പാപ്പാ:കുരിശിൽ യേശുവിൻറെ രോദനം നിരാശയല്ല,പ്രത്യാശയുടെ ആവിഷ്കാരം!

ലിയൊ പതിനാലാമൻ പാപ്പാ , വത്തിക്കാനിൽ, മഴയിൽ കുതിർന്ന ബസിലിക്കാങ്കണത്തിൽ പ്രതിവാര പൊതുദർശനം അനുവദിച്ചു. തദ്ദവസരത്തിൽ പാപ്പാ യേശൂവിൻറെ കുരിശു മരണവേളയിലെ കരച്ചിൽ പരിചിന്തന വിഷയമാക്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ പൊതുവെ കാലാവസ്ഥ മോശമായിരുന്നെങ്കിലും പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ച അരങ്ങേറിയത് വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലായിരുന്നു  ഈ ബുധനാഴ്ച (10/09/25). അതിരാവിലെ ശക്തമായിരുന്ന മഴ പിന്നീടു ശമിച്ചുവെങ്കിലും വീണ്ടും പെയ്തിറങ്ങി. കോരിച്ചൊരിഞ്ഞ മഴയത്തും വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായ ആയിരങ്ങൾ തുറസ്സായ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പലരും ചത്വരത്തിലെ സ്തംഭാവലിക്കിടയിൽ അഭയം തേടുകയും ചെയ്തു. പിന്നീട് മഴ ശമിച്ചു.  പൊതുദർശനം അനുവദിക്കുന്നതിന് റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ഓടെ, പാപ്പാ, മഴയേല്ക്കാത്തവിധം സജ്ജീകരിക്കപ്പെട്ടിരുന്ന തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. മർക്കോസിൻറെ സുവിശേഷത്തിൽ യേശുവിൻറെ കുരിശുമരണം അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഭാഗം, അദ്ധ്യായം 15,33-39 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.

ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെ ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു. ഒമ്പതാം മണിക്കൂർ ആയപ്പോൾ യേശു ഉച്ചത്തിൽ നിലിവിളിച്ചു: എലൊയീ, എലൊയീ, ലെമാ സബക്ക്ത്താനി? അതായത്, എൻറെ ദൈവമേ, എൻറെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? അടുത്തുനിന്നിരുന്ന ചിലർ അതു കേട്ടു പറഞ്ഞു: ഇതാ അവൻ ഏലിയായെ വിളിക്കുന്നു. ഒരുവൻ ഓടിവന്ന്, നീർപ്പഞ്ഞി വിനാഗിരിയിൽ മുക്കി, ഒരു ഞാങ്ങണമേൽ ചുറ്റി, അവന് കുടിക്കാൻ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയാ വരുമോ എന്നു നമുക്കു കാണാം. യേശു ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശ്ശീല മുകളിൽ നിന്ന് താഴെവരെ രണ്ടായി കീറി. അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു .”  മർക്കോസ് 15,33-39

ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ യേശുവിൻറെ പെസഹായെ അവലംബമാക്കി തുടർന്നു. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:

യേശുവിൻറെ കുരിശിലെ രോദനം

പ്രിയ സഹോദരീ സഹോദരന്മാരേ,

നിങ്ങളുടെ സാന്നിധ്യത്തിനു നന്ദിയുണ്ട്. ഇത് മനോഹരമായ ഒരു സാക്ഷ്യമാണ്.

ഇന്ന് നാം ചിന്തിക്കുക യേശുവിൻറെ ഇഹലോക ജീവിതത്തിൻറെ പരിസമാപ്തിയെക്കുറിച്ചാണ്: അവൻറെ കുരിശു മരണം. വിശ്വാസബുദ്ധിയോടെ ധ്യാനിക്കേണ്ട വളരെ വിലയേറിയ ഒരു സവിശേഷതയ്ക്ക് സുവിശേഷങ്ങൾ സാക്ഷ്യമേകുന്നുണ്ട്. കുരിശിൽ, യേശു നിശബ്ദമായിട്ടല്ല മരിക്കുന്നത്. മങ്ങിപ്പോകുന്ന ഒരു വെളിച്ചം പോലെ അവൻ സാവധാനം അണയുകയല്ല, മറിച്ച് ഉച്ചത്തിലുള്ള ഒരു നിലവിളിയോടെ തൻറെ ജീവിതം വെടിയുന്നു: "യേശു, ഉച്ചത്തിൽ നിലവിളിച്ച്, ജീവൻ വെടിഞ്ഞു" (മർക്കോസ് 15:37). ഈനിലവിളി സകലവും ഉൾക്കൊള്ളുന്നു: വേദന, പരിത്യക്തത, വിശ്വാസം, സമർപ്പണം എന്നിങ്ങനെ എല്ലാം. അത് കീഴടങ്ങുന്ന ഒരു ശരീരത്തിൻറെ സ്വരം മാത്രമല്ല, സമർപ്പണം ചെയ്യുന്ന ഒരു ജീവൻറെ ആത്യന്തിക അടയാളവുമാണ്.

