പാപ്പാ: മതസൗഹൃദത്തിൻറെയും സഹകരണത്തിൻറെയും അരൂപി വരും തലമുറയ്ക്ക് കൈമാറുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പാ, വത്തിക്കാനിൽ, അനുവദിച്ച പ്രതിവാര പൊതുദർശനത്തിൻറെ വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു ഈ ബുധനാഴ്ചയും (29/10/25). ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി പതിനായിരക്കണക്കിനാളുകൾ ചത്വരത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പൊതുദർശനം അനുവദിക്കുന്നതിന് റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15-ഓടെ, പാപ്പാ, തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്ന തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദി ലക്ഷ്യമാക്കി നീങ്ങിയ പാപ്പാ അവിടെ എത്തിയതിനെ തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി ത്രിത്വസ്തുതിയോടെ പൊതുദർശനപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.
“യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലേമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. എന്തെന്നാൽ രക്ഷ യഹൂദരിൽ നിന്നാണ്. എന്നാൽ യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾത്തന്നെയാണ്. യഥാർത്ഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” .യോഹന്നാൻ 4,21-24
ഈ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. രണ്ടാം വത്തിക്കാൻസൂനഹദോസ് 1965 ഒക്ടോബർ 28-ന് പുറപ്പെടുവിച്ച, അക്രൈസ്തവ മതങ്ങളെ സംബന്ധിച്ച പ്രഖ്യാപനമായ “നോസ്ത്ര എത്താത്തെ”യുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പാപ്പാ മതാന്തരസംഭാഷണം വിചിന്തനവിഷയമാക്കി. ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ. പാപ്പാ ഇപ്രകാരം പറഞ്ഞു:
ആത്മാവിലും സത്യത്തിലുമുള്ള ആരാധന
വിശ്വാസ തീർത്ഥാടകരും ഭിന്ന മത പാരമ്പര്യങ്ങളുടെ പ്രതിനിധികളുമായ പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം സ്വാഗതം!
“ദൈവം ആത്മാവാണ്. അവിടത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്”, (യോന്നാൻ 4,24), യേശു സമറിയക്കാരി സ്ത്രീയോടു പറഞ്ഞ ഈ വാക്കുകൾ മതാന്തര സംവാദത്തിന് സമർപ്പിതമായിരിക്കുന്ന ഈ പൊതുദർശന വിചിന്തനത്തിൻറെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സുവിശേഷത്തിൽ, ഈ കൂടിക്കാഴ്ച യഥാർത്ഥ മതാത്മക സംഭാഷണത്തിൻറെ സത്ത വെളിപ്പെടുത്തുന്നു: ആത്മാർത്ഥതയോടും ശ്രദ്ധയോടുംകൂടിയ ശ്രവണത്തിലൂടെയും പരസ്പര പരിപോഷണത്തിലൂടെയും ആളുകൾ അന്യോന്യം സ്വയം തുറക്കുമ്പോൾ സംസ്ഥാപിതമാകുന്ന പരസ്പര വിനിമയം ആണത്. ഒരു ദാഹത്തിൽ നിന്ന് ജന്മംകൊണ്ട ഒരു സംഭാഷണമാണിത്: അതായത്, മാനവ ഹൃദയത്തിനായുള്ള ദൈവത്തിൻറെ ദാഹവും ദൈവത്തിനായുള്ള മനുഷ്യൻറെ ദാഹവും. സിക്കാറിലെ കിണറിൽ, യേശു സംസ്കാരത്തിൻറെയും ലിംഗഭേദത്തിൻറെയും മതത്തിൻറെയും പ്രതിബന്ധങ്ങളെ മറികടക്കുന്നു. ആരാധനയെക്കുറിച്ചുള്ള ഒരു പുതിയ ധാരണയിലേക്ക് അവിടന്ന് സമറിയക്കാരിയായ ആ സ്ത്രീയെ ക്ഷണിക്കുന്നു, അത് ഒരു പ്രത്യേക സ്ഥലത്ത് മാത്രം ഒതുങ്ങുന്നില്ല - അത് "ഈ മലയിലോ ജറുസലേമിലോ ഒതുങ്ങതല്ല" – മറിച്ച് അത് ആത്മാവിലും സത്യത്തിലുമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഈ നിമിഷം മതാന്തര സംവാദത്തിൻറെ കാതലായി പരിണമിക്കുന്നു: സകല സീമകളെയും ഉല്ലംഘിക്കുന്ന ദൈവത്തിൻറെ സാന്നിധ്യം കണ്ടെത്തലും ഭക്തിയോടെയും വിനയത്തോടെയും അവനെ അന്വേഷിക്കാനുള്ള ക്ഷണവും.
