പാപ്പാ: വിശുദ്ധ ശനി, സ്വർഗ്ഗം ഭൂമിയെ ഏറ്റവും ആഴത്തിൽ സന്ദർശിക്കുന്ന ദിനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി ഈ ബുധനാഴ്ചയും (24/09/25). ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി പതിനായിരങ്ങൾ ചത്വരത്തിൽ എത്തിയിരുന്നു. പൊതുദർശനം അനുവദിക്കുന്നതിന് റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ഓടെ, പാപ്പാ, തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്ന തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.
“എന്തുകൊണ്ടെന്നാൽ, ക്രിസ്തുതന്നെയും പാപങ്ങൾക്കുവേണ്ടി ഒരിക്കൽ മരിച്ചു; അത് നീതിരഹിതർക്കുവേണ്ടിയുള്ള നീതിമാൻറെ മരണമായിരുന്നു. ശരീരത്തിൽ മരിച്ച് ആത്മാവിൽ ജീവൻ പ്രാപിച്ചുകൊണ്ട് നിങ്ങളെ ദൈവസന്നിധിയിൽ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്. ആത്മാവോടുകൂടെ ചെന്ന് അവൻ ബന്ധനസ്ഥ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു.” 1 പീറ്റർ 3,18-19
ഈ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ യേശുവിൻറെ പീഢാസഹനമരണോത്ഥാന സംഭവമടങ്ങിയ പെസഹായെ അവലംബമാക്കി തുടർന്നു. കഴിഞ്ഞയാഴ്ച വിശുദ്ധ ശനിയുടെ രഹസ്യത്തെക്കുറിച്ചു പങ്കുവച്ച ചിന്തകളുടെ തുടർച്ചയായിരുന്നു ഈ പ്രഭാഷണം. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ മലയാളവിവർത്തനം:
സകലവും നിശ്ചലവും നിശബ്ദവുമായ ദിനം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്നും നമ്മൾ വിശുദ്ധ ശനിയാഴ്ചയുടെ രഹസ്യത്തെക്കുറിച്ചാണ് മനനം ചെയ്യുക. സകലവും നിശ്ചലവും നിശബ്ദവുമായി തോന്നുന്ന പെസഹാ രഹസ്യത്തിൻറെ ദിവസമാണിത്, എന്നാൽ യഥാർത്ഥത്തിൽ ഒരു അദൃശ്യമായ പരിത്രാണകർമ്മം നടക്കുന്നു: അന്ധകാരത്തിലും മരണത്തിൻറെ നിഴലിലും ആയിരുന്ന എല്ലാവർക്കും പുനരുത്ഥാനത്തിൻറെ സന്ദേശം എത്തിക്കാൻ ക്രിസ്തു പാതാളത്തിലേക്ക് ഇറങ്ങുന്നു.
ദൈവത്തിന് നരകുലത്തോടുള്ള സ്നേഹത്തിൻറെ ആഴത്തിൻറെ ആവിഷ്കാരം
ആരാധനക്രമവും പാരമ്പര്യവും നമുക്ക് കൈമാറിയ ഈ സംഭവം, ദൈവത്തിന് നരകുലത്തോടുള്ള സ്നേഹത്തിൻറെ അഗാധതമവും മൗലികവുമായ പ്രവർത്തിയെ പ്രതിനിധാനം ചെയ്യുന്നു. വാസ്തവത്തിൽ, യേശു നമുക്കുവേണ്ടി മരിച്ചു എന്ന് പറയുകയോ വിശ്വസിക്കുകയോ ചെയ്താൽ മാത്രം പോരാ: അവൻറെ സ്നേഹത്തിന്റെ വിശ്വസ്തത നമ്മെ അന്വേഷിച്ചത് നാം നഷ്ടപ്പെട്ടിടത്താണെന്നും, അന്ധകാരത്തിൻറെ മണ്ഡലത്തെ തുളച്ചുകടന്നുപോകാൻ കഴിവുറ്റ ഒരു പ്രകാശത്തിൻറെ ശക്തിക്ക് മാത്രം സമ്മർദ്ദം ചെലുത്താൻ കഴിയുന്നിടത്താണെന്നും നാം തിരിച്ചറിയണം.
