സമർപ്പിതർ ദൈവത്തെക്കുറിച്ചുള്ള വിശ്വസനീയസാക്ഷ്യം നൽകി ജീവിക്കാൻ വിളിക്കപ്പെട്ടവർ: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദൈവത്തിന് സാക്ഷ്യം നൽകിക്കൊണ്ട്, ഉത്തരവാദിത്വപൂർവ്വം ജീവിക്കാൻ സമർപ്പിതരെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 8, 9 തീയതികളിലായി സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുകൾക്കും അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടി വത്തിക്കാനിലും റോമിന്റെ വിവിധയിടങ്ങളിലും നടന്നുവരുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശുദ്ധ ബലിയർപ്പിച്ച വേളയിൽ നടത്തിയ പ്രഭാഷണത്തിലൂടെയാണ് സമർപ്പിതർക്കുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
ഒരു ശിശുവിനെപ്പോലെ ദൈവപിതാവിന്റെ കരങ്ങളിൽ തങ്ങളെത്തന്നെ ഭരമേൽപ്പിച്ച്, ലോകത്ത് പ്രവാചകതുല്യമായ സാക്ഷ്യം നൽകിക്കൊണ്ട് ജീവിക്കാനാണ് നിങ്ങൾ നടത്തിയിട്ടുള്ള വിവിധ വ്രതവാഗ്ദാനങ്ങളിലൂടെ നിങ്ങൾ സ്വയം സമർപ്പിച്ചതെന്ന് ഓർക്കണമെന്ന് പാപ്പാ പറഞ്ഞു.
ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറക്കപ്പെടും എന്ന സുവിശേഷവചനത്തെ അധികരിച്ചായിരുന്നു പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്. നമ്മുടെ ദാരിദ്ര്യം തിരിച്ചറിഞ്ഞ് നമ്മുടെ ആവശ്യങ്ങളിൽ പിതാവിലേക്ക് തിരിയാനും, അനുസരണത്തോടെ പിതാവിലേക്ക് നമ്മെത്തന്നെ തുറന്ന്, ദൈവഹിതമനുസരിച്ച് വിശുദ്ധിയുടെ പാതയിൽ നടക്കാനും, കൃപകൾ തേടാനും, മറ്റുള്ളവർക്ക് നമ്മുടെ കഴിവുകൾ പങ്കുവയ്ക്കാനും നമുക്ക് സാധിക്കണമെന്ന് , അഗസ്റ്റീനിയന് സമർപ്പിതസമൂഹാംഗം കൂടിയായ പാപ്പാ ഓർമ്മിപ്പിച്ചു.
നിത്യതയുടെ ചക്രവാളങ്ങൾ ലക്ഷ്യമാക്കി മുന്നോട്ട് പോകാനും, വരാനിരിക്കുന്ന കാലത്തെ നന്മകളെക്കുറിച്ച് സാക്ഷ്യം നൽകിക്കൊണ്ട് ജീവിക്കാനും, സമർപ്പിതർക്കുള്ള ഉത്തരവാദിത്വം പാപ്പാ എടുത്തുപറഞ്ഞു. ദൈവം തങ്ങളുടെ ജീവിതത്തിൽ നൽകിയ അനുഗ്രഹങ്ങൾ തിരിച്ചറിയുവാനും, അവയെക്കുറിച്ച് നന്ദിയുള്ളവരായി ജീവിക്കുവാനും പാപ്പാ സമർപ്പിതരെ ആഹ്വാനം ചെയ്തു.
ഏതാണ്ട് മുപ്പത്തിനായിരത്തിൽപ്പരം സമർപ്പിതരുൾപ്പെടെയുള്ള തീർത്ഥാടകരാണ് വിശുദ്ധ ബലിയിൽ പങ്കെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
