പാപ്പാ: സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സാക്ഷികളാകുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു പാപ്പാ ജപമാലമാസമായ ഒക്ടോബറിലെ ആദ്യദിനത്തിൽ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി. ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി പതിനായിരങ്ങൾ ചത്വരത്തിൽ എത്തിയിരുന്നു ഈ ബുധനാഴ്ചയും (01/10/25). പൊതുദർശനം അനുവദിക്കുന്നതിന് റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ഓടെ, പാപ്പാ, തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്ന തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു.വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.
“ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകീട്ട് ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവൻ തൻറെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട് ശിഷ്യന്മാർ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.” യോഹന്നാൻ 20,19-23
ഈ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ യേശുവിൻറെ പീഢാസഹനമരണോത്ഥാന സംഭവമടങ്ങിയ പെസഹായെ അവലംബമാക്കി തുടർന്നു.
പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:
പരാജയാനന്തരം സ്നേഹത്തിൻറെ ഉയിർത്തെഴുന്നേല്പ്
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
നമ്മുടെ വിശ്വാസത്തിൻറെ കേന്ദ്രബിന്ദുവും നമ്മുടെ പ്രത്യാശയുടെ കാതലും ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ഈ രഹസ്യം, ഒരു മനുഷ്യൻ - ദൈവപുത്രൻ - മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതുകൊണ്ടു മാത്രമല്ല അവൻ അങ്ങനെ ചെയ്യാൻ തിരഞ്ഞെടുത്ത മാർഗ്ഗത്താലുമാണ് അതിശയിപ്പിക്കുന്നതാകുന്നതെന്ന് സുവിശേഷങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചാൽ നമുക്കു മനസ്സിലാകും. വാസ്തവത്തിൽ, യേശുവിൻറെ പുനരുത്ഥാനം കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വിജയമല്ല, അത് അവൻറെ ശത്രുക്കൾക്കെതിരായ പകപോക്കലല്ല, വൈരനിര്യതനമല്ല. തടഞ്ഞുനിറുത്താനാവാത്ത യാത്ര തുടരുന്നതിനുവേണ്ടി, ഒരു വൻ പരാജയത്തിന് ശേഷം വീണ്ടും എഴുന്നേൽക്കാൻ സ്നേഹത്തിന് എങ്ങനെ കഴിയുമെന്നതിൻറെ വിസ്മയകരമായ സാക്ഷ്യമാണത്.
മറ്റുള്ളവർ ഏല്പിച്ച ഒരു ആഘാതത്തിനുശേഷം നാം വീണ്ടും എഴുന്നേൽക്കുമ്പോൾ, പലപ്പോഴും നമ്മുടെ ആദ്യ പ്രതികരണം കോപമായിരിക്കും, നമ്മൾ അനുഭവിച്ചതിന് ആരോടെങ്കിലും പകരം വീട്ടാനുള്ള ആഗ്രഹമായിരിക്കും. എന്നാൽ ഉത്ഥിതൻറെ പ്രതികരണം ഇപ്രകാരമല്ല. മരണത്തിൻറെ ആഴങ്ങളിൽ നിന്ന് പുറത്തുവന്ന യേശു പകരംവീട്ടുന്നില്ല. അവൻ ശക്തിപ്രകടനങ്ങളുമായിട്ടല്ല തിരിച്ചുവരുന്നത്, പ്രത്യുത, അവൻ ഏതൊരു മുറിവിനേക്കാളും വലുതും ഏതൊരു വഞ്ചനയെക്കാളും ശക്തവുമായ ഒരു സ്നേഹത്തിൻറെ സന്തോഷം സൗമ്യതയോടെ പ്രകടിപ്പിക്കുന്നു.
