തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

സകല വിശുദ്ധരുടെയും തിരുനാൾ മാനവികതയുടെ അന്തിമലക്ഷ്യത്തെ അനുസ്മരിപ്പിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

സകല വിശുദ്ധരുമായുള്ള ഐക്യം കൂടുതൽ ആഴത്തിൽ ജീവിക്കുന്ന നവംബർ ഒന്നിലെ തിരുനാൾ ദിനം, മാനവികതയുടെ അന്തിമലക്ഷ്യത്തെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കുകയും, വിദ്യാഭ്യാസലോകത്തിന്റെ ജൂബിലി ആഘോഷങ്ങൾ നടത്തുകയും ചെയ്ത നവംബർ ഒന്നാം തീയതി നയിച്ച മധ്യാഹ്നപ്രാർത്ഥനാവേളയിലാണ് ഈ തിരുനാൾദിനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്ന നവംബർ ഒന്നാം തീയതി, വിശുദ്ധരുമായുള്ള ഐക്യം നാം ഏറെ ആഴത്തിൽ ജീവിക്കുമ്പോൾ, മാനവികതയുടെ അന്തിമലക്ഷ്യം എന്താണെന്നാണ് ഈ തിരുനാൾ നമ്മോട് പറയുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കുകയും, വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങൾ നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി, സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തീയതി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അൻപതിനായിരത്തിലധികം വരുന്ന വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടന്ന വിശുദ്ധ ബലിയർപ്പണത്തിന്റെ അവസാനഭാഗത്ത്, ത്രികാലപ്രാർത്ഥന നയിച്ച വേളയിലാണ് വിശുദ്ധരുടെ തിരുനാളിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവിന്റെ മുഖത്തോട് സാദൃശ്യമുള്ളവയും എന്നാൽ വ്യത്യസ്തങ്ങളുമായ വിവിധ മുഖങ്ങളെ കണ്ട്, ഒരുമിച്ച് ദൈവസ്നേഹത്തിൽ ആനന്ദിക്കുന്ന ഒരു വലിയ ആഘോഷദിനമാണ് നവംബർ ഒന്നെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന സത്യത്തിന്റെ മുന്നാസ്വാദനമാണ് നാം ഈ തിരുനാളിൽ അനുഭവിക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

അനീതിയാലും യുദ്ധങ്ങളാലും മാനവികകുടുംബം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന വേദനകളുടെ അനുഭവങ്ങൾ, വരാനിരിക്കുന്ന വിശുദ്ധിയുടെ അനുഭവത്തിന് മുന്നിൽ വൈരുദ്ധ്യാത്മകമായി നിൽക്കുന്നുണ്ടെന്ന് പാപ്പാ അപലപിച്ചു. ഇത്തരം അനുഭവങ്ങൾക്ക് മുന്നിൽ, സാഹോദര്യത്തിന്റെ സൃഷ്ടാക്കളാകാൻ നമുക്കുള്ള കടമ കൂടുതൽ വ്യക്തമാകുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തന്റെ പ്രഭാഷണത്തിന്റെ ആരംഭത്തിൽ, വിശുദ്ധ ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെ സഭയിൽനിന്നും വന്ന ഔദ്യോഗികസംഘത്തെ പ്രത്യേകമായി അഭിവാദ്യം ചെയ്ത പാപ്പാ, പൂർണ്ണമായ ഐക്യത്തിലേക്കുള്ള ക്രൈസ്തവരുടെ യാത്രയെ വിശുദ്ധൻ തുണയ്ക്കട്ടെയെന്ന് ആശംസിച്ചിരുന്നു. ആംഗ്ലിക്കൻ സഭംഗമായിരുന്ന വിശുദ്ധൻ പിന്നീട് കത്തോലിക്കാസഭയിൽ അംഗമാവുകയായിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 നവംബർ 2025, 13:27