"നോസ്ത്ര എത്താത്തെ"യുടെ അറുപതാം വാർഷികം
അറുപത് വർഷങ്ങൾക്ക് മുമ്പ്, 1965 ഒക്ടോബർ 28 ന്, രണ്ടാം വത്തിക്കാൻ സൂനഹദോസ്, നോസ്ത്ര എത്താത്തെ എന്ന പ്രഖ്യാപനം വഴി, കൂടിക്കാഴ്ചയുടെയും ആദരവിൻറെയും ആത്മീയ ആതിഥ്യത്തിൻറെയും ഒരു പുതിയ ചക്രവാളം തുറന്നു. മറ്റ് മതാനുയായികളെ അപരിചിതരായിട്ടല്ല, പ്രത്യുത, സത്യത്തിൻറെ പാതയിൽ കൂട്ടാളികൾ എന്ന നിലയിൽ അവരുമായി കൂടിക്കാഴ്ചനടത്താനും നമ്മുടെ പൊതു മാനവികതയെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വ്യത്യാസങ്ങളെ ആദരിക്കാനും സർവ്വ സൃഷ്ടികളെയും ഉൾക്കൊള്ളുന്ന ഏക ദിവ്യരഹസ്യത്തിൻറെ പ്രതിഫലനം സകല ആത്മാർത്ഥ മതാത്മക അന്വേഷണത്തിലും തിരിച്ചറിയാനും തിളക്കമാർന്ന ഈ രേഖ നമ്മെ പഠിപ്പിക്കുന്നു.
യഹൂദവിരുദ്ധതയ്ക്കെതിരെ
നോസ്ത്ര എത്താത്തെയുടെ പ്രഥമ ശ്രദ്ധ പ്രത്യേകിച്ച്, ജൂത ലോകത്തേക്കായിരുന്നുവെന്നത് നാം മറക്കരുത്, ആദ്യബന്ധം അതുവഴി പുനഃസ്ഥാപിക്കാൻ വിശുദ്ധ യോഹന്നാൻ ഇരുപത്തിമൂന്നാമൻ ശ്രമിച്ചു. അങ്ങനെ സഭാ ചരിത്രത്തിൽ ആദ്യമായി, ക്രിസ്തുമതത്തിൻറെ ജൂത വേരുകളെക്കുറിച്ചുള്ള ഒരു സൈദ്ധാന്തിക രേഖ രൂപംകൊള്ളുകയായിയിരുന്നു, അത് ബൈബിൾപരവും ദൈവശാസ്ത്രപരവുമായ തലത്തിൽ തിരിച്ചുവരവില്ലാത്ത ഒരു നിർണ്ണായകബിന്ദുവിനെ പ്രതിനിധീകരിക്കുന്നു. "പുതിയനിയമജനം അബ്രഹാമിൻറെ വംശപരമ്പരയുമായി ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തിൻറെ രക്ഷാകരപദ്ധതിക്കു യോജിച്ച വിധത്തിൽ തൻറെ വിശ്വാസവും തിരിഞ്ഞെടുപ്പും പൂർവ്വപിതാക്കന്മാരോടും മോശയോടും പ്രവാചകന്മാരോടും ബന്ധപ്പെട്ടാണ് മുളയെടുത്തതെന്ന്, വാസ്തവത്തിൽ, ക്രിസ്തുവിൻറെ സഭ തിരിച്ചറിയുന്നു" (നോസ്ത്ര എത്താത്തെ, 4). അങ്ങനെ, "യഹൂദരുമായി താൻ പങ്കിടുന്ന പൈതൃകത്തെക്കുറിച്ച് ഓർമ്മിക്കുകയും, രാഷ്ട്രീയ പ്രേരണയാലല്ല, മറിച്ച്, മതാത്മകമായ സുവിശേഷ സ്നേഹത്താൽ നയിക്കപ്പെടുകയും ചെയ്തുകൊണ്ട് സഭ, എവിടെയും ആരിൽ നിന്നും യഹൂദർക്കെതിരെയുള്ള വിദ്വേഷം, പീഡനം, എന്നിവയുൾപ്പടെയുള്ള യഹൂദവിരുദ്ധതയുടെ എല്ലാ പ്രകടനങ്ങളെയും അപലപിക്കുന്നു" (ibid.). അതിനുശേഷമുള്ള, എൻറെ മുൻഗാമികളെല്ലാം യഹൂദവിരുദ്ധതയെ വ്യക്തമായ വാക്കുകളിൽ അപലപിച്ചിട്ടുണ്ട്. അതിനാൽ, സഭ യഹൂദവിരുദ്ധത വച്ചുപൊറുപ്പിക്കില്ലെന്നും സുവിശേഷത്തെ പ്രതി അതിനെതിരെ പോരാടുന്നുവെന്നും ഞാനും സ്ഥിരീകരിക്കുന്നു.
