തിരയുക

സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തീയതി, വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗതനായി ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ചപ്പോൾ സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തീയതി, വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗതനായി ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ചപ്പോൾ  (ANSA)

വിശുദ്ധ ന്യൂമാൻ വേദപാരംഗതൻ: സ്‌കൂളുകൾ സമാധാന - സംവാദ സംസ്കാരം മുന്നോട്ടുവയ്ക്കണമെന്ന് പാപ്പാ

സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തീയതി, വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ വേദപാരംഗതനായി ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ചു. "വിദ്യാഭ്യാസലോകത്തിന്റെ" ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ ചത്വരത്തിൽ വച്ച് അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ സംസാരിക്കവെ,, സ്‌കൂളുകളെ സംവാദത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരത്തിലേക്കുള്ള ഒരു കവാടമാക്കി മാറ്റാൻ പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ (John Henry Newman (1801-1890) വേദപാരംഗതനായി (Doctor of the Church) പ്രഖ്യാപിച്ചു. സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നാം തീയതി വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലുള്ള ചത്വരത്തിൽ അർപ്പിച്ച വിശുദ്ധ ബലിമധ്യേ, ഇംഗ്ലണ്ടിലെ സഭയിൽനിന്നുള്ള പ്രതിനിധി സംഘമുൾപ്പെടെയുള്ള അൻപതിനായിരത്തിലധികം ആളുകളുടെ സാന്നിദ്ധ്യത്തിലാണ് പാപ്പാ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വിദ്യാഭ്യാസലോകത്തിന്റെ ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണവേളയിൽ നടത്തിയ പ്രഭാഷണത്തിൽ, സ്‌കൂളുകൾ സംവാദത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.

സകലവിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ ന്യൂമാനെ വേദപാരംഗതരുടെ പട്ടികയിൽ ചേർക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, വിശുദ്ധ തോമസ് അക്വിനാസിനൊപ്പം അദ്ദേഹത്തെ വിദ്യാഭ്യാസമേഖലയിലുള്ളവരുടെ സഹമദ്ധ്യസ്ഥനായും പ്രഖ്യാപിച്ചു. സാംസ്‌കാരിക-അദ്ധ്യാത്മികമേഖലകളിൽ ഉയർന്ന ഒരു വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ന്യൂമാന്റേത് എന്നും, അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറകൾക്ക് പ്രചോദനമേകുന്നതാണെന്നും പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.

"നിത്യമാം പ്രകാശമേ" (Lead, kindly light) എന്നാരംഭിക്കുന്ന വിശുദ്ധ ന്യൂമാന്റെ വിഖ്യാതമായ പ്രാർത്ഥനാഗാനം പരാമർശിച്ചുകൊണ്ട്, ഭയത്തിന്റെയും അശുഭാപ്തിവിശ്വാസത്തിന്റെയും നിഴലിൽനിന്ന് സ്വാതന്ത്രരാക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിരാശയിലേക്ക് നയിക്കുന്ന ചിന്തകളെ ഉപേക്ഷിച്ച്, ലോകത്തെങ്ങും പ്രത്യാശ പരത്താൻ വിദ്യാഭ്യാസലോകത്തുള്ളവരുൾപ്പെടെ ഏവരോടും പാപ്പാ ആവശ്യപ്പെട്ടു.

ക്രൈസ്തവമായ അർത്ഥത്തിൽ വിദ്യാഭ്യാസം ഏവരെയും വിശുദ്ധിയിലേക്കുള്ള പാതയിൽ സഹായിക്കേണ്ട ഒന്നാണെന്ന്, ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച അവസരത്തിൽ, "നിങ്ങൾ വിശുദ്ധരാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന്", ബെനഡിക്ട് പതിനാറാമൻ പാപ്പാ യുവജനങ്ങളോട് പറഞ്ഞത് പരാമർശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമുള്ള ഒരു വിളിയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

2010 സെപ്റ്റംബർ 19-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാനെ, 2019 ഒക്ടോബർ 13-ന് ഫ്രാൻസിസ് പാപ്പായാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഒരു ദൈവ-തത്വ ശാസ്ത്രജ്ഞനായിരുന്ന വിശുദ്ധൻ ആംഗ്ലിക്കൻ സഭയിൽ പുരോഹിതനായിരുന്ന സമയത്തുതന്നെ കത്തോലിക്കാസഭയുടെ പല നയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുകയും, പിന്നീട് കത്തോലിക്കാസഭയിൽ ചേരുകയുമായിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 നവംബർ 2025, 13:31