ഉത്ഥിതൻ ശിഷ്യന്മാരുടെ മുന്നിൽ സമാധാനാശംസയുമായി
ഉയിർത്തെഴുന്നേറ്റവന് തൻറെ ശ്രേഷ്ഠത ആവർത്തിച്ചുറപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യേണ്ട ഒരു ആവശ്യവും അനുഭവപ്പെടുന്നില്ല. അവൻ തൻറെ സുഹൃത്തുക്കൾക്ക് - ശിഷ്യന്മാർക്ക് - പ്രത്യക്ഷപ്പെടുന്നു, ഉൾക്കൊള്ളാൻ അവർക്കു വേണ്ടതായ സമയത്തിനുമേൽ സമ്മർദ്ദമേല്പിക്കാതെ, അങ്ങേയറ്റം വിവേകത്തോടെയാണ് അങ്ങനെ ചെയ്യുന്നത്. കുറ്റബോധത്തെ മറികടക്കാൻ അവരെ സഹായിച്ചുകൊണ്ട് അവരുമായി വീണ്ടും കൂട്ടായ്മയിലാകുക എന്നതാണ് അവൻറെ ഏക ആഗ്രഹം. മുകളിലെ മുറിയിൽ നമുക്ക് ഇത് വളരെ വ്യക്തമായി കാണാം, അവിടെ ഭയത്താൽ കതകടച്ചിരുന്ന തൻറെ സുഹൃത്തുക്കൾക്ക് കർത്താവ് പ്രത്യക്ഷപ്പെടുന്നു. അസാധാരണമായ ശക്തി ആവിഷ്കൃതമാകുന്ന ഒരു നിമിഷമാണിത്: മരണത്തിൻറെ ഗർത്തങ്ങളിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാൻ അവിടേക്കിറങ്ങിയ ശേഷം യേശു, ആരും പ്രത്യാശിക്കാൻ ധൈര്യപ്പെടാതിരുന്ന സമാധാനം എന്ന സമ്മാനവുമായി, തളർന്നവരുടെ അടച്ചിട്ട മുറിയിലേക്ക് പ്രവേശിക്കുന്നു.
അവൻറെ ആശംസ ലളിതമാണ്, ഏതാണ്ട് സാധാരണ രീതിയിലുള്ളതാണ്: "നിങ്ങൾക്ക് സമാധാനം!" (യോഹന്നാൻ 20:19). എന്നാൽ മനസ്സിനെ സ്പർശിക്കും വിധം വളരെ മനോഹരമായ ഒരു ചെയ്തി അതിനെ അകമ്പടിസേവിക്കുന്നു: യേശു തൻറെ പീഡാനുഭവത്തിൻറെ അടയാളങ്ങളുള്ള തൻറെ കൈകളും പാർശ്വും ശിഷ്യന്മാരെ കാണിക്കുന്നു. ആ നാടകീയമായ മണിക്കൂറുകളിൽ തന്നെ നിഷേധിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത വ്യക്തിയുടെ മുന്നിൽ തൻറെ മുറിവുകൾ കാണിക്കുന്നത് എന്തിന്? എന്തുകൊണ്ട് വേദനയുടെ ആ അടയാളങ്ങൾ മറച്ചുവെയ്ക്കുകയും ലജ്ജാകരമായ മുറിവ് വീണ്ടും തുറക്കുന്നത് ഒഴിവാക്കുകയും ചെയ്തില്ല?
ക്രിസ്തു ശിഷ്യരുടെ സന്തോഷം
എന്നിരുന്നാലും, കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ സന്തോഷിച്ചുവെന്ന് സുവിശേഷം പറയുന്നു (യോഹന്നാൻ 20:20 കാണുക). കാരണം ആഴമേറിയതാണ്: യേശു ഇപ്പോൾ താൻ അനുഭവിച്ച എല്ലാ കാര്യങ്ങളോടും പൂർണ്ണമായും അനുരഞ്ജനപ്പെട്ടിരിക്കുന്നു. നീരസത്തിൻറെ ഒരു നിഴൽ പോലും ഇല്ല. മുറിവുകൾ നിന്ദിക്കാനല്ല, മറിച്ച് ഏതൊരു അവിശ്വസ്തതയേക്കാളും ശക്തമായ ഒരു സ്നേഹത്തെ അരക്കിട്ടുറപ്പിക്കാനാണ്. നമ്മുടെ പരാജയ നിമിഷത്തിൽ, ദൈവം പിന്മാറിയില്ല എന്നതിൻറെ തെളിവാണ് അവ. അവൻ നമ്മെ കൈവിട്ടില്ല.