കത്തോലിക്കാ-യഹൂദ സംഭാഷണ പുരോഗതി
ഈ ആറ് പതിറ്റാണ്ടുകളിൽ യഹൂദ-കത്തോലിക്ക സംഭാഷണത്തിൽ നേടിയ എല്ലാ കാര്യങ്ങളെയും ഇന്ന് നമുക്ക് നന്ദിയോടെ കാണാൻ കഴിയും. ഇത് മനുഷ്യ പ്രയത്നം ഒന്നുകൊണ്ടു മാത്രമല്ല, ക്രിസ്തീയ ബോദ്ധ്യമനുസരിച്ച് സംഭാഷണം തന്നെയായ നമ്മുടെ ദൈവത്തിൻറെ സഹായത്താലുമാണ് സാധ്യമായത്. ഈ കാലഘട്ടത്തിൽ തെറ്റിദ്ധാരണകളും, ബുദ്ധിമുട്ടുകളും, സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് നമുക്ക് നിഷേധിക്കാനാവില്ല, പക്ഷേ അവ ഒരിക്കലും സംഭാഷണത്തിൻറെ തുടർച്ചയ്ക്ക് വിഘാതം സൃഷ്ടിച്ചില്ല. ഇന്നും, രാഷ്ട്രീയ സാഹചര്യങ്ങളും ചിലർകാണിക്കുന്ന അനീതികളും നമ്മെ സൗഹൃദത്തിൽ നിന്ന് വ്യതിചലിപ്പിക്കാൻ അനുവദിക്കരുത്, എന്തെന്നാൽ, സർവ്വോപരി, നമ്മൾ ഇതുവരെ വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
സ്നേഹം സംഭാഷണത്തിൻറെ അടിസ്ഥാനം
നോസ്ത്ര എത്താത്തെയുടെ ചൈതന്യം സഭയുടെ പാതയിൽ വെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. "സർവ്വ മനുഷ്യരെയും പ്രകാശിപ്പിക്കുന്നതായ ആ സത്യത്തിൻറെ ഒരു കിരണം" (നോസ്ത്ര എത്താത്തെ 2) പ്രതിഫലിപ്പിക്കാനും മാനവാസ്തിത്വത്തിൻറെ മഹാരഹസ്യങ്ങൾക്ക് ഉത്തരം തേടാനും എല്ലാ മതങ്ങൾക്കും കഴിയുമെന്ന് സഭ തിരിച്ചറിയുന്നു, അങ്ങനെ സംഭാഷണം ബൗദ്ധികം മാത്രമല്ല, അഗാധമാംവിധം ആത്മീയവുമായിരിക്കണം. മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായവിശ്വാസികളുമടങ്ങുന്ന എല്ലാ കത്തോലിക്കരെയും മറ്റ് മതാനുയായികളുമായി ആത്മാർത്ഥമായി സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടാനും, അവരുടെ പാരമ്പര്യങ്ങളിലുള്ള നല്ലതും സത്യവും വിശുദ്ധവുമായ എല്ലാം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും പ്രഖ്യാപനം ക്ഷണിക്കുന്നു (cf. ibid.). മാനവ ചലനാത്മകതയുടെ ഫലമായി, നമ്മുടെ ആത്മീയവും മതപരവുമായ വൈവിധ്യം കൂടിക്കാഴ്ച നടത്താനും സാഹോദര്യത്തോടെ സഹവർത്തിക്കാനും വിളിക്കപ്പെടുന്ന ലോകത്തിലെ തീർത്തും എല്ലാ നഗരങ്ങളിലും ഇന്ന് ഇത് ആവശ്യമായിരിക്കുന്നു. സമാധാനത്തിൻറെയും നീതിയുടെയും അനുരഞ്ജനത്തിൻറെയും ഏക അടിത്തറയായ സ്നേഹത്തിലാണ് യഥാർത്ഥ സംഭാഷണം വേരൂന്നിയിരിക്കുന്നതെന്ന് നോസ്ത്ര എത്താത്തെ നമ്മെ ഓർമ്മിപ്പിക്കുന്നു, അതേസമയം ഏതെങ്കിലും തരത്തിലുള്ള വിവേചനത്തെയും പീഡനത്തെയും, ഓരോ മനുഷ്യവ്യക്തിയുടെയും തുല്യ ഔന്നത്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് (നോസ്ത്ര എത്താത്തെ 5 കാണുക), ശക്തമായി തള്ളിക്കളയുകയും ചെയ്യുന്നു.