യേശുവിൻറെ കരച്ചിൽ നിരാശയുടെ പ്രകടനമല്ല

യേശുവിൻറെ നിലവിളിക്ക് മുമ്പ് ഒരു ചോദ്യം ഉയരുന്നു, ഉച്ചരിക്കാൻ കഴിയുന്നവയിൽ ഏറ്റവും ഹൃദയഭേദകമായ ഒന്ന്: "എൻറെ ദൈവമേ, എൻറെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?" ഇരുപത്തിരണ്ടാം സങ്കീർത്തനത്തിൻറെ ആദ്യ വാക്യമാണിത്, എന്നാൽ അത് യേശുവിൻറെ അധരങ്ങളിൽ അദ്വീതീയമാം വിധം കനത്തതായി ഭവിക്കുന്നു. പിതാവുമായി എപ്പോഴും ഉറ്റ കൂട്ടായ്മയിൽ ജീവിച്ചിരുന്ന പുത്രൻ ഇപ്പോൾ നിശബ്ദതയും അസാന്നിധ്യവും ഗർത്തവും അനുഭവിച്ചറിയുന്നു. ഇത് ഒരു വിശ്വാസ പ്രതിസന്ധിയല്ല, മറിച്ച് അവസാനം വരെ പൂർണ്ണമായി നല്കുന്ന ഒരു സ്നേഹത്തിൻറെ  അവസാന ഘട്ടമാണ്. യേശുവിൻറെ രോദനം നിരാശയല്ല, മറിച്ച് അങ്ങേയറ്റംവരെ സംവഹിക്കപ്പെട്ട ആത്മാർത്ഥതയും  സത്യവും സകലവും നിശബ്ദമായിരിക്കുമ്പോഴും നിലനിൽക്കുന്ന വിശ്വാസവുമാണ്.

മാനുഷിക വേദനയുടെ ആഴങ്ങളിൽ പ്രവേശിക്കുന്ന ദൈവം

ആ നിമിഷം, ആകാശം ഇരുണ്ടുപോകുന്നു, ദേവാലയത്തിൻറെ തിരശ്ശീല രണ്ടായി കീറിപ്പോകുന്നു (മർക്കോസ് 15:33, 38 കാണുക). സൃഷ്ടി തന്നെയും ആ വേദനയിൽ പങ്കുചേരുകയും ഒപ്പം നവമായ എന്തെങ്കിലും വെളിപ്പെടുത്തുകയും ചെയ്യുന്നതുപോലെയാണ് ഇത്: ദൈവം ഇനിമേൽ ഒരു തിരശ്ശീലയ്ക്കു പിന്നിൽ വസിക്കുന്നില്ല; അവൻറെ വദനം ഇപ്പോൾ ക്രൂശിൽ പൂർണ്ണമായും ദൃശ്യമാണ്. അവിടെ, ആ പീഡിത മനുഷ്യനിലാണ്, ഏറ്റവും വലിയ സ്നേഹം ആവിഷ്കൃതമാകുന്നത്. അകന്നുനില്ക്കാതെ നമ്മുടെ വേദനയുടെ ആഴങ്ങളിലൂടെ കടക്കുന്ന ഒരു ദൈവത്തെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത് അവിടെയാണ്.

