തിരയുക

കത്താനിയയിലെ വിശുദ്ധ അഗതയുടെ നാമഥേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽനിന്നുള്ള ഒരു ചിത്രം കത്താനിയയിലെ വിശുദ്ധ അഗതയുടെ നാമഥേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽനിന്നുള്ള ഒരു ചിത്രം  (@Basilica Cattedrale Sant'Agata_Catania)

ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി കർദ്ദിനാൾ പരൊളീൻ

കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് സിസിലിയിലെ കത്താനിയയിലേക്ക് വിശുദ്ധ വിശുദ്ധ അഗതയുടെ തിരുശേഷിപ്പുകൾ കൊണ്ടുവന്നതിന്റെ ഒൻപതാം ശതാബ്ദിയാഘോഷങ്ങളിൽ പങ്കെടുത്ത് വിശുദ്ധ ബലിയർപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വിശുദ്ധയുടെ രക്തസാക്ഷിത്വം ഇന്നത്തെ ക്രൈസ്തവർക്കും വിശ്വാസത്തിനും മാതൃകയും പ്രചോദനവുമാണെന്ന് പ്രസ്താവിച്ചു. ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കാൻ കർദ്ദിനാൾ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധയിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. വിശുദ്ധ അഗതയുടെ തിരുശേഷിപ്പുകൾ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് കത്താനിയയിലേക്ക് മാറ്റിയതിന്റെ ഒൻപതാം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ദിവ്യബലിയർപ്പിച്ച വേളയിൽ നടത്തിയ പ്രഭാഷണത്തിൽ, വിശ്വാസത്തിന്റെ പേരിൽ ജീവൻ നൽകേണ്ടിവന്ന വിശുദ്ധയുടെ ജീവിതമാതൃക ഉയർത്തിക്കാട്ടിയ അദ്ദേഹം, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ, സഹനങ്ങളിലൂടെ കടന്നുപോകുന്ന ഈ വിശ്വാസികൾക്കായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. ദൈവവിശ്വാസത്തിന്റെ പേരിലും സുവിശേഷത്തിന്റെ പേരിലും പീഡനമനുഭവിക്കുന്ന അനേകം ക്രൈസ്തവർ ലോകത്തുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സിസിലിയിൽ വിശുദ്ധ അഗതയുടെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഈ അനുസ്മരണച്ചടങ്ങിൽ, വിശുദ്ധയുടെ ജീവിതവും രക്തസാക്ഷിത്വവും ഇന്നത്തെ ക്രൈസ്തവർക്കും വിശ്വാസത്തിന്റെ ശക്തമായ പ്രചോദനമാണെന്ന് പറഞ്ഞ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, അതേസമയം, പ്രത്യാശയുടെയും സ്നേഹത്തിന്റെയും സാക്ഷ്യത്തിന്റെ ജീവിതം കൂടിയാണ് വിശുദ്ധയുടേതെന്ന് പ്രസ്താവിച്ചു.

കത്താനിയയുടെ പ്രാദേശിക ചരിത്രത്തിന്റെ ഭാഗം മാത്രമല്ല വിശുദ്ധ അഗതയുടെ ജീവിതമെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ, വിശുദ്ധരെ വെറും ചരിത്രസ്മാരകങ്ങളായി കാണരുതെന്നും അവരുടെ വിശുദ്ധി ഇന്നും വിശ്വാസവും പ്രത്യാശയും സ്നേഹവും ജനിപ്പിക്കുന്നതാണെന്നും ഓർമ്മിപ്പിച്ചു. അഗതയുടെ രക്തസാക്ഷിത്വം അക്രമത്തിന് മുന്നിലെ പരാജയമല്ല, യാതൊരു പീഡനത്തിനും കെടുത്താനാകാത്ത ക്രിസ്തുസ്നേഹത്തിന്റെ സാക്ഷ്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം തകർന്നുവെന്നും നഷ്ടപ്പെട്ടുവെന്നും തോന്നുന്ന നിമിഷങ്ങളിലും ദൈവം തന്റെ വിശ്വസ്തതയിൽ തുടരുന്നുണ്ടെന്ന് വിശുദ്ധ ബലിയിലെ തിരുവചനവായനകളെക്കൂടി അധികരിച്ച് കർദ്ദിനാൾ ഓർമ്മിപ്പിച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ പ്രത്യേകം ഓർക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്ത കർദ്ദിനാൾ, രക്തം ചിന്തിയുള്ളത് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ വിശ്വസ്തതയിൽ ജീവിക്കുമ്പോഴുള്ള “രക്തരഹിത രക്തസാക്ഷിത്വവും” വിശ്വാസസാക്ഷ്യമാണെന്ന് ഓർമ്മിപ്പിച്ചു. പ്രതിസന്ധികളിലും ദൈവത്തോടുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ദമ്പതികൾ, മക്കളെ ക്രൈസ്തവ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾ, സത്യത്തിനും നീതിക്കും വേണ്ടി വിട്ടുവീഴ്ച ചെയ്യാത്തവർ, തങ്ങളുടെ ജീവിതം ഉദാരമായി വ്യയം ചെയ്യുന്ന വൈദികരും സമർപ്പിതരും തുടങ്ങിയവരുടെ ജീവിതം ഈ ദൈനംദിന വിശുദ്ധിയുടെ ഉദാഹരണണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് ക്രൈസ്തവരാണ് വിശ്വാസത്തിന്റെ പേരിൽ ഇന്നും വിവേചനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ഓഗസ്റ്റ് 2026, 13:00