അങ്ങനെ, കർത്താവ് തന്നെത്തന്നെ അനാവൃതനും അശരണനുമായി കാണിക്കുന്നു. അവൻ അവകാശവാദമുന്നയിക്കുന്നില്ല, അവൻ മോചനദ്രവ്യം ആവശ്യപ്പെടുന്നില്ല. അവൻറേത് അവമതിക്കാത്ത സ്നേഹമാണ്; സ്നേഹത്തെപ്രതി യാതനയനുഭവിക്കുകയും അത് ഫലപ്രദമായി എന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയുകയും ചെയ്യുന്ന ഒരാളുടെ സമാധാനമാണ് അത്.
ബലഹീനതകൾ, മുറിവുകൾ മറച്ചുവയ്ക്കുന്നവർ നമ്മൾ
മറുവശത്ത്, നാം പലപ്പോഴും നമ്മുടെ മുറിവുകൾ അഹങ്കാരത്താലോ ദുർബ്ബലരായി കാണപ്പെടുമെന്ന ഭയത്താലോ മറച്ചുവയ്ക്കുന്നു. "അത് സാരമില്ല", "എല്ലാം കഴിഞ്ഞു" എന്ന് നാം പറയുന്നു, എന്നാൽ നമ്മെ മുറിവേൽപ്പിച്ച വിശ്വാസവഞ്ചനകൾ മൂലം നമുക്ക് യഥാർത്ഥത്തിൽ സമാധാനമില്ല. നാം ദുർബ്ബലരായി കാണപ്പെടാതിരിക്കുന്നതിനും കൂടുതൽ യാതനകളനുഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും വേണ്ടി ക്ഷമിക്കാനുള്ള നമ്മുടെ ബുദ്ധിമുട്ട് മറയ്ക്കാൻ ചിലപ്പോഴൊക്കെ നാം ഇഷ്ടപ്പെടുന്നു. യേശു അങ്ങനെയല്ല. ക്ഷമയുടെ ഉറപ്പായി അവൻ തൻറെ മുറിവുകൾ നൽകുന്നു. പുനരുത്ഥാനം ഭൂതകാലത്തെ മായിച്ചുകളയലല്ല, മറിച്ച് കരുണയുടെ പ്രത്യാശയിലേക്കുള്ള അതിൻറെ രൂപാന്തരീകരണമാണെന്ന് അവൻ കാണിച്ചു തരുന്നു.
അനുരഞ്ജനത്തിൻറെ ഉപകരണങ്ങളാകുക
കർത്താവ് ആവർത്തിക്കുന്നു: "നിങ്ങൾക്ക് സമാധാനം!". അവൻ കൂട്ടിച്ചേർക്കുന്നു: "പിതാവ് എന്നെ അയച്ചതുപോലെ, ഞാനും നിങ്ങളെ അയയ്ക്കുന്നു" (യോഹന്നാൻ 20,21). ഈ വാക്കുകളിലൂടെ, അവൻ അപ്പോസ്തലന്മാരെ ഒരു ദൗത്യം ഏല്പിക്കുന്നു, ഒരു അധികാരം എന്ന നിലയിലല്ല ഒരു ചുമതല എന്ന തരത്തിലാണ്: ലോകത്തിൽ അനുരഞ്ജനത്തിൻറെ ഉപകരണങ്ങളാകുക. "പരാജയവും മാപ്പും അനുഭവിച്ചറിഞ്ഞ നിങ്ങൾക്കല്ലാതെ ആർക്കാണ് പിതാവിൻറെ കരുണാമയമായ മുഖം പ്രഘോഷിക്കാൻ കഴിയുക?" എന്ന് പറയുന്നതുപോലെയാണത്.
ആത്മാവിൻറെ പ്രവർത്തനം
യേശു അവരുടെമേൽ നിശ്വസിക്കുകയും അവർക്ക് പരിശുദ്ധാത്മാവിനെ നൽകുകയും ചെയ്യുന്നു (യോഹന്നാൻ 20,22). കുരിശുവരെ പോലും പിതാവിനോടുള്ള വിധേയത്വത്തിലും സ്നേഹത്തിലും അവനെ താങ്ങിനിർത്തിയത് അതേ ആത്മാവാണ്. ആ നിമിഷം മുതൽ, അപ്പോസ്തലന്മാർക്ക് അവർ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് മൗനം പാലിക്കാൻ കഴിയില്ല: ദൈവം ക്ഷമിക്കുന്നു, ഉയർത്തുന്നു, വിശ്വാസം വീണ്ടും നല്കുന്നു.
