ടത്. മൊസാംബിക്ക് മെത്രാൻസമിതി പ്രസിഡന്റും നമ്പൂല (Nampula) അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് ഇഞ്ഞാസിയോ സൗറെ (Inácio Saure), മെത്രാൻസമിതി വൈസ് പ്രസിഡന്റും മപ്പൂത്തോ (Maputo) അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് ജോവോ കാർലോസ് (João Carlos), ബെയ്റ (Beira) അതിരൂപതയുടെ എമിരിറ്റസ് ആർച്ച് ബിഷപ്പ് മോൺ. ക്ലൗദിയോ ദല്ല സുവാന (Claudio Dalla Zuanna) എന്നിവരായിരുന്നു പാപ്പായുമൊത്തുള്ള കൂടിക്കാഴ്ച്ചയ്ക്കായി റോമിലെത്തിയത്.
മൊസാംബിക്കിലെ സാഹചര്യങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം സഭയോട് ഐക്യദാർഢ്യവും സാമീപ്യവും പ്രകടിപ്പിച്ചുവെന്നും വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ മെത്രാൻമാർ അറിയിച്ചു. ഈയൊരു ദുരന്തത്തെ പ്രത്യാശയ്ക്കുള്ള ഉപകരണമാക്കി മാറ്റാനാണ് പരിശുദ്ധ പിതാവ് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് സഭാനേതൃത്വം അറിയിച്ചു.
പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കും വത്തിക്കാനിലെ വിവിധ ഡികാസ്റ്ററികളിൽ നടത്തിയ സന്ദർശനത്തിനും ശേഷം, ബിഷപ് ഓസോറിയോയുടെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ജീവനെ സ്നേഹിച്ചിരുന്ന അദ്ദേഹം വിശ്വാസത്തിന്റെ രക്തസാക്ഷിയാണെന്ന് ആർച്ച്ബിഷപ് ഇഞ്ഞാസിയോ സൗറെ പറഞ്ഞു. രക്തസാക്ഷികളുടെ സഭ കൂടുതൽ ശക്തമാകുമെന്നും അതിയായ ദുഃഖത്തിനിടയിലും തങ്ങൾ പ്രത്യാശ കൈവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 6-ന് ബിഷപ്പ് ഒസോറിയോ സ്വന്തം വസതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതുമുതൽ രാജ്യത്തെ വിശ്വാസികളുൾപ്പെടെയുള്ളവർ ദുഃഖത്തിലും ആശങ്കയിലുമാണെന്ന് മെത്രാൻമാർ പറഞ്ഞു. അധികാരികളുടെ ഭാഗത്തുനിന്ന് സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നും, ആരാണ് ഈ പാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഇനിയും വ്യക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി രൂപതാ ചാൻസലറെയും മറ്റൊരു വൈദികനെയും അറസ്റ്റ് ചെയ്തതായും ചില മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും സഭാനേതൃത്വം വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിനിടെ കൊലപാതകത്തിന് പിന്നിൽ സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണെന്ന നിലയിലുള്ള അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സത്യാന്വേഷണത്തെ ബാധിക്കുന്നുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
അഭിവന്ദ്യ ഓസോറിയോയുടെ കൊലപാതകം, സഭയ്ക്കുള്ളിൽ നടക്കേണ്ട ആത്മപരിശോധനയുടെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നതായി മെത്രാൻമാർ അഭിപ്രായപ്പെട്ടു. പ്രഘോഷിക്കപ്പെടുന്ന മൂല്യങ്ങൾ വൈദികരും സമർപ്പിതരും ജീവിക്കുന്നുണ്ടോയെന്ന ചോദ്യം ഈയൊരു സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഉയരുന്നുണ്ടെന്നും മെത്രാൻസമിതി പ്രതിനിധിസംഘം പറഞ്ഞു. വൈദികരുടെയും സെമിനാരിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കാൻ പരിശ്രമിക്കുന്നവരും സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവരുമായ "ഉപകാരികളുമായുള്ള" ബന്ധത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും മെത്രാന്മാർ അഭിപ്രായപ്പെട്ടു.
അഭിവന്ദ്യ ഓസോറിയോയുടെ മരണം ഒരു പാഠമാണെന്നും, തിന്മയുടെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകാൻ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള സന്ദർശനം പ്രചോദനമേകിയെന്നും ആർച്ച്ബിഷപ് കാർലോസ് പ്രസ്താവിച്ചു. ബിഷപ് ഓസോറിയോ വിശ്വാസത്തിനുവേണ്ടിയാണ് ജീവൻ നൽകിയതെന്ന് ആർച്ച്ബിഷപ് സൗറെ പറഞ്ഞു. ഇത്തരം രക്തസാക്ഷികളുടെ നിണം സഭയെ കൂടുതൽ ശക്തമാക്കുമെന്നും, ദുഃഖത്തിനിടയിലും തങ്ങൾ പ്രത്യാശ കൈവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.