തിരയുക

ഇന്തോനേഷ്യയിൽ ഭൂമികുലുക്കത്തിൽ തകർന്ന ഒരു ദേവാലയത്തിന്റെ ചിത്രം ഇന്തോനേഷ്യയിൽ ഭൂമികുലുക്കത്തിൽ തകർന്ന ഒരു ദേവാലയത്തിന്റെ ചിത്രം 

ഇന്തോനേഷ്യയിലെ ഭൂകമ്പം: ദൈവപരിപാലനയിൽ ആശ്രയം വച്ചും ദുരന്തബാധിതരെ ചേർത്തുപിടിച്ചും സഭ

നിരവധി ആളുകളുടെ മരണങ്ങൾക്കും നൂറുകണക്കിനാളുകൾക്ക് പരിക്കിനും കാരണമായ ഫ്‌ളോറസ് ദ്വീപിലെ കനത്ത ഭൂകമ്പത്തിന്റെ ഇരകൾക്കൊപ്പമാണ് സഭയെന്നും ദൈവസ്നേഹത്തിലും പരിപാലനയിലുമുള്ള വിശ്വാസവും പ്രത്യാശയുമാണ് തങ്ങളെ നയിക്കുന്നതെന്നും റൂതെങ് രൂപതാദ്ധ്യക്ഷൻ ബിഷപ് ഹോർമാത്. ഓഗസ്റ്റ് 15-ന് ഉണ്ടായ 7.7 തീവ്രതയുള്ള ഈ ഭൂമികുലുക്കത്തിൽ 13.000 ആളുകൾ ഭവനരഹിതരായിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവപരിപാലനയിൽ ആശ്രയിച്ചും പ്രതീക്ഷ കൈവിടാതെയുമാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ ദിവസം ഭൂകമ്പം നാശം വിതച്ച ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽനിന്ന് റൂതെങ് (Ruteng) രൂപതാദ്ധ്യക്ഷൻ ബിഷപ് സിപ്രിയാനൂസ് ഹോർമാത് (Bishop Siprianus Hormat). ഈ കനത്ത ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങളും, സഭ നടത്തിവരുന്ന പുനർനിർമ്മാണ, സഹായ പ്രവർത്തനങ്ങളും സംബന്ധിച്ച് ഫീദെസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദനയിൽ ഒരുമിച്ച്

ഓഗസ്റ്റ് 15-ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂമികുലുക്കത്തിൽ 68 പേരെങ്കിലും മരണമടഞ്ഞതായും 213-ലധികം പേർക്ക് പരിക്കേറ്റതായുമുള്ള ഔദ്യോഗിക കണക്കുകൾ പരാമർശിച്ചുകൊണ്ട്, ഈ വലിയ വേദനയിലും ഒരുമിച്ച് നിൽക്കാനും വേദനയനുഭവിക്കുന്നവരെ കൈപിടിച്ചുയർത്താനുമാണ് പ്രാദേശിക കത്തോലിക്കാസഭയും കാരിത്താസ് സംഘടനയും പരിശ്രമിക്കുന്നതെന്ന് ബിഷപ് ഹോർമാതിന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ട് ഫീദെസ് റിപ്പോർട്ട് ചെയ്തു.

ദൈവത്തിന്റെ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ലെന്നും, അതാണ് ഈ ദുരന്തമുഖത്തും തങ്ങൾക്ക് ശക്തി പകരുന്നതെന്നും റൂതെങ് രൂപതാദ്ധ്യക്ഷൻ പ്രസ്താവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ദുരന്തബാധിതരെ സന്ദർശിച്ച അദ്ദേഹം ഏവർക്കും ആത്മീയവും മാനസികവുമായ പിന്തുണ വാഗ്ദാനന്മ ചെയ്തിരുന്നു.

ഏതാണ്ട് 13.000 ആളുകൾ ഭവനരഹിതരായ ഈ പ്രകൃതിദുരന്തത്തിൽ, രൂപതയിലെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ടെന്റുകൾ, ഭക്ഷണം, ചികിത്സാ സഹായം, ദുരിതാശ്വാസ കേന്ദ്രങ്ങൾ എന്നിവ കാരിത്താസ് സംഘടനയുടെ കീഴിൽ ഒരുക്കിയിട്ടുണ്ടെന്ന് ബിഷപ് ഹോർമാത് അറിയിച്ചു.

സർക്കാരും വിവിധ ഏജൻസികളുമായി സഹകരിച്ച് പുനരധിവാസ-പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് രൂപത. പ്രതീക്ഷയോടെയാണ് ഈ ദുരന്തത്തിന് മുന്നിലും തങ്ങൾ ഭാവിയെ കാണുന്നതെന്ന് രൂപതാധ്യക്ഷൻ അറിയിച്ചു.

തുടർചലനങ്ങളും കരുതലും

പ്രധാന ഭൂമികുലുക്കത്തിന് ശേഷം,  2,100-ലേറെ തുടർചലനങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ദേവാലയങ്ങൾക്കുള്ളിലെ ചടങ്ങുകൾ ഒഴിവാക്കി, സുരക്ഷിതമായ തുറസ്സായ സ്ഥലങ്ങളിൽ കുർബാന നടത്താൻ ബിഷപ്പ് നിർദേശം നൽകിയിരുന്നു. അടിയന്തര സഹായത്തോടൊപ്പം ദുരന്തത്തിന്റെ മാനസിക ആഘാതത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനുള്ള ആത്മീയ-മാനസിക ശുശ്രൂഷകളും പിന്തുണയും സഭ നൽകി വരുന്നുണ്ട്.

ദുരന്തത്തിൽ 1,300-ലധികം വീടുകൾ തകർന്നതായും നിരവധി സ്കൂളുകൾക്കും ദേവാലയങ്ങൾക്കും ചാപ്പലുകൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് പ്രധാന റോഡുകൾ തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ഓഗസ്റ്റ് 2026, 13:15