ബൈബിൾ സങ്കൽപ്പത്തിൽ, പാതാളം എന്നത് ഒരു ഇടം എന്നതിലുപരി ഒരു അസ്തിത്വ അവസ്ഥയാണ്: ജീവിതം ദുർബ്ബലപ്പെടുത്തപ്പെട്ടതും വേദന, ഏകാന്തത, കുറ്റബോധം, ദൈവത്തിൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള അകൽച്ച എന്നിവ വാഴുന്നതുമായ ഒരു അവസ്ഥ. ഇരുട്ടിൻറെ ഈ സാമ്രാജ്യത്തിൻറെ കവാടങ്ങൾ കടന്ന് ക്രിസ്തു ഈ ഗർത്തത്തിൽ പോലും നമ്മുടെ പക്കലെത്തുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ, മരണത്തിൻറെ തന്നെ ഭവനത്തെ ശൂന്യമാക്കാനും, അതിലെ നിവാസികളെ ഓരോരുത്തരെയായി കൈപിടിച്ച് മോചിപ്പിക്കാനും വേണ്ടി അതിൽ പ്രവേശിക്കുന്നു. നമ്മുടെ പാപത്തിന് മുന്നിൽ നിശ്ചലമാകാത്ത, മനുഷ്യൻറെ അത്യന്തമായ തിരസ്കരണത്തിനു മുന്നിൽ ഭയപ്പെടാത്ത ഒരു ദൈവത്തിൻറെ എളിമയാണിത്.
കൂരിരുളിൽ വെളിച്ചം പരത്താൻ എത്തുന്ന യേശു
നാം ശ്രവിച്ച തൻറെ ഒന്നാം ലേഖനത്തിലെ ഹ്രസ്വ ഭാഗത്തിൽ പത്രോസ് അപ്പോസ്തലൻ നമ്മോടു പറയുന്നത്, പരിശുദ്ധാത്മാവിൽ ജീവൻ പ്രാപിച്ച യേശു, "ബന്ധനസ്ഥരായ ആത്മാക്കൾക്കും" (1 പത്രോസ് 3:19) രക്ഷയുടെ സന്ദേശം എത്തിക്കാൻ പോയി എന്നാണ്. കാനോനിക സുവിശേഷങ്ങളിലല്ല (അധികൃത സുവിശേഷങ്ങൾ - മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവരുടെ സുവിശേഷങ്ങൾ), മറിച്ച് നിക്കോദേമോസിൻറെ സുവിശേഷം എന്നറിയപ്പെടുന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിലാണ് ഇതിൻറെ വിപുലീകരണം കാണുന്നത്. ഈ പാരമ്പര്യമനുസരിച്ച്, ദൈവപുത്രൻ തൻറെ സഹോദരീസഹോദരന്മാരിൽ ഏറ്റവും അവസാനത്തെയാളിൽപ്പോലും എത്തിച്ചേരാൻ, അവിടെ പോലും തൻറെ വെളിച്ചം എത്തിക്കാൻ ഏറ്റവും കൂരിരുട്ടിലേക്കുപ്രവേശിച്ചു. ഈ പ്രവർത്തിയിൽ ഉത്ഥാന സന്ദേശത്തിൻറെ സകല ശക്തിയും ആർദ്രതയും അടങ്ങിയിരിക്കുന്നു: മരണം ഒരിക്കലും അവസാന വാക്ക് അല്ല.
നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന അവരോഹണം
പ്രിയമുള്ളവരേ, ക്രിസ്തുവിൻറെ ഈ അവരോഹണം ഭൂതകാലത്തെ മാത്രം സംബന്ധിച്ചതല്ല, അത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ സ്പർശിക്കുന്നു. പാതാളം എന്നത് മൃതരുടെ മാത്രമല്ല, തിന്മയും പാപവും നിമിത്തം മരണം അനുഭവിക്കുന്നവരുടെയും അവസ്ഥയാണ്. ഏകാന്തത, ലജ്ജ, പരിത്യക്തത, ജീവിത പോരാട്ടം എന്നിവയുടെ ദൈനംദിന നരകം കൂടിയാണിത്. പിതാവിൻറെ സ്നേഹത്തിന് സാക്ഷ്യമേകാൻ ക്രിസ്തു ഈ ഇരുണ്ട യാഥാർത്ഥ്യങ്ങളിലെല്ലാം പ്രവേശിക്കുന്നു. വിധിക്കാനല്ല, മറിച്ച് മോചിപ്പിക്കാനാണത്. കുറ്റപ്പെടുത്താനല്ല, രക്ഷിക്കാനാണ്. ആശ്വാസവും സഹായവുമേകാൻ ആശുപത്രി മുറിയിൽ പ്രവേശിക്കുന്ന ഒരാളെപ്പോലെ, പാദാഗ്രമൂന്നി നിന്നുകൊണ്ട്, നിശബ്ദനായി, അവൻ അങ്ങനെ ചെയ്യുന്നു.
