തിരയുക

മത്സ്യബന്ധനം നടത്തുന്നവർ മത്സ്യബന്ധനം നടത്തുന്നവർ 

“കടൽമേഖലയിലെ അജപാലന”ത്തിനായി പുതിയ സ്ഥാപനം രൂപീകരിച്ച് ലിയോ പതിനാലാമൻ പാപ്പാ

കടലുമായി ബന്ധപ്പെട്ട മേഖലകളിലെ അജപാലനകാര്യങ്ങൾ ക്രോഡീകരിക്കുന്നതിനായി, "കടലിലെ അജപാലനപ്രവർത്തനം" എന്ന പേരിൽ, ലിയോ പതിനാലാമൻ പാപ്പാ പുതിയൊരു വിഭാഗം നവംബർ 13-ന് സ്ഥാപിച്ചു. കാനോനിക നിയമപ്രകാരമുള്ള വ്യക്തിത്വമുള്ളതും സമഗ്ര മാനവികവികസനത്തിന് വേണ്ടിയുള്ള ഡികാസ്റ്ററിയുടെ ഭാഗവുമായ ഈ സംഘടനയുടെ നിയമസംഹിതയും പാപ്പാ അംഗീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കടലും പുഴകളും തടാകങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ആളുകൾക്കും ആരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള അജപാലനസേവനം ഉറപ്പുവരുത്താനും ക്രോഡീകരിക്കാനും വേണ്ടി, "കടലിലെ അജപാലനപ്രവർത്തനം" (Opus Apostolatus Maris) എന്ന പേരിൽ, ലിയോ പതിനാലാമൻ പാപ്പാ പുതിയൊരു പ്രസ്ഥാനം നവംബർ പതിമൂന്നാം തീയതി രൂപീകരിച്ചു. ഏറെക്കാലമായി, നാവികർ, മത്സ്യബന്ധനമേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും സഭ നൽകിവന്നിരുന്ന അജപാലനസേവനത്തിന്റെ തുടർച്ചയായാണ് പുതിയ ഈ ഘടന പാപ്പാ സ്ഥാപിച്ചത്.

കടൽമേഖലയിലുള്ള അജപാലനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഉത്സാഹപൂർവ്വം തുടരുകയെന്ന തീവ്രമായ ആഗ്രഹത്തിൽനിന്നാണ്, ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുന്നതെന്ന് പാപ്പാ തന്റെ കൈയ്യൊപ്പിട്ട ഈ രേഖയിൽ പറയുന്നു.

തങ്ങളുടെ തൊഴിലിന്റെയും ജീവിതത്തിന്റെയും ഭാഗമായി, സാധാരണ അജപാലനസേവനം നേടാൻ സാധിക്കാത്ത ആളുകൾക്ക് വേണ്ടി സഭ നടത്തുന്ന പ്രത്യേക സേവനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളെ പരിശുദ്ധ പിതാവ്, താൻ ഒപ്പിട്ട രേഖയിൽ അനുസ്മരിക്കുന്നുണ്ട്. പത്താം പിയൂസ് പാപ്പായുടെ യാം പ്രിദെം (Iam pridem 1914) എന്ന മോത്തു പ്രൊപ്രിയോ (motu proprio), രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കൂടി വെളിച്ചത്തിൽ കുടിയേറ്റക്കാരുടെയും യാത്രികരുടെയും ആദ്ധ്യാത്മികകാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കമ്മീഷൻ തയ്യാറാക്കിയ അപ്പൊസ്തൊലാത്തൂസ് മാരിസ് (Apostolatus Maris 1977 സെപ്റ്റംബർ 24) എന്ന ഡിക്രി, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തയ്യാറാക്കിയ സ്റ്റെല്ല മാരിസ് ( Stella Maris 1997 ജനുവരി 31) എന്ന മോത്തു പ്രൊപ്രിയോ തുടങ്ങിയവ ഇവയിൽ ചിലതാണ്.

2022 മുതൽ നിരവധി മെത്രാന്മാരുടെയും സംഘടനകളുടെയും സഹകരണത്തോടെ നടന്നുവന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണമായാണ് "കടലിലെ അജപാലനപ്രവർത്തനം" എന്ന ഈ ഘടന സ്ഥാപിക്കപ്പെടുന്നത്. സമഗ്രമാനവികവികസനത്തിനുവേണ്ടിയുള്ള ഡികാസ്റ്ററിയുടെ ഭാഗമായ ഈ ഘടനയ്ക്ക് കാനോനിക നിയമപ്രകാരമുള്ള നൈയാമിക വ്യക്തിത്വവും ലഭിച്ചിട്ടുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 നവംബർ 2025, 14:19