വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറയും മോന്തേഫാൽക്കോ അഗസ്റ്റീനിയൻ ആശ്രമവും സന്ദർശിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിലെ പ്രാദേശികസഭാനേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി അസ്സീസിയിലെത്തിയ ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറയും മോന്തേഫാൽക്കോ അഗസ്റ്റീനിയൻ ആശ്രമവും സന്ദർശിച്ചു. നവംബർ 20 വ്യാഴാഴ്ച രാവിലെ അസ്സീസിയിലെത്തിയ പാപ്പാ, സാന്ത മരിയ ദെല്ലി ആഞ്ചെലി എന്ന ബസലിക്ക ദേവാലയത്തിലെത്തുന്നതിന് മുൻപായി അതിനടുത്തുള്ള വിശുദ്ധ ഫ്രാൻസിസിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. സാഹോദര്യത്തിനും സമാധാനത്തിനും പ്രാധാന്യമുള്ള ഇക്കാലത്ത്, ഇറ്റലിയുടെ ആദ്ധ്യാത്മിക രക്ഷാധികാരി കൂടിയായ അസ്സീസിയിലെ വിശുദ്ധന്റെ കല്ലറയിൽ, എല്ലാവരുടെയും സമാധാനത്തിനായാണ് താൻ പ്രാർത്ഥിച്ചതെന്ന് പാപ്പാ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അസ്സീസി നഗരത്തെ ഉൾക്കൊള്ളുന്ന ഉംബ്രിയ പ്രദേശത്തുള്ള എല്ലാ വിശ്വാസികൾക്കും വേണ്ടിയും താൻ പ്രാർത്ഥിച്ചുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
വിശുദ്ധ ഫ്രാൻസിസിന്റെ കല്ലറയിൽനിന്ന് സാന്ത മരിയ ദെല്ലി ആഞ്ചെലി എന്ന ബസലിക്ക ദേവാലയത്തിലെത്തിയ പരിശുദ്ധ പിതാവ്, ക്രിസ്തുകേന്ദ്രീകൃതമായ ഒരു സഭയായി പ്രവർത്തിക്കാൻ രാജ്യത്തെ പ്രാദേശികസഭാ നേതൃത്വത്തെ ആഹ്വാനം ചെയ്തു. ക്രിസ്തു നമുക്ക് നൽകുന്ന സമാധാനം ലോകത്തിന് പകരേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ അനുസ്മരിച്ചു. അജപാലനവുമായി ബന്ധപ്പെട്ട് കുടുംബങ്ങളോടും, മുതിർന്നവരോടും പാവപ്പെട്ടവരോടും ചേർന്ന് നിൽക്കാനും, ജനങ്ങൾക്കിടയിലുള്ള ഒരു സഭയായി തുടരാനും പാപ്പാ മെത്രാൻസമിതിയെ ആഹ്വാനം ചെയ്‌തു.
പാപ്പാ മോന്തേഫാൽക്കോ അഗസ്റ്റീനിയൻ ആശ്രമത്തിൽ
മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹെലികോപ്റ്ററിൽ മോന്തേഫാൽക്കോയിലെ വിശുദ്ധ ക്ലാരയുടെ പേരിലുള്ള അഗസ്റ്റീനിയൻ ആശ്രമത്തിലെത്തിയ പാപ്പാ, അവിടെ വിശുദ്ധ ബലിയർപ്പിക്കുകയും, അവിടെയുള്ള അഗസ്റ്റീനിയൻ ധ്യാനാത്മകസഭാ സമർപ്പിതകൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
1290 മുതൽ വിശുദ്ധ അഗസ്റ്റിന്റെ നിയമാവലി അനുസരിച്ച് തുടരുന്നതും, വിശുദ്ധ ക്ലാരയുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നതുമായ ഈ ആശ്രമത്തിൽ നിലവിൽ പതിമൂന്ന് സന്ന്യാസിനിമാരാണുള്ളത്. 1308-ൽ മരണമടഞ്ഞ ക്ലാരയെ 1881-ൽ ലിയോ പതിമൂന്നാമൻ പാപ്പായാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.
മോന്തേഫാൽക്കോയിലെത്തിയ പാപ്പാ, വിശുദ്ധ ക്ലാരയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയം സന്ദർശിച്ചു. സന്ന്യാസിനിമാരുമൊത്തുള്ള സംഭാഷണത്തിൽ, അഗസ്റ്റീനിയൻ വിളി, പ്രാർത്ഥനയുടെ പ്രാധാന്യം, സഭയിലെ സിനഡാത്മകജീവിതാനുഭവം തുടങ്ങിയ വിഷയങ്ങൾ ചർച്ചാവിഷയങ്ങളായി.
ക്രിസ്‌തുവുമൊത്തുള്ള ജീവിതം മനോഹരമാണെന്നാണ് വിശുദ്ധ ക്ലാര കാണിച്ചുതന്നതെന്നും, അതാണ് പരിശുദ്ധ പിതാവുമൊത്തുള്ള സമയത്തെന്നപോലെ, പ്രാർത്ഥനയിലൂടെയും സഹോദര്യത്തിലൂടെയും തങ്ങൾ പങ്കുവയ്ക്കാൻ പരിശ്രമിക്കുന്നതെന്നും ആശ്രമം സുപ്പീരിയർ സി. മരിയ ക്രിസ്റ്റീന വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. പരിശുദ്ധപിതാവിന്റെ സാന്നിദ്ധ്യം "ആയുധരഹിതവും നിരായുധീകരിക്കുന്നതും സമാധാനം പകരുന്നതുമാണെന്ന് സിസ്റ്റർ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