ക്രിസ്തുവും ആദവും
സഭാ പിതാക്കന്മാർ, അസാധാരണ സൗന്ദര്യത്തിൻറെ താളുകളിൽ, ഈ നിമിഷത്തെ ഒരു കൂടിക്കാഴ്ചയായി വിശേഷിപ്പിച്ചു: ക്രിസ്തുവും ആദവും തമ്മിലുള്ള സമാഗമം. ദൈവവും മനുഷ്യനും തമ്മിൽ സാദ്ധ്യമായ സകല കണ്ടുമുട്ടലുകളുടെയും പ്രതീകമായ ഒരു കൂടിക്കാഴ്ച. മനുഷ്യൻ ഭയന്ന് ഒളിച്ചിരിക്കുന്നിടത്തേക്ക് കർത്താവ് ഇറങ്ങിവരുന്നു, അവനെ പേര് ചൊല്ലി വിളിക്കുന്നു, അവനെ കൈപിടിച്ച് ഉയർത്തുന്നു, അവനെ വെളിച്ചത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. പൂർണ്ണ അധികാരത്തോടെ മാത്രമല്ല, താൻ സ്നേഹിക്കപ്പെടുന്നില്ലെന്ന് ഭയപ്പെടുന്ന ഒരു മകനോടു ഒരു പിതാവു ചെയ്യുന്നതു പോലെ, അപരിമേയ മാധുര്യത്തോടെയുമാണ് അവൻ അത് ചെയ്യുന്നത്.
പുനരുത്ഥാനത്തിൻറെ കിഴക്കൻ ചിത്രീകരണങ്ങളിൽ, ക്രിസ്തുവിനെ നരകവാതിലുകൾ തകർക്കുന്നവനായും കരങ്ങൾ നീട്ടി ആദാമിൻറെയും ഹവ്വായുടെയും കൈത്തണ്ടയിൽ പിടിച്ചിരിക്കുന്നവനായും അവതരിപ്പിച്ചിരിക്കുന്നു. അവൻ തന്നെത്തന്നെ രക്ഷിക്കുക മാത്രമല്ല, ജീവിതത്തിലേക്ക് തനിച്ചു മടങ്ങിവരുകയുമല്ല, മറിച്ച് നരകുലം മുഴുവനെയും തന്നോടൊപ്പം കൊണ്ടുവരുകയും ചെയ്യുന്നു. ഇതാണ് ഉത്ഥിതൻറെ യഥാർത്ഥ മഹത്വം: അത് സ്നേഹത്തിൻറെ ശക്തിയാണ്, നമ്മെക്കൂടാതെയല്ല മറിച്ച്, നമ്മളോടൊപ്പം മാത്രം രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ദൈവത്തിൻറെ ഐക്യദാർഢ്യമാണിത്. നമ്മുടെ ദുരിതങ്ങളെ സ്വീകരിക്കുകയും ഒരു പുതിയ ജീവിതത്തിനായി നമ്മെ വീണ്ടും എഴുന്നേല്പിക്കുകയും ചെയ്തില്ലെങ്കിൽ പുനരുത്ഥാനം ചെയ്യാത്ത ഒരു ദൈവം.
ഉത്ഥാനവെളിച്ചം സകലത്തെ സ്പർശിക്കുന്ന വേള
അപ്പോൾ, വിശുദ്ധ ശനി സ്വർഗ്ഗം ഭൂമിയെ ഏറ്റവും ആഴത്തിൽ സന്ദർശിക്കുന്ന ദിവസമാണ്. മാനവചരിത്രത്തിൻറെ ഓരോ കോണും ഉത്ഥാന വെളിച്ചത്താൽ സ്പർശിക്കപ്പെടുന്ന സമയമാണ്. ക്രിസ്തുവിന് അവിടം വരെ ഇറങ്ങാൻ കഴിയുമെങ്കിൽ, അവൻറെ വീണ്ടെടുപ്പിൽ നിന്ന് ഒന്നും ഒഴിവാക്കപ്പെടില്ല. നമ്മുടെ രാത്രികൾ പോലും, നമ്മുടെ ഏറ്റവും പഴയ പാപങ്ങൾ പോലും, നമ്മുടെ തകർന്ന ബന്ധങ്ങൾ പോലും. കരുണയാൽ സ്പർശിക്കപ്പെടാനാവാത്തവിധം തകർന്ന ഒരു ഭൂതകാലമില്ല, അത്രമാത്രം സമരസപ്പെട്ട ഒരു ചരിത്രവുമില്ല.