സഭയുടെ ദൗത്യത്തിൻറെ കാതൽ
ഇതാണ് സഭയുടെ ദൗത്യത്തിൻറെ സത്ത: മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കുകയല്ല, മറിച്ച് അർഹതയില്ലാതിരുന്നപ്പോൾ സ്നേഹിക്കപ്പെട്ടവരുടെ സന്തോഷം സംവേദനം ചെയ്യുകയാണ്. ക്രിസ്തീയ സമൂഹത്തിന് ജന്മമേകുകയും അതിനെ വളർത്തുകയും ചെയ്ത ശക്തിയാണത്: മറ്റുള്ളവർക്ക് ജീവനേകുന്നതിനു വേണ്ടി ജീവനിലേക്കു തിരികെപ്രവേശിക്കുന്നതിൻറെ മനോഹാരിത കണ്ടെത്തിയ സ്ത്രീപുരുഷന്മാർ.
നാമും അയയ്ക്കപ്പെട്ടവർ
പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മളും അയയ്ക്കപ്പെട്ടവരാണ്. കർത്താവ് തൻറെ മുറിവുകൾ നമുക്കും കാണിച്ചുതരുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: നിങ്ങൾക്ക് സമാധാനം. കരുണയാൽ സൗഖ്യമാക്കപ്പെട്ട നിങ്ങളുടെ മുറിവുകൾ കാണിക്കാൻ നിങ്ങൾ ഭയപ്പെടരുത്. ഭയത്തിലോ കുറ്റബോധത്തിലോ അടഞ്ഞുകിടക്കുന്നവർക്ക് സമീപസ്ഥരാകാൻ പേടിക്കേണ്ട. ആത്മാവിൻറെ നിശ്വാസം നമ്മെയും ഈ സമാധാനത്തിൻറെയും ഏതൊരു പരാജയത്തേക്കാളും ശക്തമായ ഈ സ്നേഹത്തിൻറെയും സാക്ഷികളാക്കട്ടെ,
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
തമിഴ് ഭാഷാക്കാരോട്
തമിഴ് ഭാഷാക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും ആംഗലഭാഷയിൽ അഭിവാദ്യം ചെയ്ത പാപ്പാ നാം ജപമാല മാസം ആരംഭിക്കുന്നത് അനുസ്മരിക്കുകയും വിശ്വശാന്തിക്കായി അനുദിനം കൊന്തനമസ്കാരം ചൊല്ലാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.ദൈനംദിന ജീവിതത്തിൽ അനുരഞ്ജനത്തിൻറെ വിശ്വസ്ത ഉപകരണങ്ങളായിരിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൻറെ സമാധാനം എല്ലാവർക്കും ആശംസിച്ചു.
മഡഗാസ്കർ അക്രമസംഭവങ്ങളിൽ പാപ്പാ ദുഃഖം അറിയിക്കുന്നു
മഡഗാസ്കറിൽ നിയമപാലകരും യുവ പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ സംഘർഷങ്ങളിൽ നിരവധിപ്പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പാപ്പാ തൻറെ വേദന അറിയിച്ചു. എല്ലാത്തരം അക്രമങ്ങളും എല്ലായ്പ്പോഴും ഒഴിവാക്കപ്പെടുന്നതിനും നീതിയും പൊതുനന്മയും സംവർദ്ധകമാക്കികൊണ്ട് സാമൂഹിക ഐക്യത്തിനായുള്ള നിരന്തരമായ അന്വേഷണം പരിപോഷിപ്പിക്കാനും കർത്താവിനോട് പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
സമാപനാഭിവാദ്യം
പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. സഭാപാരംഗതയും പ്രേഷിതപ്രവർത്തനത്തിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥയുമായ ഉണ്ണിയേശുവിൻറെ വിശുദ്ധ ത്ര്യേസ്യയുടെ തിരുന്നാൾ ഒക്ടോബർ 1-ന് ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. സകലയിടത്തും സുവിശേഷാത്മക ആനന്ദസാക്ഷ്യം ഏകിക്കൊണ്ട് ജീവിതയാത്രയിൽ യേശുവിനെ പിൻചെല്ലാൻ അവളുടെ മാതൃക പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടർന്ന് കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