ഹൃദയത്തിൻറെ രോദനം - പ്രത്യാശ

ഒരു പുറജാതീയനായ ശതാധിപന് ഇത് മനസ്സിലാകുന്നു. അത് അവൻ ഒരു പ്രസംഗം കേട്ടതുകൊണ്ടല്ല, പ്രത്യുത, യേശു അപ്രകാരം മരിക്കുന്നത് അവൻ കണ്ടതുകൊണ്ടാണ്: "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു!" (മർക്കോസ് 15:39). യേശുവിൻറെ മരണാനന്തരം നടന്ന പ്രഥമ വിശ്വാസപ്രഖ്യാപനമാണിത്. കാറ്റിൽ പാറിപ്പോകാത്തതും എന്നാൽ, ഒരു ഹൃദയത്തെ സ്പർശിച്ചതുമായ ഒരു നിലവിളിയുടെ ഫലമാണിത്. ചിലപ്പോൾ, വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്തത് നമ്മൾ ശബ്ദത്തിലൂടെ പ്രകടിപ്പിക്കുന്നു. ഹൃദയം നിറഞ്ഞിരിക്കുമ്പോൾ, അത് നിലവിളിക്കുന്നു. ഇത് എല്ലായ്പ്പോഴും ബലഹീനതയുടെ അടയാളമല്ല; അത് മനുഷ്യത്വത്തിൻറെ ആഴമേറിയ പ്രവൃത്തിയാകാം.

ഉച്ചസ്വരത്തെ നമ്മൾ  അടിച്ചമർത്തേണ്ട ക്രമരാഹിതമായ എന്തോ ഒന്നായി കരുതുന്നു. സുവിശേഷം നമ്മുടെ രോദനത്തിന് അപരിമേയ മൂല്യം നൽകുന്നു, അത് ഒരു പ്രാർത്ഥന, പ്രതിഷേധം, ആഗ്രഹം, സമർപ്പണം എന്നിവയാകാമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. എന്തിനു പറയുന്നു, നമുക്ക് ഇനി വാക്കുകൾ ഇല്ലാതെവരുമ്പോൾ അത് പ്രാർത്ഥനയുടെ ആത്യന്തിക രൂപമായി ഭവിക്കാം. ആ നിലവിളിയിൽ, യേശു അവനുണ്ടായിരുന്ന സകലവും, തൻറെ എല്ലാ സ്നേഹവും സകല പ്രത്യാശയും വച്ചു.

അതെ, കാരണം ഇതും നിലവിളിയിൽ ഉണ്ട്: അതായത്, തോറ്റുകൊടുക്കാത്തതായ ഒരു പ്രത്യാശ. ഇനിയും ആരെങ്കിലും കേൾക്കുമെന്ന വിശ്വസാമുള്ളപ്പോൾ നാം അലറിവിളിക്കുന്നു. ആ രോദനം നിരാശയിൽ നിന്നല്ല, മറിച്ച് ആഗ്രഹത്തിൽ നിന്നാണ് ഉയരുന്നത്. യേശു പിതാവിനെതിരായല്ല, മറിച്ച് പിതാവിനോടാണ് നിലവിളിച്ചത്. നിശബ്ദതയിൽ പോലും, പിതാവ് അവിടെയുണ്ടെന്ന് അവന് ബോദ്ധ്യമുണ്ടായിരുന്നു. അങ്ങനെ, എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും നമ്മുടെ പ്രത്യാശയ്ക്ക് നിലവിളിക്കാൻ കഴിയുമെന്ന് അവൻ നമുക്ക് കാണിച്ചുതന്നു.

കരച്ചിലിൻറെ ആദ്ധ്യാത്മിക മാനം

അപ്പോൾ രോദനമെന്നത് ഒരു ആദ്ധ്യാത്മിക പ്രവർത്തിയായി മാറുന്നു. അത്, കരഞ്ഞുകൊണ്ട് ലോകത്തിലേക്ക് നാം വരുന്നതായ, നമ്മുടെ ജനനത്തിൻറെ ആദ്യ ചെയ്തി മാത്രമല്ല, ജീവനോടെയിരിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. വേദനിക്കുമ്പോൾ നാം നിലവിളിക്കുന്നു, മാത്രമല്ല, സ്നേഹിക്കുമ്പോഴും വിളിക്കുമ്പോഴും അപേക്ഷിക്കുമ്പോഴും ഒരുവൻ കരയുന്നു. കരയുക എന്നതിനർത്ഥം നമ്മൾ ഇവിടെയുണ്ടെന്നും നിശബ്ദതയിൽ അണഞ്ഞുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും നമുക്ക് ഇപ്പോഴും എന്തെങ്കിലും നല്കാനുണ്ടെന്നും പറയുകയാണ്.