സ്നേഹത്തിൻറെ പൂർത്തീകരണം
പ്രിയ സഹോദരീ സഹോദരന്മാരേ, ദൈവത്തെ സംബന്ധിച്ചിടത്തോളം, താഴേക്ക് ഇറങ്ങുക എന്നത് ഒരു പരാജയമല്ല, പ്രത്യുത അവൻറെ സ്നേഹത്തിൻറെ പൂർത്തീകരണമാണ്. അത് ഒരു പരാജയമല്ല, മറിച്ച് ഒരു സ്ഥലവും വിദൂരസ്ഥമല്ല, ഒരു ഹൃദയവും അത്യധികം അടച്ചുപൂട്ടിയതല്ല, ഒരു ശവകുടീരവും തൻറെ സ്നേഹം കടക്കാത്തവിധം അടുച്ചുമുദ്രവച്ചിട്ടില്ല എന്ന അവൻ കാണിച്ചുതരുന്ന പാതയാണ്. ഇത് നമുക്ക് സാന്ത്വനമേകുന്നു, ഇത് നമ്മെ താങ്ങിനിർത്തുന്നു. ചിലപ്പോഴൊക്കെ നമ്മൾ അടിത്തട്ടിലേക്ക് വീഴുകയാണെന്ന് തോന്നുമ്പോൾ, നമുക്ക് ഓർക്കാം: അത് ഒരു പുതിയ സൃഷ്ടി ആരംഭിക്കാൻ ദൈവത്തിനു കഴിയുന്ന ഇടമാണ് എന്ന്. എഴുന്നേല്പിക്കപ്പെട്ട ആളുകളുടെയും, ക്ഷമിക്കപ്പെട്ട ഹൃദയങ്ങളുടെയും, തുടയ്ക്കപ്പെട്ട അശ്രുകണങ്ങളുടെയും സൃഷ്ടി. വിശുദ്ധ ശനി എന്നത് ക്രിസ്തു എല്ലാ സൃഷ്ടികളെയും തൻറെ പരിത്രാണ പദ്ധതിയിൽ പുനഃസംയോജിപ്പിക്കാൻ വേണ്ടി, പിതാവിന് മുന്നിൽ അവതരിപ്പിക്കുന്ന നിശബ്ദ ആലിംഗനമാണ്.
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
ജപമാല മാസം
പ്രിയ സഹോദരീസഹോദരന്മാരേ, ഇപ്പോൾ അടുത്തുവരുന്ന ഒക്ടോബർ മാസം സഭയിൽ ജപമാലയ്ക്ക് സവിശേഷമാംവിധം സമർപ്പിതമായിരിക്കുന്ന ഒക്ടോബർ മാസം ആസന്നമായിരിക്കുന്നത് അനുസ്മരിച്ച പാപ്പാ ആ മാസത്തിൽ എല്ലാ ദിവസവും വ്യക്തിപരമായും, കുടുംബങ്ങളിലും, സമൂഹങ്ങളിലും സമാധാനത്തിനായി ജപമാല ചൊല്ലാൻ എല്ലാവരെയും ക്ഷണിച്ചു. അതുപോലെ തന്നെ പാപ്പാ, എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമസ്കാരം ചൊല്ലാൻ വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന എല്ലാവരോടും ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, ഒക്ടോബർ 11-ന് ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക്, മരിയൻ ആത്മീയതയുടെ ജൂബിലിയുടെ ജാഗരണ വേളയിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ജപമാലപ്രാർത്ഥനയിൽ ഒന്നുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും തദ്ദവസരത്തിൽ രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ ഉദ്ഘാടന വാർഷികവും അനുസ്മരിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. യേശുവുമായുള്ള അവരുടെ സൗഹൃദം സന്തോഷത്തിൻറെ ഉറവിടവും എല്ലാ തീരുമാനങ്ങളുടെയും പ്രചോദനഹേതുവും കഷ്ടപ്പാടുകളുടെയും പരീക്ഷണങ്ങളുടെയും വേളകളിൽ ആശ്വാസവുമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. തുടർന്ന് കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