ഒരുമിച്ചു പ്രവർത്തിക്കുക
ആകയാൽ, പ്രിയ സഹോദരീ സഹോദരന്മാരേ, നോസ്ത്ര എത്താത്തെ അറുപത് വർഷം പിന്നിടുമ്പോൾ, നമുക്ക് സ്വയം ചോദിക്കാം: നമുക്ക് ഒരുമിച്ച് എന്തുചെയ്യാൻ കഴിയും? ഉത്തരം ലളിതമാണ്: നമുക്ക് ഒത്തോരുമിച്ച് പ്രവർത്തിക്കാം. നമ്മുടെ ലോകത്തിന് നമ്മുടെ ഐക്യം, സൗഹൃദം, സഹകരണം എന്നിവ എക്കാലത്തേക്കാളും ആവശ്യമാണ്. മാനവസഹനങ്ങൾ ലഘൂകരിക്കുന്നതിനും നമ്മുടെ പൊതുഭവനമായ നമ്മുടെ ഭൂമിയെ പരിപാലിക്കുന്നതിനും നമ്മുടെ ഓരോ മതത്തിനും സംഭാവന നൽകാൻ കഴിയും. നമ്മുടെ അതാത് പാരമ്പര്യങ്ങൾ സത്യം, കാരുണ്യം, അനുരഞ്ജനം, നീതി, സമാധാനം എന്നിവ പഠിപ്പിക്കുന്നു. എല്ലായ്‌പ്പോഴും മനുഷ്യരാശിക്കുള്ള നമ്മുടെ സേവനം നാം വീണ്ടും സ്ഥിരീകരിക്കണം. ദൈവത്തിൻറെ നാമം, മതം, സംഭാഷണം എന്നിവ ദുരുപയോഗം ചെയ്യുന്നതിനെതിരെയും മതമൗലികവാദവും തീവ്രവാദവും ഉയർത്തുന്ന അപകടങ്ങൾക്കെതിരെയും നാം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം. നിർമ്മിതബുദ്ധിയുടെ ഉത്തരവാദിത്വപരമായ വികസനത്തിനായി നാം പരിശ്രമിക്കണം, കാരണം, മനുഷ്യനു ബദലായി കരുതപ്പെട്ടാൽ, അത് അനന്തമായ മാനവാന്തസ്സിനെ ഗുരുതരമായി ധ്വംസിക്കുകയും മൗലിക ഉത്തരവാദിത്വങ്ങളെ നിർവീര്യമാക്കുകയും ചെയ്യും. സാങ്കേതികവിദ്യയുടെ മാനവീകരണത്തിനും അതുവഴി അതിൻറെ നിയന്ത്രണത്തിന് പ്രചോദനമേകുന്നതിനും അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും നമ്മുടെ പാരമ്പര്യങ്ങൾ വലിയ സംഭാവനയേകാൻ പ്രാപ്തങ്ങളാണ്.
സമാധാനം മാനവഹൃദയത്തിൽ നിന്നു നിർഗ്ഗമിക്കുന്നു
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, മാനവ ഹൃദയത്തിൽ നിന്നാണ് സമാധാനം ആരംഭിക്കുന്നതെന്ന് നമ്മുടെ മതങ്ങൾ പഠിപ്പിക്കുന്നു. ഈ അർത്ഥത്തിൽ, മതത്തിന് ഒരു മൗലിക പങ്ക് വഹിക്കാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിതങ്ങളിലും, കുടുംബങ്ങളിലും, അയൽപക്കങ്ങളിലും, വിദ്യാലയങ്ങളിലും, ഗ്രാമങ്ങളിലും, രാജ്യങ്ങളിലും, ലോകത്തിലും പ്രത്യാശ പുനഃസ്ഥാപിക്കണം. ഈ പ്രതീക്ഷ നമ്മുടെ മതപരമായ ബോധ്യങ്ങളിലും, ഒരു പുതിയ ലോകം സാധ്യമാണെന്ന വിശ്വാസത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്.
