കൊളംബിയ ഭൂകമ്പം: കുട്ടികൾ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരകളാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഓഗസ്റ്റ് 10 തിങ്കളാഴ്ച കൊളംബിയയിലുണ്ടായ കനത്ത ഭൂകമ്പത്തെത്തുടർന്ന് മാതാപിതാക്കളിൽനിന്ന് വേർപിട്ടുപോയ കുഞ്ഞുങ്ങൾ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരകളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സന്നദ്ധസേവനപ്രവർത്തനങ്ങൾ നടത്തുന്ന ചെസ്‌വി (Cesvi) സംഘടന. കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ, ഈ തെക്കൻ അമേരിക്കൻ രാജ്യത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടനയുടെ ഡയറക്ടർ ജനറൽ സ്തേഫനോ പിത്സിയാലിയാണ് (Stefano Piziali), ഇത് വ്യക്തമാക്കിയത്. ശക്തമായ ഭൂകമ്പത്തെത്തുടർന്നുണ്ടായിരിക്കുന്നത് വലിയ മാനവിക പ്രതിസന്ധിയാണെന്ന് പ്രസ്താവിച്ച അദ്ദേഹം, പ്രദേശത്തെങ്ങും, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ഈ സ്ഥിതി രൂക്ഷമായി വരികയാണെന്ന് ഓർമ്മിപ്പിച്ചു.
കുഞ്ഞുങ്ങളുടെ സുരക്ഷാ ഉറപ്പാക്കണം
ദുരന്തം മൂലം മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങളിലെ ഉൾപ്പെടെയുള്ള കുഞ്ഞുങ്ങളെ മനുഷ്യക്കടത്ത് സംഘങ്ങൾ വലയിലാക്കാനുള്ള സാധ്യത നിലവിലുണ്ടെന്ന് ചെസ്‌വി ഡയറക്ടർ ജനറൽ പ്രസ്താവിച്ചു. സായുധ സംഘങ്ങളും ക്രിമിനൽ സംഘടനകളും കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ദുരന്തബാധിത മേഖലകളിൽ ശുദ്ധജലവും ശുചിത്വസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിനൊപ്പം, ഈ പ്രതിസന്ധിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മാനസിക-സാമൂഹിക പിന്തുണയും കരുത്തും നൽകുന്നതിനായി വിവിധ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത ദുരന്തം
റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 300-ഓളം പേർ മരിക്കുകയും 4,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 1979-ന് ശേഷം കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഈ ഭൂമികുലുക്കം ഏതാണ്ട് 53,000 പേരെയാണ് ബാധിച്ചത്.
വർഷങ്ങളായി ആഭ്യന്തര സംഘർഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന രാജ്യത്തുണ്ടായ ഈ പ്രകൃതി ദുരന്തം, ഒറ്റപ്പെട്ട ഗ്രാമങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. നിരവധി കുടുംബങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമല്ല.
രാജ്യത്തെ തദ്ദേശീയ സമൂഹങ്ങൾക്കും പ്രത്യേക സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച ചെസ്‌വി ഡയറക്ടർ ജനറൽ, ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് സ്വയം പര്യാപ്തത നേടാനുതകുന്ന സാമ്പത്തിക സഹായ പദ്ധതികൾ ആരംഭിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം തുടരുമെന്നോർമ്മിപ്പിച്ച അദ്ദേഹം, രാജ്യത്തെ മാനവിക പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും പിന്തുണ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.