തിരയുക

ലിയോ പതിനാലാമൻ പാപ്പാ നവ വധൂവരന്മാരെ ആശീർവദിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ നവ വധൂവരന്മാരെ ആശീർവദിക്കുന്നു  (ANSA)

ധ്യാനാത്മക സന്ന്യസ്തസഹോദരങ്ങളോടുള്ള ഐക്യദാർഢ്യത്തിന് ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ

നവംബർ 19 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ, ഈ മാസത്തിൽ നടക്കാനിരിക്കുന്ന "പ്രാർത്ഥിക്കുന്നവർക്കായുള്ള" ദിനം, ആഗോള മത്സ്യബന്ധനദിനം, ക്രിസ്തുരാജന്റെ തിരുനാൾ, അടുത്ത വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന കുട്ടികൾക്കായുള്ള ദിനം, തുടങ്ങിയ പ്രധാനപ്പെട്ട ചില ആഘോഷങ്ങളെക്കുറിച്ച് പാപ്പാ പരാമർശിച്ചു. ധ്യാനാത്മകസമർപ്പിതസമൂഹങ്ങൾക്ക് പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ധ്യാനാത്മക സമർപ്പിതസമൂഹങ്ങളിലെ (contemplative) സന്ന്യസ്തർക്ക് സഭാസമൂഹത്തിന്റെ പിന്തുണയും സഹായവും ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. നവംബർ 19 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനത്തിൽ, വ്യത്യസ്ത ഭാഷകളിൽ ആളുകളെ അഭിസംബോധന ചെയ്ത വേളയിലാണ്, ഇത്തരം സമൂഹങ്ങളിലെ സമർപ്പിതരോട് വേണ്ട മൂർത്തമായ ഐക്യത്തിന്റെയും, അവർക്ക് നൽകേണ്ട സഹായത്തിന്റെയും ആവശ്യം പാപ്പാ എടുത്തുപറഞ്ഞത്.

ധ്യാനാത്മക സന്ന്യാസികളുടെയും സന്ന്യാസിനികളുടെയും സമർപ്പിതസേവനം പകരം വയ്ക്കാനില്ലാത്തതാണെന്ന് വിശേഷിപ്പിച്ച പാപ്പാ, അവരുടെ അതിജീവനവും, ഫലദായകവും നിശബ്ദവുമായ അവരുടെ സേവനവും തുടരുന്നുവെന്ന് ഉറപ്പാക്കാനായി സമൂർത്തമായ സഹായം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ചു.

മറ്റ് ആഘോഷങ്ങളും അഭിവാദ്യങ്ങളും

നവംബർ 21 വെള്ളിയാഴ്ച ആചരിക്കപ്പെടുന്ന “ആഗോള മത്സ്യബന്ധനദിന”ത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, കടലിന്റെ നക്ഷത്രമായ മറിയം, മത്സ്യബന്ധനം നടത്തുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കട്ടെയെന്ന് ആശംസിച്ചു.

യുവജനങ്ങളെയും, രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ, ആരാധനാക്രമപ്രകാരം, സാധാരണ കാലത്തിലെ അവസാന ഞായറായ നവംബർ 23-ന് ക്രിസ്തുരാജന്റെ തിരുനാൾ ആചരിക്കപ്പെടുന്നത് പ്രത്യേകം പരാമർശിച്ചു. തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി യേശുവിനെ പ്രതിഷ്ഠിക്കാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. തന്റെ കുരിശിനെ രാജകീയമായ ഇരിപ്പിടമാക്കിയ ക്രിസ്തു, അവനോടൊത്ത് ജീവിക്കുന്ന സഹനത്തിന്റെ രക്ഷാകരമൂല്യം തിരിച്ചറിയാൻ നിങ്ങളെ സഹായിക്കട്ടെയെന്ന് പാപ്പാ രോഗികളോട് പറഞ്ഞു. യേശുവിനെ തങ്ങളുടെ വിവാഹജീവിതത്തിന്റെ കേന്ദ്രമാക്കി സൂക്ഷിക്കാൻ നവവധൂവരന്മാരോട് പാപ്പാ ആവശ്യപ്പെട്ടു.

2026 സെപ്റ്റംബർ 25 മുതൽ 27 വരെ തീയതികളിൽ കുട്ടികളുടെ ദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് സംസാരിച്ച പാപ്പാ, അവരെ കണ്ടുമുട്ടുന്നതിലുള്ള സന്തോഷം വ്യക്തമാക്കി.

ജൂബിലി വർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയിൽ "ക്രിസ്തുവിന്റെ തിരുവുത്ഥാനവും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളും" എന്ന പ്രമേയത്തിൽ, "പെസഹാ ആത്മീയതയും സമഗ്ര പാരിസ്ഥിതികശാസ്‌ത്രവും" എന്ന വിഷയവുമായി ബന്ധപ്പെടുത്തിയായിരുന്നു പാപ്പാ ഈ ബുധനാഴ്ചയിലെ തന്റെ പ്രഭാഷണം നടത്തിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 നവംബർ 2025, 14:34