വരുംതലമുറയ്ക്ക് കൈമാറേണ്ട സൗഹൃദാരൂപി
നോസ്ത്ര എത്താത്തെ, അറുപത് വർഷങ്ങൾക്ക് മുമ്പ്, രണ്ടാം ലോകമഹായുദ്ധാനന്തര ലോകത്തിന് പ്രത്യാശ പ്രദാനം ചെയ്തു. ഇന്ന്, യുദ്ധത്താൽ തകർന്നിരിക്കുന്ന നമ്മുടെ ലോകത്തിലും, നമ്മുടെ സ്വാഭാവികമായ പരിസ്ഥിതി നശിപ്പിക്കപ്പെടുന്ന അവസ്ഥയിലും ആ പ്രത്യാശ പുനഃസ്ഥാപിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം, കാരണം നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ എല്ലാം സാധ്യമാകും. ഒന്നും നമ്മെ ഭിന്നിപ്പിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാം. നിങ്ങളുടെ സാന്നിധ്യത്തിനും നിങ്ങളുടെ സൗഹൃദത്തിനും, ഈ ചൈതന്യത്തിൽ, ഒരിക്കൽ കൂടി എൻറെ നന്ദി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൗഹൃദത്തിൻറെയും സഹകരണത്തിൻറെയും ഈ അരൂപി നമുക്ക് വരുംതലമുറയ്ക്കും കൈമാറാം, കാരണം അതാണ് സംഭാഷണത്തിൻറെ യഥാർത്ഥ തൂണ്. ഇപ്പോൾ, നമുക്ക് ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കാം: നമ്മുടെ മനോഭാവങ്ങളെയും ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും പരിവർത്തനം ചെയ്യാനുള്ള ശക്തി പ്രാർത്ഥനയ്ക്ക്ണ്ട്.
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
മെലീസ ചുഴലിക്കാറ്റു ദുരന്തബാധിതർക്കായി പ്രാർത്ഥന
മെലീസ ചുഴിലക്കാറ്റ് ജമൈക്കയിൽ അതിശക്തമായ ജലപ്രളയത്തിനു കാരണമാകുകയും വൻനാശനഷ്ടങ്ങൾ വിതയക്കുകയും ചെയ്തതും ഇപ്പോൾ അത് വൻ ശക്തിയോടെ ക്യൂബയിലൂടെ കടന്നുപോകുന്നതും പാപ്പാ അനുസ്മരിച്ചു. ഈ ചുഴലിക്കാറ്റുദുരിതബാധിതരുടെ ചാരെ താനുണ്ടെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ അറിയിക്കുകയും ചെയ്തു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് ഇറ്റാലിയൻ ഭാഷാക്കാരെ സംബോധനചെയ്യവെ പാപ്പാ സമൂഹത്തിൻറെ എല്ലാ മേഖലകളിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതിന് എല്ലാവരും എപ്പോഴും അവൻറെ സ്നേഹത്തിൽ വളരട്ടെയെന്ന് ആശംസിച്ചു. രോഗികളെയും, നവദമ്പതികളെയും, യുവജനത്തെയും, അഭിവാദ്യം ചെയ്ത പാപ്പാ, ഒക്ടോബർ 28-ന് ചൊവ്വാഴ്ച ശിമയോൻ, യൂദാ തദ്ദേവൂസ് എന്നീ വിശുദ്ധരുടെ തിരുന്നാൾ ആചരിക്കപ്പെട്ടത് അനുസ്മരിച്ചു. അവരുടെ മാതൃക പരീക്ഷണത്തിൻറെതയാ യാത്രയിൽ യേശുവിനെ അനുഗമിക്കാൻ രോഗികൾക്ക് പ്രചോദനവും ദൈവവുമായും സഹദരങ്ങളുമായുമുള്ള സ്നേഹരപൂർണ്ണമായ കൂടിക്കാഴ്ചയുടെ വേദിയാക്കി കുടുംബത്തെ മാറ്റാൻ നവദമ്പതികൾക്ക് സഹായവും ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ നിലനില്ക്കാൻ യുവതയ്ക്ക് താങ്ങും ആയിരിക്കട്ടെയെന്ന് പപ്പാ ആശംസിച്ചു. തുടർന്ന് കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