സകലതും ഉള്ളിലടക്കിപ്പിടിക്കുകയെന്നത്  നമ്മെ സാവധാനം ദഹിപ്പിക്കുന്ന നിമിഷങ്ങൾ ജീവിത യാത്രയിൽ ഉണ്ട്. നിലവിളിയെ ഭയപ്പെടരുതെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ആ നിലവിളി  ആത്മാർത്ഥവും വിനയന്വിതവും പിതാവിനോടുള്ളതുമായിരിക്കണം എന്നു മാത്രം. സ്നേഹത്തിൽ നിന്നു ജന്മംകൊള്ളുന്നതായ ഒരു നിലവിളി ഒരിക്കലും ഉപയോഗശൂന്യമാകില്ല. ദൈവത്തിന് ഏൽപ്പിക്കപ്പെട്ടാൽ അത് ഒരിക്കലും അവഗണിക്കപ്പെടില്ല. ദോഷാനുദർശനസ്വഭാവത്തിൽ നിപതിക്കുന്നതു ഒഴിവാക്കാനും, മറ്റൊരു ലോകം സാധ്യമാണെന്ന വിശ്വാസത്തിൽ തുടരാനുമുള്ള ഒരു മാർഗ്ഗമാണിത്.

പ്രത്യാശയുടെ ഉറവിടമാകുന്ന സഹനത്തിൻറെ സ്വരം

പ്രിയ സഹോദരീ സഹോദരന്മാരേ, കർത്താവായ യേശുവിൽ നിന്നും നമുക്ക് ഇത് പഠിക്കാം: അങ്ങേയറ്റത്തെ പരീക്ഷണ സമയം വരുമ്പോൾ പ്രത്യാശയുടെ നിലവിളി നമുക്ക് പഠിക്കാം. വേദനിപ്പിക്കാനല്ല, വിശ്വസിക്കാൻ. ആരെയും ശകാരിക്കാനല്ല, നമ്മുടെ ഹൃദയം തുറക്കാൻ. നമ്മുടെ നിലവിളി സത്യമാണെങ്കിൽ, അത് ഒരു പുതിയ വെളിച്ചത്തിൻറെ, ഒരു പുതിയ ജനനത്തിൻറെ പടിവാതിൽ ആകും. യേശുവിന് എപ്രകാരമായിരുന്നുവോ അതുപോലെ: എല്ലാം അവസാനിച്ചുവെന്ന പ്രതീതിയുളവായ വേളയിൽ വാസ്തവത്തിൽ, രക്ഷ ആരംഭിക്കാൻ പോകുകയായിരുന്നു. ദൈവമക്കളുടെ വിശ്വാസത്തിലും സ്വാതന്ത്ര്യത്തിലും പ്രകടിപ്പിക്കപ്പെടുകയാണെങ്കിൽ, നമ്മുടെ മാനവികതയുടെ സഹന ശബ്ദത്തിന്, ക്രിസ്തുവിൻറെ സ്വരവുമായുള്ള ഐക്യത്തിൽ, നമുക്കും നമ്മുടെ ചാരത്തുള്ളവർക്കും പ്രത്യാശയുടെ ഉറവിടമായി മാറാൻ കഴിയും.

സമാപനാഭിവാദ്യം

 പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ അവസാനം അതിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

യുദ്ധം മൂലം ക്ലേശിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കുക

പോളണ്ടുഭാഷാക്കാരെ സംബോധന ചെയ്യവെ പാപ്പാ യുദ്ധത്തിനിരകളായ പോളണ്ടുകാരായ കുഞ്ഞുങ്ങളെ അനുസ്മരിക്കുന്ന ദേശീയദിനം ഈ ബുധനാഴ്ച ആചരിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിക്കുകയും യുദ്ധത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവരായ ഉക്രൈയിനിലെയും ഗാസയിലെയും ലോകത്തിൻറെ ഇതരഭാഗങ്ങളിലെയും കുഞ്ഞുങ്ങളെ പ്രാർത്ഥനയിലും മാനവികസംരഭങ്ങളിലും ഓർക്കാന അഭ്യർത്ഥിക്കുകയും ചെയ്തു. യാതനകളനുഭവിക്കുന്ന കുഞ്ഞുങ്ങളെ പാപ്പാ സമാധാനരാജ്ഞിയായ പരിശുദ്ധകന്യകാമറിയത്തിൻറെ സംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. അവർക്കെല്ലാവർക്കും പാപ്പാ തൻറെ പ്രാർത്ഥന ഉറപ്പേകി. യുവതയ്ക്ക് എന്നും ഉപരി പക്വമായ വിശ്വാസദാനവും രോഗികൾക്ക് കൂടുതൽ ശക്തമായ വിശ്വാസവും നവദമ്പതികൾക്ക് എന്നും കൂടുതൽ ആഴമേറിയ വിശ്വാസവും ലഭിക്കുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 സെപ്റ്റംബർ 2025, 11:56

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >